ചെന്നൈ: രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യ. ലോകത്തിലെ മറ്റൊരു രാജ്യവും ചെയ്ത് വിജയിപ്പിച്ചിട്ടാല്ലത്ത ബഹിരാകാശ സാഹസത്തില്‍ വെന്നിക്കൊടി പാറിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വിക്ഷേപണം വിജയിച്ചു. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിലെത്തിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു.
വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വി-സി 37 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി-സി 37 ന്റെ 39-ാം ദൗത്യമാണിത്. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതുപോലെ രാവിലെ 9.28ന് 104 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി-സി 37, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു.
ഇതോടെ, ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ഉപഗ്രങ്ങള്‍ വിക്ഷേപിച്ച രാജ്യമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്കു സ്വന്തം. മുന്‍പ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചതാണ് നിലവിലുള്ള റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിലും ഐഎസ്ആര്‍ഒ വിജയിച്ചു. ചരിത്രദൗത്യത്തില്‍ വിജയം നേടിയ ഐഎസ്ആര്‍ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിനും രാജ്യത്തിന് മുഴുവനും അഭിമാനാര്‍ഹമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചരിത്രനേട്ടത്തിന് കാരണക്കാരായ ശാസ്ത്രജ്ഞരെ രാജ്യം വന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
യുഎസ്, ഇസ്രയേല്‍, കസഖ്സ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നീ വിദേശരാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. ഇതില്‍ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. വിക്ഷേപിച്ച എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാം വരും. ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്.
83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 100 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂര്‍, ജര്‍മ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐഎസ്ആര്‍ഒ ആണ്.
ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുകൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആര്‍ഒ നേടിയത്. 2014-15 വര്‍ഷത്തില്‍ 415.4 കോടി രൂപയാണ് ഐഎസ്ആര്‍ഒ നേടിയത്. 2013-14 ല്‍ ഇത് 136 കോടി രൂപയായിരുന്നു.