ഇറാന്റെ ആണവ പ്ലാന്റുകളിലും എണ്ണ ഖനന പ്രദേശങ്ങളിലും ആക്രമണം നടത്തി ഇറാനെ സാമ്പത്തികമായി തളർത്താനല്ല നീക്കവുമായി ഇസ്രയേൽ . ഇപ്പോഴത്തെ ഇറാൻ– ഇസ്രയേൽ സംഘർഷം ശക്തമായാൽ അത് രാഷ്ട്രീയമായും സാമ്പത്തികമായും വൻ പ്രതിസന്ധികൾക്കും വഴിവച്ചേക്കും. ലോകത്തിലെ വലിയ എണ്ണ ഉൽപാദകരിൽ ഒന്നായ ഇറാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന നീക്കങ്ങൾ രാജ്യാന്തരതലത്തിൽ വിപണികളെ പിടിച്ചുലയ്ക്കുമെന്നുറപ്പാണ് .ഇറാനെതിരെ യുഎസ് ഉൾപ്പെടെ ഉപരോധം ശക്തമാക്കിയാൽ വിപണിയിൽ എന്തു സംഭവിക്കും? ഇറാന്റെ എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ എത്രത്തോളം വിഹിതമുണ്ട്? എണ്ണ വിപണിയിലെ പ്രതിസന്ധി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും?
ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്‍വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു.
ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്ക പങ്കുവെച്ച് ഇസ്രയേലിലെ ഇന്ത്യൻ വംശജർ. ഇത്രയധികം ഭയപ്പെടുത്തുന്ന അവസ്ഥ മുമ്പ് കണ്ടിട്ടില്ലെന്നും ഭയം തോന്നുന്നുവെന്നുമാണ് വിദ്യാർത്ഥികളടക്കം ടെൽ അവീവിലെ ഇന്ത്യൻ പൗരന്മാർ പറയുന്നത്.
ഇറാന്റെ ആക്രമണവും ഹിസ്ബുള്ളയുടെ തിരിച്ചടിയും ശക്തമായതോടെ യുദ്ധ സമാന സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇസ്രയേലിൽ ദിനം പ്രതി സാഹചര്യങ്ങൾ ഭയാനകമാകുകയാണെന്നാണ് കൊൽക്കത്ത സ്വദേശിയും ടെൽ അവീവിലെ ബർ-ഇലൻ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ നിലബ്ജ റോയ് ചൗധരി പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ ബോംബ് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ഇസ്രയേൽ- ഹമാസ് സംഘർഷം ഇത്ര പ്രയാസം ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്, റോയ് ചൗധരി പറഞ്ഞു.
പ്രയാസമുള്ള സാഹചര്യങ്ങളാണ്. ഇത്രയും ഭയാനകമായ മറ്റൊന്ന് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല, ടെൽ അവീവിൽ ജോലി ചെയ്യുന്ന തെലങ്കാന സ്വദേശി രാജേഷ് മെഡിചേരിയ പറഞ്ഞു. ബിൽഡിങ്ങിന് മുകളിലേക്ക് മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. മിക്ക അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് നിലച്ചതോടെ നാട്ടിലേക്ക് തിരിച്ചെത്താനാകാതെ പ്രതിസന്ധിയിലാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർ.
വടക്കൻ നഗരങ്ങളായ സഫേദ്, ഹൈഫ തുടങ്ങിയ പ്രദേശങ്ങളെ സംഘർഷം സാരമായി ബാധിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങൾ പലതും ഒഴിപ്പിച്ചിട്ടുണ്ട്. സൈറണുകൾ മുഴങ്ങുന്ന സാഹചര്യത്തിൽ മണിക്കൂറുകളോളം ജനങ്ങൾ ബങ്കറിൽ തുടരേണ്ട സ്ഥിതിയാണുള്ളത്. തെലങ്കാനയിൽ നിന്ന് മാത്രം എഴുന്നൂറോളം പേരാണ് ടെൽ അവീവിലുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പലരും കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ ഹിസ്ബുളളയും ഹൂതികളും തിരിച്ചടിച്ചിരുന്നു. ചൊവ്വാഴ്ച ഇസ്രയേൽ കരസേന ആക്രമണം പ്രഖ്യാപിച്ചതിന് ശേഷം നേർക്കുനേർ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. സൈന്യത്തിന് കാര്യമായ നഷ്ടമുണ്ടായതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ക്യാപ്റ്റൻ എയ്തൻ ഇത്‌സ്ഹാക്ക് കൊല്ലപ്പെട്ടിരുന്നു.