ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേയ്ക്ക് തിരിയുന്ന ദിവസമാണ് ഈ വരുന്ന ഫെബ്രുവരി 15. അന്ന് ഒരു ചരിത്ര ദൗത്യത്തിനായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരുങ്ങുന്ന ദിവസമാണ്. ഫെബ്രുവരി 15 രാവിലെ 9 ന് ലോകശ്രദ്ധ ഇന്ത്യയിലായിരിക്കും. ലോക ശക്തികള്‍ക്ക് പോലും ഇതുവരെ സാധിക്കാത്ത ഒരു ദൗത്യമാണ് ഐഎസ്ആര്‍ഒ അന്ന് നിറവേറ്റുന്നത്. അതെ ഫെബ്രുവരി 15 ന് രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യ വിക്ഷേപിക്കാന്‍ പോകുന്നത്.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആര്‍ഒയുടെ ഈ ദൗത്യത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആര്‍ഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാല്‍ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആര്‍ഒയുടെ കുതിപ്പ് നോക്കികാണുന്നത്.
രാജ്യാന്തര ബഹിരാകാശ ചരിത്രത്തില്‍ തന്നെ ഇതു ആദ്യ സംഭവമാണ്. ലോകശക്തികള്‍ പോലും വലിയ റിസ്‌ക് ഏറ്റെടുക്കാന്‍ തയാറാകാത്ത വലിയൊരു പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് ഐഎസ്ആര്‍ഒ. ഒരു റോക്കറ്റിലാണ് 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. സെക്കന്‍ഡുകളുടൈ വ്യത്യാസത്തിലാവും ഓരോ ഉപഗ്രഹവും ഭ്രമണപഥത്തില്‍ വിന്യസിക്കുക. കാര്യങ്ങള്‍ ശരിയായ വഴിക്കു നീങ്ങിയാല്‍ ഫെബ്രുവരി 15 ന് വിക്ഷേപണം നടക്കുമെന്നാണ് ഔദ്യോഗക റിപ്പോര്‍ട്ട്.
ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 സാറ്റ്ലൈറ്റുകളും ഒന്നിച്ചു വിക്ഷേപിക്കും. പിഎസ്എല്‍വി സി37 ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിലും ഐഎസ്ആര്‍ഒ വിജയിച്ചു.
ഇനിയുള്ളത് വലിയൊരു ലക്ഷ്യമാണ്. 104 ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ 1500 കിലോഗ്രാം വരുന്ന പേലോഡ് വിക്ഷേപണം വിജയിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറും. ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോഗ്രാമിന്റെ ചെറിയ ഉപഗ്രഹങ്ങാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ 730 കിലോഗ്രാം ഭാരമുള്ള മൂന്നു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. നേരത്തെ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 104 കടക്കുകയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂര്‍, ജര്‍മ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐഎസ്ആര്‍ഒ ആണ്.
ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുക്കൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആര്‍ഒ നേടിയത്. 2014-15 വര്‍ഷത്തില്‍ 415.4 കോടി രൂപയാണ് ഐഎസ്ആര്‍ഒ നേടിയത്. 2013-14 ല്‍ ഇത് 136 കോടി രൂപയായിരുന്നു.