ദോഹ: ഇസ്‌ലാമിക ലോകത്തെ സ്വാധീനിച്ച 500 വ്യക്തികളില്‍ മലയാളിയും ഇടംനേടി. കനേഡിയന്‍ പൗരത്വമുള്ള പ്രമുഖ അഭിഭാഷകന്‍ ഫൈസല്‍കുട്ടിയാണ് അമ്മാനിലെ റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ തയ്യാറാക്കിയ 500 പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി ഡോ. അഹ്മദ് കുട്ടിയുടെയും സുഹ്‌റയുടെയും മകനാണ് ഫൈസല്‍കുട്ടി. പണ്ഡിതന്മാര്‍, രാഷ്ട്രീ യം, ഭരണരംഗവും മതകാര്യവും, മതപ്രബോധകര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ബിസിനസ്, ശാസ്ത്രവും സാങ്കേതികവിദ്യയും, കലയും സംസ്‌കാരവും, ഖുര്‍ആന്‍ പാരായണം, മാധ്യമരംഗം, സെലിബ്രിറ്റികളും കായിക താരങ്ങളും, തീവ്രവാദികള്‍ തുടങ്ങിയ വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സമൂഹത്തെ ഗുണപരമായും ദോഷകരമായും സ്വാധീനിച്ചവര്‍ പട്ടികയിലുണ്ട്.
ഇതില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്തയാള്‍ എന്ന നിലയിലാണ് ഫൈസ ല്‍കുട്ടി അംഗീകാരം നേടിയിരിക്കുന്നത്. കാനഡയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നയാളാണ് ഫൈസല്‍കുട്ടി. സപ്തംബര്‍ 11ന് ശേഷം നിര്‍മിച്ചെടുത്ത പല ഭീകരവിരുദ്ധ നിയമങ്ങളുടെയും ദുരുപയോഗത്തിനെതിരേ അദ്ദേഹം ശക്തമായി രംഗത്തെത്തിയിരുന്നു. മെഹര്‍ അറാര്‍ കേസ്, കാനഡയിലെ നോ ഫ്‌ളൈ ലിസ്റ്റ്, ശരീഅഃ നിയമം അടിസ്ഥാനമാക്കിയുള്ള കുടുംബ കോടതി, 2006ലെ ഒണ്ടേറിയ ഭീകരാക്രമണ പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ നിയമപരമായ അദ്ദേഹത്തിന്റെ ഇടപെടല്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പ്രമുഖ കനേഡിയന്‍ നിയമ സ്ഥാപനമായ കെ.എസ്. എം. ലോയുടെ സഹസ്ഥാപകനാണ്. കനേഡിയന്‍ മുസ്‌ലിം സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ആദ്യ ലീഗല്‍ കൗണ്‍സിലായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
നേരത്തേ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ റിലേഷ ന്‍സ് (കനേഡിയന്‍ ചാപ്റ്റ ര്‍) വൈസ് ചെയറും ലീഗല്‍ കൗണ്‍സിലുമായി പ്രവര്‍ത്തിച്ചു. ദേശീയ സുരക്ഷ, മതം, നിയമം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളി ല്‍ അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യാനയിലെ വാല്‍പരയ്‌സോ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ അസിസ്റ്റന്റ് പ്രഫസറായി സേവനമനുഷ്ഠിക്കുകയാണ്. ടൊറോന്റോയിലെ ഓസ്ഗുഡ് ഹാള്‍ ലോ സ്‌കൂളിലെ നിയമവിഭാഗം പ്രഫസറായും ജോലി ചെയ്യുന്നു. 1970കളിലാണ് ഫൈസ ല്‍കുട്ടിയുടെ കുടുംബം കാനഡയിലേക്കു കുടിയേറി യത്.