ബെയ്‌റൂട്ട്: ലെബനനില്‍ ശക്തമായ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലാണ് ആക്രമണം. ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കുമ്പോള്‍ ആദ്യം തന്നെ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളാണ്. തെക്കന്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇപ്പോഴും ആഞ്ഞടിക്കുകയാണ്. എന്നാല്‍ ഹിസ്ബുള്ള ആകട്ടെ തീര്‍ത്തും കരുത്ത് ചോര്‍ന്ന് ഇസ്രയേലിനെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്.വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോട് കൂടിയാണ് ഇസ്രയേല്‍ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പരിമിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ലെബനീസിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് കരയാക്രമണം ആരംഭിച്ചിരിക്കുന്നത്. തീരദേശ നഗരമായ സിഡോണിലെ ഐന്‍ അല്‍-ഹില്‍വേ അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തി. കരയാക്രമണത്തോടൊപ്പം വ്യോമാക്രമണവും ഇസ്രയേല്‍ തുടരുന്നുണ്ട്. തെക്കന്‍ ലെബനനിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ശബ്ദത്തോട് കൂടിയുള്ള വ്യോമാക്രമണം നടന്നുവെന്നും ബെയ്‌റൂട്ടിലെ പ്രാന്തപ്രദേശങ്ങളില്‍ പുക ഉയരുന്നത് കണ്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇസ്രയേല്‍ സൈനികരും ഹിസ്ബുള്ളയും നേരിട്ടുള്ള ഏറ്റുമുട്ടലുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് നേതാക്കളെ ലക്ഷ്യമിട്ട് കൊണ്ട് ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം നടത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു. അതേസമയം ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുളള. ടെല്‍ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തി. എന്നാല്‍ പത്തോളം റോക്കറ്റുകള്‍ തടഞ്ഞെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ലെബനനില്‍ നിന്നും ഇസ്രയേലില്‍ നിന്നും വീട് വിട്ട് പലായനം ചെയ്തത്. ഈ മാസം സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ 100, 000ലധികം പേരാണ് ലെബനനില്‍ നിന്ന് സിറിയയിലേക്ക് മാത്രം കുടിയേറിയത്.അതേസമയം ഇസ്രയേല്‍ കരയാക്രമണം ആരംഭിച്ചത് അറിയിച്ചെന്ന് അമേരിക്ക അറിയിച്ചു. സംഘര്‍ഷത്തോട് പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു.
ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കി ഹിസ്ബുള്ള താവളങ്ങള്‍ മാത്രം കൃത്യമായി ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം അവിടെ മുന്നേറുന്നത്. മാസങ്ങളായി ഇത്തരം കാര്യങ്ങളില്‍ വിദഗ്ധ പരിശീലനം നേടിയ സൈനികരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. കരയുദ്ധം ആരംഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇസ്രയേല്‍ ടാങ്കുകള്‍ തെക്കന്‍ ലബനനിലെ ഗ്രാമീണ മേഖലകളില്‍ പ്രവേശിച്ചെന്നാണ് അറബ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.
2006 ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ കരയുദ്ധത്തിനായി എത്തുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ ബൂട്ടുകള്‍ ലബനന്റെ മണ്ണില്‍ പതിയും എന്ന് പ്രതിരോധ മന്ത്രി യവ് ഗാലന്റ് പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ബെയ്റൂട്ടിലെ വിവിധ മേഖലകളില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ സൈനിക നടപടികളെ കുറിച്ച് ഊഹാപോഹങ്ങള്‍ പരത്തരുതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.