എഫ്സി താരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു

ചെന്നൈ:സീസണിലെ രണ്ടാം ഹാട്രിക്ക് കുറിച്ച കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുടെ (16, 79, 81) നേതൃത്വത്തില്‍ ചെന്നൈയില്‍ ഗോള്‍മഴ തീര്‍ത്ത ചെന്നൈയിന്‍ എഫ്സി താരങ്ങള്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്. ചെന്നൈയിന്റെ നാലാം ഗോള്‍ ധനചന്ദ്ര സിങ് (3) നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ അന്റോണിയോ ജര്‍മെയിന്റെ (90) വക.വിജയത്തോടെ 11 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇനി വന്‍ അത്ഭുദങ്ങള്‍ സംഭവിക്കണം. സീസണിലെ രണ്ടാം ഹാട്രിക്ക് നേടിയ മെന്‍ഡോസ ഇതോടെ ഒന്‍പതു ഗോളുമായി ടോപ്സ്കോറര്‍മാരുടെ പട്ടികയിലും ഒന്നാമതെത്തി. മെന്‍ഡോസ ഗോള്‍ കണ്ടെത്തിയ മല്‍സരങ്ങളിലെല്ലാം ചെന്നൈയിന്‍ എഫ്സിക്ക് വിജയം കാണാനായി എന്ന റെക്കോര്‍ഡും ഭദ്രം.

