കൊച്ചി: ആര്‍ത്തിരമ്പിയ ജനസമുദ്രം ഒരു നിമിഷത്തേയ്ക്ക് നിശ്ചലമായി…..ചിലര്‍ പൊട്ടികരഞ്ഞു…സങ്കടം ള്ളിലൊതുക്കി ചിലര്‍ കണ്ണീര്‍ വാര്‍ത്തു… കേരളത്തിന്റെ ആരാധകരെ നിരാശയിലാക്കി കൊല്‍ക്കത്ത കപ്പ് നേടിയതോടെ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചി സ്റ്റേഡിയം കണ്ണീര്‍ കടലായി. ആവേശ തിമിര്‍പ്പിന്റെ ഉന്നതങ്ങളില്‍ നിന്നാണ് കണ്ണീരുപ്പിന്റെ താഴ്ച്ചയിലേക്ക് നിലം പതിച്ചത്. കേരള ഫുട്‌ബോളിനെ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കാണികളായിരുന്നു ഇന്നലെ കൊച്ചി സ്റ്റേഡിയത്തിലെത്തിയത്. ആവേശം നിറഞ്ഞ ഒരോ നിമിഷവും സമ്മാനിച്ച കളിക്കളം ഒടുവില്‍ കേരളത്തെ കൈവിട്ടു.
ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ഫൈനലില്‍ 1-1 സമനിലയ്ക്കുശേഷം ടൈബ്രേക്കറില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 4-3നു കീഴടക്കി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കിരീടം ചൂടിയതോടെ തകര്‍ന്നടിഞ്ഞത് മാനംമുട്ടെ ഉയര്‍ന്ന പ്രതീക്ഷകളായിരുന്നു.
അവരുടെ രണ്ടാം കിരീട വിജയം. പ്രഥമ ഐഎസ്എല്‍ ടൂര്‍ണമെന്റിലും ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചായിരുന്നു കൊല്‍ക്കത്തയുടെ കിരീടധാരണം. അങ്ങനെ സച്ചിനും ഗാഗുംലിയും തമ്മിലെ യുദ്ധത്തില്‍ കൊല്‍ക്കത്തന്‍ രാജകുമാരന് ജയം. ആദ്യപകുതിയില്‍ ആയിരുന്നു രണ്ടു ഫീല്‍ഡ് ഗോളും. 37-ാം മിനിറ്റില്‍ ആരാധകരെ കോരിത്തരിപ്പിച്ച ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്സിനു ലീഡ് നല്‍കിയെങ്കിലും 44-ാം മിനിറ്റില്‍ ഹെന്റിക് ഫൊണ്‍സെക്കാ സെറീനോ സമനില ഗോള്‍ നേടി. വിരസമായ രണ്ടാം പകുതി. എക്സ്ട്രാ ടൈമില്‍ ജയമുറപ്പിക്കാനുള്ള ഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. പിന്നെ കേരളത്തെ കരയിച്ച എസ്ട്രാ ടൈമും. ടൈബ്രൈക്കറില്‍ ബ്ലാസ്റ്റേഴ്സിന്റെ അന്റോണിയോ ജര്‍മന്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ എല്‍ഹാജി എന്‍ഡോയെ, പ്രതിരോധത്തിലെ നെടുംതൂണ്‍ സെഡ്രിക് ഹെങ്ബാര്‍ത് എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടില്ല. മറുവശത്ത് സമീ ഡൂട്ടി, ക്യാപ്റ്റന്‍ ബോറിയ ഫെര്‍ണാണ്ടസ്, ഹവിയര്‍ ലാറ, ജ്യൂവല്‍ രാജ എന്നിവര്‍ സ്‌കോര്‍ ചെയ്തു. മലയാളികളുടെ ഹ്യൂമേട്ടനാണ് ആദ്യകിക്ക് എടുത്തത്. ബ്ലാസ്റ്റേഴ്സ് ഗോളി ഗ്രഹാം സ്റ്റാക്ക് അതു തടഞ്ഞിട്ടു. പക്ഷേ പിന്നീട് പെനല്‍റ്റി ബോക്സിലെ കാറ്റു മാറി വീശുകയായിരുന്നു.
കളി കാണാനെത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഗാലറിയില്‍ തടിച്ചു കൂടിയത് 50,000ലധികം ആരാധകര്‍. അതിരാവിലെ തന്നെ ടിക്കറ്റുമായി ഗാലറിയിലെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാ അര്‍ത്ഥത്തിലും കാണികളുടെ സാന്നിധ്യവും ആവേശവും തന്നെയാണ് ഐ എസ് എല്‍ കലാശപോരാട്ടത്തിന്റെ പ്രധാന ഹൈലൈറ്റ്. കാല്‍പ്പന്ത് കളിയോട് മലയാളിക്കുള്ള താല്‍പ്പര്യം വ്യക്തമാക്കിയ മത്സരം.
