മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടിക്കും.ആശങ്കയോടെ ലോകം. ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.ഇറാന്റെ ഓയിൽ ശേഖരം ലക്ഷ്യമിടാൻ ഇസ്രയേൽ

ടെഹ്റാന്‍: ചൊവ്വാഴ്ചത്തെ ഇറാൻ്റെ പ്രധാന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇസ്രായേൽ തിരിച്ചടിക്കും . ഗ്യാസ് അല്ലെങ്കിൽ ഓയിൽ റിഗ്ഗുകൾ പോലുള്ള തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ തകർത്തോ അല്ലെങ്കിൽ ഇറാൻ്റെ ആണവ സൈറ്റുകൾ നേരിട്ട് ലക്ഷ്യം വച്ചോ ആയിരിക്കും തിരിച്ചടി.
ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളും സാധ്യമായ പ്രതികരണങ്ങളാണെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.

ഇറാൻ്റെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കും. 2023 ഒക്ടോബറിൽ ഹമാസ് ഭീകരസംഘം ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ആരംഭിച്ച യുദ്ധത്തിന് ഏകദേശം ഒരു വർഷം കഴിഞ്ഞിരിക്കയാണ് . ഇന്നലെ ഇറാന്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ലോകം കടുത്ത ആശങ്കയിലാണ്. കാരണം ഇറാന് ഇസ്രായേല്‍ കൊടുക്കുന്ന മറുപടി എങ്ങനെയാകും എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രായേല്‍ തിരിച്ചടിക്കുമെന്ന കാര്യം ഉറപ്പാണ്. അതെങ്ങനെയാകും എന്നതാണ് ഇനി അറിയേണ്ട കാര്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഖലയില്‍ യുദ്ധഭീതി മുറുകവേ ഇറാനിലേക്ക് ഇന്ത്യക്കാര്‍ തല്‍ക്കാലം യാത്ര ചെയ്യേണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേല്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

അതേസമയം പശ്ചിമേഷ്യയിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങള്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കണമെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിമിതമായ തോതില്‍ മാത്രമാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് പറഞ്ഞ് ഇറാന്‍ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും മേജര്‍ ജനറല്‍ മുഹമ്മദ് ബാഗരി പറഞ്ഞു. ഇസ്രായേലിന്റെ മിലിറ്ററി ഇന്‍ഫ്രാസ്‌ടെക്ചര്‍, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയര്‍ബേസ്, ഹാറ്റ്‌സോര്‍ എയര്‍ബേസ്, റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടിയുണ്ടാവും. ഇസ്രായേലിന്റെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്മാഈല്‍ ഹനിയ്യ, ഹസന്‍ നസ്‌റുല്ല, അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇറാന്‍ അറിയിച്ചു. ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം ഞങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു.

തുടര്‍ന്ന് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്ന് അമേരിക്കയില്‍ ഉള്ളവരോടും യുറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഹസന്‍ നസ്‌റുല്ലയുടെയും കമാന്‍ഡര്‍ നില്‍ഫോര്‍ഷന്റേയും കൊലപാതകങ്ങള്‍ തിരിച്ചടി അനിവാര്യമാക്കിയെന്നും സൈനിക മേധാവി പറഞ്ഞു.

തെല്‍ അവീവിനുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്രായേലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

ഓയിൽ വിലയിൽ നാല് ശതമാനത്തിന്റെ വർദ്ധനവാണ് ഒറ്റ ദിവസംകൊണ്ട് ഉണ്ടായത്. യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് സിഎൽസി1 ഫ്യൂച്ചേഴ്സ് 1.05 ഡോളർ (1.48 ശതമാനം) ഉയർന്ന് ബാരലിന് 70.86 ഡോളറിലെത്തി. ബ്രെൻ്റ് ഫ്യൂച്ചേഴ്സ് ബാരലിന് 2.51 ഡോളർ (3.5%) ഉയർന്ന് 74.21 ഡോളറിലെത്തി.

ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ മടിക്കില്ലെന്നും ഇറാന്റെ വലിയ ഓയിൽ ശേഖരമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നുമുള്ള വിലയിരുത്തലാണ് വിദഗ്ധർ നടത്തുന്നത്. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും മറ്റ് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം ഇസ്രയേൽ ആസൂത്രണം ചെയ്യുന്നതായി ഇസല്രയേലിന്റെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അക്സിയോസ് എന്ന മാധ്യമം റിപ്പോ‌ർട്ട് ചെയ്യുന്നു.

എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ചാകും പ്രത്യാക്രമണമെന്നും ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉൾപ്പെടെ ഇസ്രയേൽ പദ്ധതിയിടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്സിയോസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോ‍ർട്ട് ചെയ്യുന്നു. ഇറാൻ്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് ​​നേരെയുള്ള ഇസ്രയേൽ ആക്രമണം പ്രതിദിനം ഒരു ദശലക്ഷം ബാരലിലധികം വരുന്ന എണ്ണ വിപണിയെ ബാധിക്കും.

അതേസമയം ഇസ്രയേലിനെതിരായ ഇറാന്റെ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. ആക്രമണങ്ങളും പ്രതികാര നടപടികളും നിർത്തണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നത്. വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരണമെന്ന് യൂറോപ്യ കമ്മിഷൻസ് വൈസ് പ്രസിഡന്റ് ജോസഫ് ബോറൽ ആവശ്യപ്പെട്ടു.

ഇതിനിടെ സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെ റെക്കോർഡ് വിലയിലെത്തി കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പമാണ് ഇപ്പോഴത്തെ സ്വർണവില എത്തി നിൽക്കുന്നത്. 27ന് റെക്കോര്‍ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.

യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. ഇറാൻ- ഇസ്രയേൽ സംഘർഷവും സ്വർണവിലയെ ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വില വർദ്ധിക്കാനാണ് സാധ്യത.

 

Top