ഐഎസ്എൽ ഫൈനലിലെ തർക്കം; ഗോവയ്ക്കു 11 കോടി രൂപ പിഴ

സ്‌പോട്‌സ് ഡെസ്‌ക്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) കഴിഞ്ഞ സീസണിലെ ഫൈനലിന് ശേഷം നടത്തിയ അഴിഞ്ഞാട്ടങ്ങൾക്ക് എഫ്.സി ഗോവക്ക് കനത്ത പിഴ. 11 കോടി രൂപ ടീമിന് പിഴ വിധിച്ച ഐ.എസ്.എൽ റെഗുലേറ്ററി കമീഷൻ, ക്‌ളബിന്റെ ഉടമകൾക്ക് വിലക്കും പ്രഖ്യാപിച്ചു. എഫ്.സി ഗോവയുടെ സംയുക്ത ഉടമകളായ ദത്തരാജ് സാൽഗോക്കറിന് മൂന്നും ശ്രീനിവാസ് ഡെംപോക്ക് രണ്ടും വർഷം ഐ.എസ്.എല്ലിൽ വിലക്കും ഏർപ്പെടുത്തി. അടുത്ത സീസണിൽ എഫ്.സി ഗോവയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച് 15 പോയൻറ് കുറക്കാനും കമീഷൻ തീരുമാനിച്ചു. അടുത്ത സീസണിൽ മൈനസ് 15 പോയൻറിൽ നിന്നാകും ഗോവ മത്സരം തുടങ്ങുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം ഡിസംബർ 20ന് ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 23ന് ചെന്നൈയിൻ എഫ്.സിയോട് തോറ്റതിന്റെ കലിപ്പിലാണ് ആതിഥേയ താരങ്ങൾ അഴിഞ്ഞാടിയത്. ചെന്നൈയുടെ ബ്രസീൽ താരം എലാനോയെ എഫ്.സി ഗോവ ഉടമകളുടെ പ്രേരണയിൽ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.നിരവധി കുറ്റങ്ങളാണ് കമീഷൻ കണ്ടത്തെിയത്. മത്സരവും കിരീടധാരണ ചടങ്ങും ബഹിഷ്‌കരിച്ചതും പരസ്യമായി വിമർശിച്ചതും കമീഷൻ എടുത്തുപറയുന്നു. ഒഫീഷ്യലുകളെ ഭീഷണിപ്പെടുത്തി, ഒത്തുകളിയാരോപിച്ചു, ലീഗിന്റെ ചട്ടങ്ങൾ പാലിച്ചില്ല എന്നിവയും കുറ്റമാണ്.
എഫ്.സി ഗോവക്കുള്ള പിഴയിൽ 10 കോടി രൂപ ഫുട്ബാൾ സ്‌പോർട്‌സ് ഡെവലപ്‌മെൻറിന് നൽകണം. ബാക്കി ഒരു കോടി ചെന്നൈയിൻ എഫ്.സിക്ക് കൈമാറണം. ഉത്തരവിനെതിരെ അപ്പീൽ നൽകാനവകാശമുണ്ട്.ജസ്റ്റിസ് ഡി.എ മത്തേയുടെ നേതൃത്വത്തിലുള്ള റെഗുലേറ്ററി കമീഷനിൽ ഡി. ശിവാനന്ദൻ, വിദുഷ്പത് സിംഘാനിയ, ജസ്റ്റിസ് ബി.എൻ. മത്തേ, ക്രിക്കറ്റർ കിരൺ മോറെ എന്നിവരും അംഗങ്ങളായിരുന്നു.

Top