വിനീതില്‍ പ്രതീക്ഷ അര്‍പ്പിച്ചു; റാഫി മാനം കാത്തു
സികെ വിനീതെന്ന കണ്ണൂരുകാരനിലായിരുന്നു കേരളത്തിലെ പ്രതീക്ഷ. വിജയ ഗോളുമായി ഐ എസ് എല്ലിന്റെ താരമായി ഈ മലയാളി മാറുമെന്ന് കരുതി. എന്നാല്‍ കൊല്‍ക്കത്തയുടെ പ്രതിരോധം വിനീതിനെ വിരിഞ്ഞു മുറുക്കി. പന്തുമായി കുതിക്കാന്‍ അനുവദിച്ചുമില്ല. അപ്പോഴാണ് റാഫിയുടെ ഗോളിലൂടെ ഐഎസ് എല്‍ ഫൈനലില്‍ മലയാളി ഗോള്‍ നേടിയത്. എണ്ണം പറഞ്ഞ ഹെഡ്ഡര്‍. കോര്‍ണ്ണര്‍ കിക്കുകളില്‍ റാഫിയുടെ തല എന്തു മാത്രം വിനാശകരമാകുമെന്ന് തെളിയിച്ച ഗോള്‍. പക്ഷേ റാഫിയിലൂടെ കേരളം നേടിയ ആ ഗോളിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഫൊണ്‍സെക്കാ അതേ രീതിയില്‍ ഒന്നാന്തരം ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടി.
കളിയുടെ 37-ാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്ക് വളഞ്ഞുബോക്സിലേക്കു വന്നു താഴ്ന്നപ്പോള്‍ പ്രീതം കൊട്ടാല്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ ആ നിമിഷം മലയാളി താരം മുഹമ്മദ് റാഫിയുടേതായിരുന്നു. പന്ത് റാഫിയുടെ തലയ്ക്കു കൃത്യം പാകത്തില്‍ കിട്ടി. തലയിടിയുടെ ആശാനായ റാഫി പന്തില്‍ ആഞ്ഞുകൊത്തി. വലയനങ്ങി. അരലക്ഷം കാണികള്‍ ആവേശത്തിന്റെ ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ റാഫി ഭൂമിയില്‍ ശിരസ്സുതൊട്ടു. പന്ത് ഗോള്‍ വലയിലേക്കും. ഇതിന് സമാനമായിരുന്നു കൊല്‍ക്കത്തയുടെ മറുപടി ഗോളും. ഡൂട്ടീ ഉയര്‍ത്തിവിട്ട കോര്‍ണ്ണര്‍ കിക്കിലേക്ക് പോര്‍ചുഗല്‍ താരം സെറീനോ ഉയര്‍ന്നുചാടുമ്പോള്‍ നിഴല്‍പോലെ സന്ദേഷ് ജിങ്കാന്‍ ഉണ്ടായിരുന്നു. പക്ഷേ വലതു കോര്‍ണറില്‍നിന്നുള്ള പന്തിലേക്ക് ആദ്യമെത്തിയത് സെറീനോയുടെ തലയായിരുന്നു.
തോല്‍വിയിലും റാഫിച്ചയെന്നു ആരാധകര്‍ സ്നേഹപൂര്‍വം വിളിക്കുന്ന റാഫി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഹെഡ്മാസ്റ്ററായി. നിലത്തു കൂടി പോകുന്ന പന്തു പോലും ഹെഡ് ചെയ്തു കളയും എന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി. അങ്ങനെ ഐഎസ്എല്ലിലെ ആറാം ഗോളോടെ മലയാളി ഗോള്‍വേട്ടക്കാരില്‍ മുഹമ്മദ് റാഫി ഒരു പടി മുന്നിലെത്തി. കഴിഞ്ഞ സീസണിലെ നാലു ഗോളും ഈ സീസണിലെ ഒന്നും ചേര്‍ത്ത് അഞ്ചു ഗോളായിരുന്നു ഫൈനലിനിറങ്ങുമ്പോള്‍ ഈ കാസര്‍കോട് തൃക്കരിപ്പൂരുകാരന്റെ ഐഎസ്എല്‍ സമ്പാദ്യം.
