കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) നിര്‍ണായക മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് -ഡല്‍ഹി ഡൈനാമോസ് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തിൽ ഇരുടീമിനും നിരവധി അവസരങ്ങൾ കൈവന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സീസണിലിതുവരെ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത ഏക ടീമായ ബ്ലാസ്‌റ്റേഴ്‌സ്, ആ ഖ്യാതി നിലനിര്‍ത്തിയാണു മൂന്നാം മല്‍സരത്തില്‍ സമനിലയിലൂടെ ഒരു പോയിന്റ് സമ്പാദിച്ചത്. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും രണ്ടാം മല്‍സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും ഓരോ ഗോളിനു തോറ്റ ബ്ലാസ്‌റ്റേഴ്‌സ്, പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. വെള്ളിയാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. ആദ്യ മല്‍സരം ജയിച്ച ഡല്‍ഹി, നാലു പോയിന്റോടെ മൂന്നാമതെത്തി.
ഏറെ പ്രതീക്ഷ നല്‍കിയ ആദ്യ 1015 മിനിറ്റുകള്‍. അത്രത്തോളമെത്തിയില്ലെങ്കിലും ആരാധകരില്‍ ആവേശം നിലനിര്‍ത്തിയ ആദ്യപകുതി. മല്‍സരം മുന്നോട്ടുപോകുന്തോറും ആവേശമാറി വന്ന രണ്ടാം പകുതി. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗാലറിയില്‍ തിരയിളക്കം സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിലെ ടീമെന്ന നിലയിലുള്ള ഒത്തിണക്കം രണ്ടാം പകുതിയില്‍ കൈമോശം വന്നു. കുറിയ പാസുകളുമായി മുന്നേറുന്നതിനു പകരം ലോങ് പാസുകള്‍ നല്‍കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ശ്രമം. അവയാകട്ടെ, പലപ്പോഴും ലക്ഷ്യം തെറ്റി.
ഗോളൊന്നും നേടാനായില്ലെങ്കിലും ആരാധകര്‍ക്ക് ആവേശം പകര്‍ന്നതു രണ്ടു താരങ്ങളാണ്. ഹോസു പ്രീറ്റോയും അന്റോണിയോ ജര്‍മനും. പ്രതിരോധത്തിലായിരുന്നു സ്ഥാനമെങ്കിലും മൈതാനമെങ്ങും ഓടിക്കളിച്ച ഹോസു, മികച്ച അവസരങ്ങളൊരുക്കി ആരാധകരെ വിരുന്നൂട്ടി. മികച്ച പന്തടക്കവും വേഗതയും കൈമുതലാക്കി എതിരാളികളെ കബളിപ്പിച്ച ജര്‍മന്റെ നീക്കങ്ങളും കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
കൊല്‍ക്കത്തയ്‌ക്കെതിരെ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കളത്തിലിറക്കിയത്. ഫാറൂഖ് ചൗധരി, എല്‍ഹാദ്ജി എന്‍ഡോയെ, ഗ്രഹാം സ്റ്റാക്ക് എന്നിവര്‍ പുറത്തിരുന്നപ്പോള്‍ മൈക്കല്‍ ചോപ്ര, അസ്‌റാക്ക് മഹാമത്ത്, സന്ദീപ് നന്ദി എന്നിവര്‍ ആദ്യ ഇലവനിലെത്തി. 433 എന്ന ശൈലിയിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. നേസണ്‍, ജര്‍മന്‍ എന്നിവര്‍ക്കൊപ്പം മൈക്കല്‍ ചോപ്രയും ഇത്തവണ മുന്നേറ്റനിരയിലേക്കെത്തി.
