കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകകരുടെ ആവേശകൊടുമുടിക്കുമേലെ ഐഎസ്എലില്‍ കൊല്‍ക്കൊത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. സെമിഫൈനലില്‍ ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ ഷൂട്ടൗട്ടില്‍ മറികടന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്ക്കുമുന്നില്‍ അടിയറവ് പറയേണ്ടിവന്നു.
ഗാലറിയെ മഞ്ഞക്കടലാക്കിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഇതോടെ, ആദ്യസീസണില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കൈവിട്ട കിരീടം സ്വന്തം മണ്ണില്‍ തിരിച്ചുപിടിക്കാമെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹം പൊലിഞ്ഞു. രണ്ടാം സീസണില്‍ കൈവിട്ടുപോയ കിരീടം കൊല്‍ക്കത്ത വീണ്ടെടുക്കുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സിനായി കിക്കെടുത്ത അന്റോണിയോ ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എന്‍ഹാജി എന്‍ഡോയെ എടുത്ത മൂന്നാം കിക്ക് പുറത്തുപോയി. അഞ്ചാം കിക്കെടുത്ത സെഡ്രിക് ഹെങ്ബാര്‍ത്തിന്റെ ഷോട്ട് കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ മജുംദാറിന്റെ കാലില്‍ത്തട്ടി തെറിച്ചു. കൊല്‍ക്കത്തയ്ക്കായി ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന് പിഴച്ചെങ്കിലും തുടര്‍ന്ന് കിക്കെടുത്ത സമീഗ് ദൗത്തി, ബോര്‍യ ഫെര്‍ണാണ്ടസ്, ഹവിയര്‍ ലാറ, ജുവല്‍ രാജ എന്നിവര്‍ ലക്ഷ്യം കണ്ടതോടെ ഒരിക്കല്‍ക്കൂടി കൊല്‍ക്കത്തയ്ക്കു മുന്നില്‍ ബ്ലാസ്റ്റേഴ്സ് കിരീടം കൈവിട്ടു.