ഈ സീസണില്‍ അഞ്ചു ഗോള്‍ നേടിയ സി.കെ. വിനീതും റാഫിക്കൊപ്പമുണ്ടായിരുന്നു. എഫ്സി ഗോവയ്ക്കെതിരെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ നടന്ന ലീഗ് ഘട്ട മത്സരത്തിലെ 46-ാം മിനിറ്റില്‍ ഗോള്‍ നേടിയാണു റാഫി ബ്ലാസ്റ്റേഴ്സിനായി തന്റെ സീസണിലെ ആദ്യ ഗോള്‍ കുറിച്ചത്.
കണ്ണീരടക്കാന്‍ ആവാതെ ആരാധകര്‍
പിന്നീട് ഗോളകന്നു. എസ്‌ക്ട്രാ ടൈമില്‍ നിര്‍ഭാഗ്യം കേരളത്തെ കൈവിട്ടതോടെ കൊച്ചി സ്റ്റേഡിയം ശോകമൂകമായി. കൊല്‍ക്കത്തന്‍ താരങ്ങള്‍ വിജയനൃത്തം ചവിട്ടുന്നഅവിശ്വസനീയതോടെയാണ് അവര്‍ നോക്കി നിന്നത്. സങ്കടം ആരാധകര്‍ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. ഹൃദയത്തോടു ചേര്‍ത്തുവച്ച കളിക്കൂട്ടത്തിന്റെ കിരീടധാരണത്തെ കാത്തിരുന്ന നാടിന് അവര്‍ അര്‍ഹിച്ച വിജയമല്ല ലഭിച്ചതെന്നറിഞതോടെ വിജയാഹ്ലാദ പരിപാടികള്‍ക്ക് പദ്ധതിയിട്ടവരും തീരുമാനം മാറ്റി. മലബാറില്‍ മിക്കയിടത്തും ബ്ലാസ്റ്റേഴ്‌സ് ജയം ആഘോഷിക്കുന്നതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
2014ല്‍ ഐ.എസ്.എല്ലിന്റെ പ്രഥമ സീസണില്‍ അധികസമയത്തേക്കു നീണ്ട കലാശക്കളിയില്‍ തങ്ങളെ കീഴടക്കി കപ്പില്‍ മുത്തമിട്ട അത്‌ലറ്റികോക്കെതിരെ പഴയ കണക്ക് ബ്ലാസ്റ്റേഴ്‌സ് തീര്‍ക്കുമെന്ന് തന്നെയായിരുന്നു അവരുടെ വിശ്വാസം.
തോറ്റിട്ടും ബ്ലാസ്റ്റേഴ്സിനു നാല് കോടി സമ്മാനത്തുക
ഫൈനലില്‍ ജയിച്ച കൊല്‍ക്കത്തയ്ക്ക് എട്ടു കോടിയാണ് സമ്മനത്തുകയായി ലഭിച്ചത്. ബ്ലാസ്റ്റേഴ്സിനു നാലു കോടിയും. എല്ലാ അര്‍ത്ഥത്തിലും വമ്പന്‍ വിജയമായ ഐ എസ് എല്ലിലെ യഥാര്‍ത്ഥ വിജയി കൊച്ചിയിലെ കാണികളെന്ന് സമ്മതിച്ച് തന്നെയായിരുന്നു സമ്മാനം ദാനം.
മറ്റ് അവാര്‍ഡുള്‍ ഇങ്ങനെ-ഹീറോ ഓഫ് ദ് ലീഗ്: ഫ്ലോറന്റ് മലൂദ (ഡല്‍ഹി ഡൈനാമോസ്), ഗോള്‍ഡന്‍ ബൂട്ട് : മാഴ്സലിഞ്ഞോ (ഡല്‍ഹി ഡൈനാമോസ്), ഗോള്‍ഡന്‍ ഗ്ലൗ: അമരീന്ദര്‍ സിങ് (മുംബൈ സിറ്റി എഫ്സി), എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദ് ലീഗ്: ജെറി ലാല്‍റിന്‍സുവാല (ചെന്നൈയിന്‍ എഫ്സി), െഫയര്‍പ്ലേ അവാര്‍ഡ്: െചന്നൈയിന്‍ എഫ്സി, ഫിറ്റെസ്റ്റ് പ്ലെയര്‍ ഓഫ് ദ് ലീഗ്: ബോര്‍യ ഫെര്‍ണാണ്ടസ് (അത്‌ലറ്റിക്കോ കൊല്‍ക്കത്ത), വിന്നിങ് പാസ് ഓഫ് ദ് ലീഗ്: സമീക് ഡ്യൂറ്റി (അത്ലറ്റിക്കോ കൊല്‍ക്കത്ത)
കൊല്‍ക്കത്തക്ക് രണ്ട് വിജയം, ബ്ലാസ്റ്റേഴ്സിന് രണ്ട് തോല്‍വി