ഡല്‍ഹി ടീമിലാകട്ടെ, മാര്‍ക്വീ താരം ഫ്‌ളോറന്റ് മലൂദ ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ മലയാളി താരം അനസ് എടത്തൊടിക പുറത്തായി. 4141 ശൈലിയിലായിരുന്നു ഡല്‍ഹി ഇറങ്ങിയത്.ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നിറഞ്ഞുനിന്ന ആദ്യപകുതിയുടെ തുടക്കത്തിലെ പതിനഞ്ചു മിനിറ്റോളം ഉജ്വലമായിരുന്നു. ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലാരവങ്ങളിലേറി ബ്ലാസ്‌റ്റേഴ്‌സ് കളം അടക്കിവാണു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പന്തുതൊട്ടപ്പോഴെല്ലാം ഇപ്പോള്‍ ഗോള്‍ വീഴുമെന്ന തോന്നലുയര്‍ന്നു. ഇടതുവിങ്ങില്‍ നിന്നും കയറിയെത്തി ഹോസു ഒരുക്കിയ ചില തകര്‍പ്പന്‍ അവസരങ്ങള്‍ സ്‌റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു.
ഡല്‍ഹി ഡൈനാമോസിനെതിരെ പന്തടക്കത്തിലും ആക്രമണത്തിലും മികച്ചുനിന്നെങ്കിലും നിര്‍ഭാഗ്യം വിലങ്ങുതടിയായതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനു ഗോളൊന്നും നേടാനാകാതെ പോയത്. ഇടവേളയ്ക്കു തൊട്ടുമുന്‍പു ലഭിച്ച മികച്ചൊരു അവസരം മൈക്കല്‍ ചോപ്ര ഗോളിലേക്കു തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി ഗോളി ഡോബ്ലാസ് മികച്ചൊരു സേവിലൂടെ ഡല്‍ഹിയുടെ രക്ഷകനായി.
ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കോടെയാണു രണ്ടാം പകുതിക്കു തുടക്കമായത്. എന്നാല്‍ ഫ്രീകിക്ക് തടയാനുള്ള ശ്രമത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു പരുക്കേറ്റ അന്റോണിയോ ഡോബ്ലാസ് പുറത്തുപോയതോടെ 54ാം മിനിറ്റില്‍ പകരക്കാരന്‍ ഗോളി മെയ്‌തേയി സോറാം ഡല്‍ഹി വല കാക്കാനെത്തി. ഇടയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും അതും പാഴായി.
64ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ആദ്യ മാറ്റമെത്തി. ക്യാപ്റ്റന്‍ സെഡ്രിക് ഹെങ്ബാര്‍ത്തിനു പകരം ഹെയ്റ്റി താരം എന്‍ഡോയെ കളത്തിലിറങ്ങി. ഡല്‍ഹി നിരയില്‍ കെവിന്‍ ലെവിസിനു പകരം ബ്രൂണോ പെലിസാറിയുമിറങ്ങി. തൊട്ടുപിന്നാലെ 65ാം മിനിറ്റില്‍ മൈക്കല്‍ ചോപ്ര വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 69ാം മിനിറ്റില്‍ ഡല്‍ഹിയുടെ മികച്ചൊരു മുന്നേറ്റം ഓഫ്‌സൈഡ് കെണിയില്‍ അവസാനിച്ചു.
75ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് നേസണു പകരം ബെല്‍ഫോര്‍ട്ടിനെ ഇറക്കി. മുന്നേറ്റത്തിനു മൂര്‍ച്ച കൂട്ടി. എന്നാല്‍, ഗോളുറപ്പിക്കാനുന്ന ഒരു മുന്നേറ്റം പോലും ഇത്തവണയും വന്നില്ല. ഇടയ്ക്ക് അന്റോണിയോ ജര്‍മന്റെ ചില മികച്ച മുന്നേറ്റങ്ങള്‍ ആരാധകരെ ത്രസിപ്പിച്ചെങ്കിലും അവയൊന്നും ഗോളിലേക്കെത്തിയില്ല.മല്‍സരം അവസാന നിമിഷങ്ങളിലേക്കു കടന്നതോടെ ഏതുവിധേനയും ഗോള്‍ എന്നതായി ടീമുകളുടെ ലക്ഷ്യം. ഇതു താരങ്ങള്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്കും അനാവശ്യ ഫൗളുകളിലേക്കും നയിച്ചു. ബോക്‌സിനുള്ളില്‍ വീഴുന്നതായി അഭിനയിച്ച മൈക്കല്‍ ചോപ്രയ്ക്കും റഫറിയോടു തര്‍ക്കിച്ച മെഹ്താബ് ഹുസൈനും കിട്ടി ഓരോ മഞ്ഞക്കാര്‍ഡ്.