ഐഎസ്എല്ലിൽ പൊട്ടിത്തെറിക്കാൻ ബ്ലാസ്റ്റേഴ്‌സ്; വിദേശ പരിശീലനം പൂർത്തിയാക്കി കൊമ്പൻമാർ അങ്കത്തിനൊരുങ്ങി

സ്വന്തം ലേഖകൻ

കൊച്ചി: തായ്‌ലൻഡിലെ പരിശീലനം, പുതിയ കോച്ച്, പുതിയ ഉടമകൾ… കേരളത്തിന്റെ
കൊമ്പൻമാർക്കിനി പുതിയ മുഖം. ഒക്ടോബർ ഒന്നിനു ഗുവാഹത്തിയിൽ നോർത്ത്
ഈസ്റ്റ് യുണൈറ്റഡിനെതിരെയാണു ആദ്യ മത്സരം. ആദ്യ മത്സരത്തിനു ഗാലറിയിൽ കേരളത്തോടൊപ്പം ആർപ്പുവിളിക്കാൻ മലയാളികൾ മാത്രമല്ല, കൂടെ കന്നഡയും തെലുങ്കും സംസാരിക്കുന്നവരും ഉണ്ടാകും. സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും
നാഗാർജ്ജുനയും അല്ലു അരവിന്ദും നമ്മഗഡ പ്രസാദും കേരള ബ്ലാസ്റ്റേഴ്‌സിന്റെ
ഓഹരിയുടമകളായി മാറിയതോടെ ആരാധകവൃന്ദവും വലുതായി. മൂന്നോ നാലോ
സംസ്ഥാനങ്ങളുടെ ഹോം ടീമായി മാറുകയാണു ഫലത്തിൽ കേരളത്തിന്റെ കൊമ്പൻമാർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാലറിയുടെ ആരവം കളത്തിൽ കാണണം

ഗാലറിയിലെ ആരാധകരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൊമ്പൻമാരുടെ മേലുള്ള പ്രതീക്ഷയും വർദ്ധിക്കും. കേരളത്തോടൊപ്പം കർണ്ണാടകക്കാരനും
തെലങ്കാനക്കാരനും ആന്ധ്രാക്കാരനും ആർപ്പു വിളിക്കുമ്പോൾ സച്ചിൻ
ടെൻഡുൽക്കറുടെ ടീമിനു ഗാലറിയെ തൃപ്തിപ്പെടുത്താൻ കളത്തിൽ ഏറെ
വിയർപ്പൊഴുക്കേണ്ടിവരും. ഇംഗ്ലീഷുകാരനായ കോച്ച് സ്റ്റീവ് കോപ്പലിന്റെ
കീഴിൽ കൊൽക്കത്തയിൽ കഠിന പരിശീലനത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീം.
32 വർഷത്തെ പരിശീലന പരിചയവുമായി എത്തുന്ന സ്റ്റീവ് കോപ്പലിന്റെ
പരിചയസമ്പത്ത് കൊമ്പൻമാർക്ക് തുണയാകുമെന്നു തന്നെയാണ് ആരാധകരുടെയും
ഫുട്‌ബോൾ ലോകത്തിന്റെയും പ്രതീക്ഷ.

ഇംഗ്ലീഷ് ക്ലബ് റെഡ്ഡിംഗിനെ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം വാങ്ങിക്കൊടുത്ത പരിശീലകൻ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച വിംഗർ എന്നീ നിലകളിൽ പ്രമുഖനാണ് സ്റ്റീവ്. തായ്‌ലൻഡിലെ പരിശീലനത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ടീം ഇപ്പോൾ മോഹൻ ബഗാന്റെ ഗ്രൗണ്ടിലാണു പരിശീലനം നടത്തുന്നത്. വിദേശതാരങ്ങളെല്ലാം പരിശീലനക്കളരിയിൽ നേരത്തെ എത്തിയെങ്കിലും ഇന്ത്യൻ താരങ്ങൾ കഴിഞ്ഞ ദിവസമാണു ടീമിനൊപ്പം ചേർന്നത്. വരും ദിവസങ്ങളിൽ ചിട്ടയോടെയുള്ള പരിശീലനത്തിലൂടെ താളവും ഒത്തിണക്കവും കണ്ടെത്തുകയാകും കോച്ചിന്റെ ലക്ഷ്യം. ഇന്ത്യയിലെ സമാന സാഹചര്യം കണക്കിലെടുത്താണു ബ്ലാസ്‌റ്റേഴ്‌സ് ബാങ്കോക്കിൽ പരിശീലന മത്സരങ്ങൾക്കു പോയത്. അവിടെയുള്ള മികച്ച ടീമുകളുമായി കളിച്ചതിൽ രണ്ടു ജയവും ഒരു സമനിലയും നേടാനായതു താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

