ജറൂസലം:ശനിയാഴ്ച രാത്രി രണ്ട് ഇസ്രാഈല്‍ പൗരന്മാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പഴയ ജറൂസലം നഗരത്തിലേക്ക് കടക്കുന്നതില്‍നിന്ന് ഇസ്രാഈല്‍ പൊലീസ് ഫലസ്തീനികളെ തടഞ്ഞു.ശനിയാഴ്ച രാത്രി രണ്ട് ഇസ്രാഈല്‍ പൗരന്മാര്‍ കുത്തേറ്റ് മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമിയെന്ന് ആരോപിച്ച് ഒരു ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ പൊലീസ് വെടിവെച്ചുകൊന്നു.ഞായറാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ ജറൂസലമില്‍ മറ്റൊരു ഇസ്രാഈല്‍ പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഫലസ്തീന്‍കാരനെയും വെടിവെച്ചു കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ പൊലീസ് അവകാശപ്പെട്ടു. മസ്ജിദുല്‍ അഖ്‌സയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് രണ്ട് ജൂതദമ്പതികള്‍ കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് വെടിയേറ്റ് മരിച്ചിരുന്നു. ഇവരുടെ കൊലയാളിയെത്തേടി ഫലസ്തീനികളെ വേട്ടയാടാനാണ് ഇസ്രാഈലിന്റെ ശ്രമം.
അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ പഴയ നഗരത്തിലേക്ക് ഇസ്രാഈല്‍ പൗരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥന നടത്താനുള്ള അവകാശം 50 വയസിനു മുകളിലുള്ള പ്രദേശവാസികളായ ഫലസ്തീനികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. സ്ത്രീകള്‍ക്കു നിയന്ത്രണമൊന്നുമില്ല. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ജൂത കുടിയേറ്റക്കാര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രാഈല്‍ ഭരണകൂടത്തിനാണ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) സെക്രട്ടറി ജനറല്‍ സാഇബ് എറകാത് വ്യക്തമാക്കി.
ഇസ്രാഈല്‍ സേനയുടെ അതിക്രമങ്ങളും അനധികൃത പാര്‍പ്പിട നിര്‍മാണങ്ങളും കുടിയേറ്റവും വര്‍ധിച്ചതാണ് ഫലസ്തീനികളെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ മണ്ണില്‍ നിയമവിരുദ്ധമായി ജൂതപാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നത്. ജറൂസലമും വെസ്റ്റ്ബാങ്കും അടച്ച് പ്രത്യേക പ്രതിരോധ കവചം തീര്‍ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് എറകാത് ആരോപിച്ചു. ഇസ്രാഈല്‍ നയങ്ങളോടുള്ള സ്വാഭാവിക പ്രതികരണമെന്നാണ് കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങളെ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്.