ബ്ലാസ്റ്റേഴ്സ് താരങ്ങളെ നിസഹായരാക്കി ചെന്നൈയിന്‍ താരങ്ങള്‍ ആടിത്തിമിര്‍ത്ത മല്‍സരത്തില്‍ ആദ്യ ഗോളടിച്ചെന്ന പ്രതീതിയുണര്‍ത്തിയത് കേരളാ ബ്ലാസ്റ്റേഴ്സ്. അതും ആദ്യ മിനിറ്റില്‍. എന്നാല്‍ ജര്‍മെയ്ന്റെ പാസിനെ ഗോളിലേക്ക് തിരിച്ചുവിടാനുള്ള കാവിന്‍ ലോബോയുടെ ശ്രമം പോസ്റ്റിലിടിച്ച് മടങ്ങി. കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആദ്യ പകുതിയിലെ പോരാട്ടം ആദ്യ മിനിറ്റിലെ ഈ ഗോള്‍ശ്രമത്തില്‍ ഒതുങ്ങി. പിന്നീട് കളം നിറഞ്ഞത് ചെന്നൈയിന്‍ താരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളിക്ക് മൂന്നു മിനിറ്റ് മാത്രം പ്രായമായപ്പോള്‍ത്തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ആദ്യ ഗോളെത്തി. ചെന്നൈയിന്‍ താരം തോയി സിങ്ങ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രോസിന്റെ രൂപത്തില്‍ കേരളാ ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം രാഹുല്‍ ഭേക്കെ തലകൊണ്ട് ചെത്തി ക്ലിയര്‍ ചെയ്തു. പന്ത് ലഭിച്ച ധനചന്ദ്ര സിങ്ങിന്റെ തകര്‍പ്പന്‍ വോളി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ച് തകര്‍ത്ത് വലയില്‍. സ്കോര്‍ 1-0. ആദ്യ ഗോളിന്റെ വേദന മാറും മുന്‍പ് എട്ടാം മിനിറ്റില്‍ പെല്ലിസാറിയുടെ തകര്‍പ്പന്‍ ക്രോസ് അപകടം വിതച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക്. ഒരു സ്പര്‍ശം കൊണ്ട് മാത്രം ഗോളാകുമായിരുന്ന പന്തിന് ഗോളിലേക്ക് വഴി കാണിക്കാന്‍ ചെന്നൈയിന്‍ താരങ്ങളെത്താതിരുന്നത് േകരളത്തിന്റെ ഭാഗ്യം.
<പ്>എന്നാല്‍, എട്ടാം മിനിറ്റില്‍ കൈവിട്ടുവെന്ന് തോന്നിയ ഭാഗ്യദേവത കൃത്യം എട്ടു മിനിറ്റിന് ശേഷം ചെന്നൈയിനെ തേടിയെത്തി. ഇത്തവണ വലകുലുക്കിയത് കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസ. മെന്‍ഡോസയിലെ ക്ലാസിക് ഫിനിഷറേയും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ദൗര്‍ബല്യവും ഒരു പോലെ തുറന്നു കാണിച്ച ഗോള്‍. ചെന്നൈയിന്റെ പകുതിയില്‍ നിന്ന് കേരളാ ബോക്സിലേക്ക് പന്ത് പറന്നിറങ്ങുമ്പോള്‍ പന്ത് പിടിക്കാന്‍ മെന്‍ഡോസയും രാഹുല്‍ ഭേക്കെയും തമ്മില്‍ പോര്. രാഹുലിനെയും കയറിയെത്തിയ ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടറിനെയും കബളിപ്പിച്ച് പന്ത് കൈക്കലാക്കിയത് മെന്‍ഡോസ. ഒരു നിമിഷം വച്ചു താമസിപ്പിച്ച് മെന്‍ഡോസ തൊടുത്ത ഷോട്ട് വളഞ്ഞുപുളഞ്ഞ് ബ്ലാസ്റ്റേഴ്സ് വലയില്‍. സ്കോര്‍ 2-0.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ കളിയില്‍ കാര്യമായ വ്യതിയാനമൊന്നും കണ്ടില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളത്തിലുണ്ടെന്ന തോന്നലുയര്‍ന്നത് അന്റോണിയോ ജര്‍മെയ്ന്‍ വിങ്ങിലേക്ക് മാറിക്കളിച്ച നിമിഷങ്ങളില്‍ മാത്രം. ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹോസു പ്രീറ്റോയുടെ ഫ്രീകിക്കുകളും ചെന്നൈയിന്‍ മുഖത്ത് അപകടം വിതച്ചു. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനും കിരീടത്തിനുമിടയില്‍ വന്‍മതില്‍ പോലെ നിലയുറപ്പിച്ച, നിലവില്‍ ചെന്നൈയിന്‍ എഫ്സിക്കായി ഗോള്‍വല കാക്കുന്ന ഏദലിനെ കീഴ്പ്പെടുത്താന്‍ ഇതൊന്നും മതിയായിരുന്നില്ലെന്ന് മാത്രം.
61-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലെ-സ്റ്റീവന്‍ മെന്‍ഡോസ സഖ്യം ചെന്നൈയിന്റെ മൂന്നാം ഗോള്‍ നേടിയെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍, ഗോളിന് മുന്നില്‍ അതീവ ദാനശീലനായി മാറിയ മെന്‍ഡോസയുെട പിഴവ് കേരളത്തിന് തുണയായി. ഗോളിന് ശ്രമിക്കുന്നതിന് പകരം ജെജെയ്ക്ക് പാസ് നല്‍കാനുള്ള മെന്‍ഡോസയുടെ തീരുമാനമാണ് ചെന്നൈയിന് തിരിച്ചടിയായത്. പിന്നാലെ ഹോസു പ്രീറ്റോയ്ക്ക് പകരം പോര്‍ച്ചുഗള്‍ താരം ജാവോ കോയിമ്പ്രയെത്തി.
രണ്ടാം പകുതിയിലെ ഏറ്റവും മികച്ച അവസരം കേരളത്തിന് ലഭിച്ചത് 69-ാം മിനിറ്റില്‍. ‌ കോര്‍ണറില്‍ നിന്നും വന്ന തകര്‍പ്പനൊരു പന്തില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സന്ദേശ് ജിങ്കാന്‍ തൊടുത്ത ബുള്ളറ്റ് ഹെഡര്‍ പുറത്തുപോയത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍. ഇത് കേരളത്തിന്റെ ദിനമല്ലെന്ന് ആരും വിശ്വസിച്ചു പോകുന്ന നിമിഷം.‌‌
മല്‍സരത്തിന്റെ 79, 81 മിനിറ്റുകള്‍ ഇക്കാര്യം അടിവരയിട്ടു. 79-ാം മിനിറ്റില്‍ ടീമിന്റെ മൂന്നാം ഗോള്‍ നേടിയ മെന്‍ഡോസ 81-ാം മിനിറ്റില്‍ തന്റെ മൂന്നാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. സീസണിലെ ആറാം ഹാട്രിക്. മെന്‍ഡോസയുടെ പേരില്‍ കുറിക്കപ്പെടുന്ന രണ്ടാം ഹാട്രിക്കും! തോയി സിങ്ങില്‍ നിന്നും ലഭിച്ച പന്ത് തകര്‍പ്പന്‍ വോളിയിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ച് ടീമിന്റെ മൂന്നാം ഗോള്‍ നേടിയ മെന്‍ഡോസ രണ്ടു മിനിറ്റിന് ശേഷം ഫ്രീകിക്കില്‍ നിന്നും ലഭിച്ച പന്ത് വലയിലെത്തിച്ച് ഹാട്രിക്കും തികച്ചു. ഒടുവില്‍ മല്‍സരത്തിന്റെ 90-ാം മിനിറ്റില്‍ ഒരു ആശ്വാസ സമ്മാനം പോലെ തോല്‍വി ഭാരം കുറയ്ക്കാനായി ജര്‍മെയ്നിലൂടെ ബ്ലാസ്റ്റേഴ്സും നേടി, ഒരു ഗോള്‍!

Top