2015ല്‍ ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് പലായനും ചെയ്യുകയും ഐഎസിന്റെ പതനത്തിന് ശേഷം നിലവില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയും ചെയ്യുന്ന ജിഹാദി വിധവയും 19 കാരിയുമായ ബ്രിട്ടീഷുകാരി ഷമീമ ബീഗത്തിന്റെ 18 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ ഐഎസ് ഭീകരനില്‍ ഷമീമയ്ക്ക് ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരിക്കുകയാണ്.
അടുത്ത കാലത്ത് ബ്രിട്ടനിലേക്ക് തിരിച്ച് വരാനും തന്റെ കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്താനും ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ഐഎസില്‍ ചേരാന്‍ പോയതിന്റെ പേരില്‍ സമീപകാലത്ത് ഷമീമയുടെ പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദ് ചെയ്തിരുന്നു. അതിനാല്‍ ഈ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഹോം സെക്രട്ടറി സാജിദ് ജാവിദാണെന്ന് ആരോപിച്ച് ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സിറിയന്‍ അഭയാര്‍ത്ഥിക്യാമ്പിലെ നരകസമാനമായ ജീവിതം മൂലം ശ്വാസകോശത്തിന് ഇന്‍ഫെക്ഷന്‍ ബാധിച്ച് കടുത്ത രീതിയില്‍ ശ്വാസം മുട്ടി ശരീരം മുഴുവന്‍ നീലനിറമായിട്ടാണ് ജെറാ എന്ന പേരുള്ള കുഞ്ഞ് മരിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച കുട്ടി മരിക്കുകയായിരുന്നു. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക് യുദ്ധസര്‍വസൈന്യാധിപതിയുടെ പേര് നല്‍കിയ ഈ കുട്ടി സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തന്നെയായിരുന്നു ജനിച്ചിരുന്നത്. 2015ല്‍ ലണ്ടനിലെ ബെത്‌നാല്‍ ഗ്രീനിലെ വീട്ടില്‍ നിന്നും തന്റെ രണ്ട് സുഹൃത്തുകള്‍ക്കൊപ്പമായിരുന്നു ഷമീമ സിറിയയിലേക്ക് നാട് വിട്ടിരുന്നത്.
തുടര്‍ന്ന് ജിഹാദി ഭീകരനെ വിവാഹം കഴിച്ചായിരുന്നു ഈ പെണ്‍കുട്ടി ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. ഐഎസ് തുടച്ച് നീക്കപ്പെട്ടതോടെ ഷമീമ അഭയാര്‍ത്ഥി ക്യാമ്ബിലെത്തുകയും ചെയ്തു. ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ നേരിട്ട് കണ്ടിട്ടും അതില്‍ ചേരാന്‍ പോയതില്‍ താന്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ലെന്ന ഷമീമയുടെ നിലപാട് കടുത്ത വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരുന്നത്. ഇത്തരത്തിലുള്ള ഒരാളെ ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ അനുവദിക്കരുതെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഹോം സെക്രട്ടറി ഷമീമയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി ബ്രിട്ടനിലേക്ക് വരുന്നതിന് തടയിട്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഷമീമയുടെ കുഞ്ഞ് മരിച്ചിരിക്കുന്നതിന് ഉത്തരവാദി ഹോം സെക്രട്ടറി സാജിദ് ജാവിദാണെന്ന് ആരോപിച്ച് ലേബറിന്റെ ഷാഡോ ഹോം സെക്രട്ടറി ഡയാനെ അബോട്ട് രംഗത്തെത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കി ജാവിദ് ഈ യുവതിയെ സ്റ്റേറ്റ്‌ലെസാക്കി മാറ്റിയതാണെന്നും അത് ഇന്റര്‍നാഷണല്‍ നിയമത്തിന് എതിരാണെന്നും അതിലൂടെ നിഷ്‌കളങ്കനായ ഒരു കുഞ്ഞ് മരിച്ചിരിക്കുന്നുവെന്നും അബോട്ട് ആരോപിക്കുന്നു.
കുട്ടി മരിച്ചിരിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത ലഭിച്ചുവെന്ന് ഷമീമയുടെ കുടുംബ ലോയറായ ടാസ്മിനെ അകുന്‍ജീ ട്വീറ്റ് ചെയ്തിരുന്നു. കുഞ്ഞ് മരിച്ചത് വ്യാജവാര്‍ത്തയാണെന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നുമാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ വക്താവായ മുസ്തഫ ബാലി പ്രതികരിച്ചിരിക്കുന്നത്. കുട്ടി മരിച്ച വാര്‍ത്ത് ശരിയാണോയെന്ന് തനിക്കറിയില്ലെന്നും യുദ്ധ മേഖലയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം നിഷ്‌കളങ്കരാണെന്നുമാണ് ഹോം സെക്രട്ടറി ജാവിദ് പ്രതികരിച്ചിരിക്കുന്നത്.