കേളീശൈലി

മുൻ ഇംഗ്ലീഷ് വിംഗറായ കോച്ച് കോപ്പൽ പരിശീലിപ്പിക്കുന്ന ടീമിന് അദ്ദേഹം
വിഭാവനം ചെയ്യുന്ന ശൈലിയെന്താകും… സംശയരഹിതമായി പറയാം. ക്രിസ്റ്റൽ
പാലസ്, മാഞ്ചസ്റ്റർ സിറ്റി, റെഡ്ഡിംഗ്, ബ്രിസ്റ്റോൾ സിറ്റി, പോട്‌സ്മത്ത്
ടീമുകളെ പരിശീലിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ശൈലി വിംഗുകളിലൂടെ
ആക്രമിച്ചുകയറുക എന്നതായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ശൈലിയും ഇതു
തന്നെയാകും. വിംഗുകളിലൂടെ ഇരച്ചു കയറി എതിർടീമിന്റെ പ്രതിരോധം
പൊളിക്കുകയെന്ന കേളീ ശൈലിയിലാകും കൊമ്പൻമാരുടെ മുന്നേറ്റം.
ഛാഡ് താരം അസ്‌റാക് മെഹമ്മദ്, സ്പാനിഷ് താരം ഹൊസു, വിക്ടർ ഫോർസിഡ, ഉത്തര അയർലൻഡ് താരം ആരോൺ ഹ്യൂസ്, മെഹ്താബ് ഹുസൈൻ, ഇഷ്ഫഖ് അഹമ്മദ്, കൗമാരതാരം വിനീത് റായ്, പ്രശാന്ത് മോഹൻ എന്നിവർ മദ്ധ്യനിരയിൽ നിന്നും വിംഗുകളിലൂടെയും കൈമാറുന്ന പന്ത് ഇംഗ്ലീഷ് താരം അന്റോണിയോ ജെർമെയ്ൻ, ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് താരം മൈക്കൽ ചോപ്ര, ഹെയ്തി താരം കെവിൻ ബെൽഫോർട്ട്, മളയാളികളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, മണിപ്പൂരി താരം തോങ് ഖൊയ്‌സെം ഹാവോക്കിപ്പ്, മുഹമ്മദ് റഫീക്ക് എന്നിവർ വലയിലാക്കുന്നതിൽ വിജയിച്ചാൽ കൊമ്പൻമാർ ട്രോഫി കൈയിലെടുക്കുക തന്നെ ചെയ്യും. ഫ്രഞ്ച് താരം സിഡ്രിക് ഹെങ്ബർട്ട്, സെനഗൽ താരം എൽഹാദി എൻഡോയ, ഇന്ത്യൻ താരങ്ങളായ റിനോ ആന്റോ, ഗുർവിന്ദർ സിംഗ്, പ്രാഥമിക് ചൗധരി തുടങ്ങിയവർ ചേർന്നു പ്രതിരോധത്തിൽ പിഴവുകളില്ലാതെ കൂടി നോക്കിയാൽ യെല്ലോ ബ്രിഗേഡിനു കാര്യങ്ങൾ എളുപ്പമാകും

ആശങ്കയൊഴിഞ്ഞു, കലൂർ തന്നെ ഹോം ഗ്രൗണ്ട്

അണ്ടർ 17 ലോകകപ്പു മത്സരത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ കലൂർ
സ്റ്റേഡിയം ഐ.എസ്.എൽ മത്സരങ്ങൾക്ക് അനുവദിക്കുമോ എന്ന ആശങ്ക കൊച്ചിക്കാരെ അലട്ടിയിരുന്നു. എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കി കേരള
ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കലൂർ തന്നെയെന്നു കെ.എഫ്.എ പ്രഖ്യാപിച്ചു കഴിഞ്ഞു. കളിയാവേശം കാണാൻ ഇനി കൊച്ചിയിലേക്കു
കാൽപ്പന്തുകളിയുടെ ആരാധകർ ഒഴുകും. ഒക്ടോബർ അഞ്ചിനാണ് ഐ.എസ്.എൽ മൂന്നാം സീസണിലെ കൊച്ചിയിലെ ആദ്യ മത്സരം.

Top