ക്രൈം ഡെസ്ക്
കണ്ണൂർ: പ്രതിവർഷം ആയിരത്തോളം യുവാക്കളെ മതപരിവർത്തനത്തിനു വിധേയരാക്കിയ കണ്ണൂരിലെ മതപഠന കേന്ദ്രം എൻഐഎയുടെ നിരീക്ഷണത്തിൽ. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവിധ മതവിശ്വാസികളെ മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേന്ദ്രമാണ് ഐഎസ് ബന്ധമെന്ന സംശയത്തെ തുടർന്നു എൻഐഎ സംഘം പരിശോധിക്കാൻ തയ്യാറെടുക്കുന്നത്.
കണ്ണൂർ കനകമലയിൽനിന്ന് എൻ.ഐ.എ. പിടികൂടിയ ഐ.എസ്. അനുകൂലികളായവരുടെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള ഇവരെ ചോദ്യംചെയ്യുന്നതിലൂടെ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഐ.എസിനെ തള്ളിപ്പറയാത്ത ചില തീവ്ര ഇസ്ലാമിക സംഘടനാനേതാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നു.
മഞ്ചേരി കേന്ദ്രീകരിച്ചു മതപരിവർത്തനം നടത്തുന്ന ഒരു സ്ഥാപനവും രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ്. എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള ആറുപേരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെത്തിച്ചു തെളിവെടുക്കും. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതികളുടെ ചിത്രം പുറത്തുവരാതിരിക്കാൻ അന്വേഷണസംഘം ജാഗ്രത പുലർത്തുന്നു. ഐ.എസിന്റെ കേരളഘടകമായ അൻസാറുൽ ഖിലാഫയുടെ ചില പ്രവർത്തകർ വിദേശത്തേക്കു കടന്നതായാണു സൂചന.
ഇവരെക്കുറിച്ച് അന്വേഷണസംഘത്തിനു കൃത്യമായ വിവരം ലഭിച്ചു. ഐ.എസിന്റെ കേരളത്തിലെ ഓപ്പറേഷൻസ് മേധാവി കണ്ണൂർ ചൊ€ി അണിയാരത്ത് മദീനമഹലിൽ മൻസീദ് (30) പിടിയിലായിട്ടും സാമൂഹികമാധ്യമങ്ങളിൽ സംഘടനയുടെ ആശയപ്രചാരണം സജീവമാണ്. ഇതിനു ചുക്കാൻ പിടിക്കുന്നവരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരങ്ങൾ ലഭിച്ചു. ‘മുഹാജിറുൻ 2016’ എന്നത് ഐ.എസിന്റെ മലയാളം ബ്ലോഗാണെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചു.
കനകമലയിൽനിന്ന് ഐ.എസ്. അനുഭാവികളെ പിടികൂടുന്നതിനു തലേന്നും ഈ ബ്ലോഗിൽ ജിഹാദ് (വിശുദ്ധയുദ്ധം) ആഹ്വാനമുണ്ടായിരുന്നു. കാസർഗോഡ്, പാലക്കാട് ജില്ലകളിൽനിന്ന് 21 പേർ ഐ.എസിൽ ചേർന്നതിനേത്തുടർന്നു മലയാളം ബ്ലോഗ് രഹസ്യാന്വേഷണവിഭാഗം പൂട്ടിച്ചിരുന്നു. പിന്നീടു പേരിൽ ചെറിയ മാറ്റം വരുത്തി ബ്ലോഗ് പുനരാരംഭിച്ചു. വ്യാജ പ്രൊെഫെലുകളിൽ ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെക്കുറിച്ചു വിവരങ്ങൾ നൽകാൻ ഫെയ്സ്ബുക്, ഗൂഗിൾ അധികൃതരോട് എൻ.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്.