ഐ എസ് എല്ലിന്റെ ഫൈനലില്‍ രണ്ടിലും രണ്ടില്‍ കൊല്‍ക്കത്ത ജയിച്ചു. കേരളത്തിന് രണ്ട് തോല്‍വിയും. അതായത് ഐ എസ് എല്ലിന്റെ മൂന്ന് പതിപ്പില്‍ രണ്ടിലും കൊല്‍ക്കത്ത കേരളാ ഫൈനലയിരുന്നുവെന്നതും ശ്രദ്ധേയമാണ്. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യം മുന്നിലെത്തിയതു ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും കളിയില്‍ മുന്‍പില്‍ കൊല്‍ക്കത്ത ആയിരുന്നു. പന്തു പാസ് ചെയ്യുന്നതിലും ആക്രമണങ്ങള്‍ എതിര്‍ ബോക്സിലേക്ക് ആസൂത്രിതമായി എത്തിക്കുന്നതിലും അവര്‍ കൂടുതല്‍ മികവു കാട്ടി. പ്രത്യാക്രമണ നീക്കങ്ങളിലായിരുന്നു പതിവു പോലെ ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ. നായകന്‍ കൂടിയായ ഹ്യൂസ് മടങ്ങിയതു പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന സ്ഥിതിയും സൃഷ്ടിച്ചു. ഇത് തന്നെയാണ് കൊച്ചിയിലെ ഫൈനലിലും കേരളത്തിന് തിരിച്ചടിയായത്.
പ്രതിരോധം കരുത്താക്കി കുതിച്ചുകയറിയ ബല്‍സ്റ്റേഴ്‌സ് ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത സെമിയില്‍ ഇടമുറപ്പിച്ചത്. മൂന്നു ഐ.എസ്.എല്ലിലും സെമിയിലത്തെിയ കൊല്‍ക്കത്ത ഏറ്റവും സ്ഥിരതയ്യാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ടീം കൂടിയായിരുന്നു. പ്‌ളേഓഫില്‍ കൊല്‍ക്കത്ത മുംബൈ എഫ്.സിയെ മറികടന്നപ്പോള്‍, ഡല്‍ഹി ഡൈനാമോസിന്റെ കനത്ത വെല്ലുവിളി ്രൈടബ്രേക്കറില്‍ അതിജീവിച്ചാണ് ബല്‍സ്റ്റേഴ്‌സ് കലാശക്കളിയിലേക്ക് മുന്നേറിയത്.
സച്ചിനും ബച്ചനും ഗാംഗുലിയും മുതല്‍ നിതാ അംബാനി വരെ സദസ്സില്‍ താര നിര
കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണു ഗ്യാലറിയിലെ താരം. സച്ചിനു ഭാര്യ അഞ്ജലിയും കൊച്ചിയില്‍ എത്തി. അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ടീം ഉടമയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും താരമായി്. നടന്‍ അമിതാഭ് ബച്ചനാണ് മത്സരം കാണാനെത്തി മറ്റൊരു വിഐപി. അഭിഷേക് ബച്ചനുമെത്തി. നിവിന്‍ പോളിയും ആരാധകരുടെ ആവേശമാകാന്‍ കളി കാണാനെത്തി.
കാണികള്‍ അതിക്രമം കാട്ടിയതിന് ബ്ലാസ്റ്റേഴ്സിന് നാല് ലക്ഷം പിഴ
അതിനിടെ ഡിസംബര്‍ നാലിന് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ പ്രാഥമിക റൗണ്ട് മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കേരള ബ്ളാസ്റ്റേഴ്സിന് ആറു ലക്ഷം രൂപ പിഴ വിധിച്ചു. ടീമിന്റെ മോശം പെരുമാറ്റത്തിന് രണ്ടു ലക്ഷവും മത്സരശേഷം കാണികള്‍ നടത്തിയ അക്രമങ്ങള്‍ക്ക് നാലു ലക്ഷം രൂപയുമാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്കസമിതി പിഴയിട്ടത്.
ബ്ളാസ്റ്റേഴ്സിന്റെ അഞ്ചു താരങ്ങള്‍ അച്ചടക്കലംഘനം നടത്തിയതായി സമിതി കണ്ടത്തെി. കാണികളുടെ അക്രമങ്ങള്‍ക്ക് ടീമാണ് ഉത്തരവാദിയെന്നും സമിതി നിരീക്ഷിച്ചു.