കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ കടയുടമകൾ അപമാനിച്ച് ഇറക്കിവിട്ട് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. ഇസ്രായേൽ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കടയിൽ നിന്നും വിനോദ സഞ്ചാരികളെ ഇറക്കി വിടുകയായിരുന്നു. ഇതിനെ തുടർന്ന് സമീപ വാസികളായ മറ്റ് വ്യാപാരികൾ ഇടപെടുകയും, കടയുടമ വിനോദ സഞ്ചാരികളോട് മാപ്പ് പറയുകയുമായിരിന്നു.
കശ്മീർ സ്വദേശികൾ നടത്തുന്ന കടയിലാണ് ഇസ്രായേൽ പൗരന്മാരായ വിനോദ സഞ്ചാരികൾ എത്തിയത്. ഇവർ ഇസ്രായേൽ പൗരന്മാർ ആണെന്ന് മനസിലായതോടെയാണ് അപമാനിച്ച് ഇറക്കി വിടാൻ കടയുടമ തയ്യാറായത്. ഇസ്രായേൽ പൗരന്മാർ ആയത് കൊണ്ട് വിനോദ സഞ്ചാരികളെ ഇറക്കി വിട്ടു എന്ന് മനസിലാക്കിയതിനെ തുടർന്ന് സമീപത്തുള്ള കടക്കാർ ഇടപെടുകയായിരുന്നു.
കാശ്മീർ സ്വദേശികളായ വ്യാപാരികളുടെ പശ്ചാത്തലമടക്കം അന്വേഷണപരിധിയിൽ വരുന്നുണ്ട്. വിഷയത്തിൽ പരാതി ഇല്ലെന്ന് ഇസ്രായേൽ സ്വദേശികൾ പൊലീസിനെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ വിഷയം ഒതുക്കി തീർക്കാൻ ഏതെങ്കിലും തരത്തിൽ ശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യമടക്കം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിക്കും.
കുമളിയിൽ തന്നെ കടകൾ നടത്തുന്ന നിരവധി കശ്മീർ വ്യാപാരികളുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. അതേസമയം കശ്മീർ വ്യാപാരികൾക്ക് ഇനി കെട്ടിടം വാടകയ്‌ക്ക് നൽകാനാകില്ലെന്ന നിലപാട് കെട്ടിട ഉടമ അറിയിച്ചു. കുമളി സ്വദേശിയും കശ്മീർ സ്വദേശികളായ രണ്ട് പേരും ചേർന്ന് പാർട്ണർഷിപ്പിൽ നടത്തുന്ന സ്ഥാപനത്തിലെത്തിയ ഇസ്രായേൽ സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് കുമളിയിലെ ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് എന്ന കടയിൽ ഇസ്രയേൽ സ്വദേശിയായ ഡോവർ വാൽഫർ സാധനം വാങ്ങാൻ എത്തിയത്. വഴിയിലൂടെ നടന്ന് പോകുന്നതിനിടെ നടത്തിപ്പുകാർ തന്നെയാണ് ഇവരെ കടയിലേക്ക് വിളിച്ചു കയറ്റുന്നത്. കടയിൽ എത്തിയ ശേഷം ഇദ്ദേഹം ഫോണിൽ ഹീബ്രു ഭാഷയിൽ സംസാരിക്കുന്നത് കശ്മീർ സ്വദേശിയായ ഹയാസ് അഹമ്മദ് റാത്തർ ശ്രദ്ധിച്ചു. എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് ഇസ്രായേലിൽ നിന്നാണെന്ന് മറുപടി പറഞ്ഞതോടെ ഇയാൾ ഡോവർ വാൽഫറിനെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്ന് സാധനങ്ങൾ തരില്ലെന്നും കടയിൽ നിന്ന് ഇറങ്ങിപ്പോകണമെന്നും ഇയാൾ ആക്രോശിച്ചു.
ബഹളം കേട്ട് സമീപത്തെ കടക്കാരും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളും കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹയാസ് അഹമ്മദ് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ്പ് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.