തിരുവനന്തപുരം: ഹൈക്കമാന്റിനേയും കെപിസിസിയേയും മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ പാളുന്നു. ഡിസിസി തിരഞ്ഞെടുപ്പില്‍ കാര്യമായി അവഗണന നേരിട്ട ഉമ്മന്‍ ചാണ്ടി ശക്തി തെളിയിച്ച് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ കരുക്കള്‍ നീക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് തടയിട്ട് ഹൈക്കമാന്റ് രംഗത്തെത്തി. വീട്ടുവീഴ്ച്ചയില്ലാത്ത ഈ പോക്ക് കേരളത്തിലെ കോണ്‍ഗ്രസിന് ദേഷം ചെയ്യുമെന്ന് കണ്ടതോടെ ഉമ്മന്‍ചാണ്ടിയെ വരച്ച വരയില്‍ നിര്‍ത്താനാണ് ദേശിയ നേതൃത്വത്തിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയുടെ പുതിയ നീക്കത്തോട് എ കെ ആന്റണിയും പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് എഐസിസിയുടെ തീരുമാനം. അത് കൊണ്ട് തന്നെ രാഷ്ട്രീയ കാര്യ സമതിയില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
പങ്കെടുക്കാന്‍ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാഡ്‌നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും. ഈ മാസം പതിനഞ്ചാം തീയതിയ്ക്കകം ഉമ്മന്‍ചാണ്ടിക്ക് സൗകര്യമുള്ള തീയതി അറിയിച്ചാല്‍ അന്ന് രാഷ്ട്രീയകാര്യ സമിതി ചേരാമെന്നാണ് ഹൈക്കമാന്‍ഡിന്റേയും വി എം സുധീരന്റേയും നിലപാട്. അതിനപ്പുറം സമയം നീട്ടിനല്‍കാനാകില്ലെന്ന് അനൗപചാരികമായി ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടി നേതൃത്വം അറിയിച്ചുകഴിഞ്ഞു.
വരുന്ന പതിനഞ്ചാം തീയതിയ്ക്കകം ഉമ്മന്‍ചാണ്ടിയുടെ സൗകര്യം അറിയിച്ചില്ലെങ്കില്‍ പരസ്യമായി തീയതി പ്രഖ്യാപിച്ച് രാഷ്ട്രീയകാര്യസമിതി വിളിച്ച് ചേര്‍ക്കാനുള്ള അനുവാദം ഹൈക്കമാന്‍ഡ് വി എം സുധീരന് നല്‍കിക്കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള AICC നിരീക്ഷകന്‍ വി ആര്‍ സഭാപതി കാര്യങ്ങള്‍ അനൗപചാരികമായി ഉമ്മന്‍ചാണ്ടിയോട് സംസാരിച്ചിട്ടുണ്ട്.
വി എം സുധീരന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി സൗകര്യമുള്ള തീയതി അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നിസഹരണം കാരണമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത് വൈകുന്നതെന്നാണ് സധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. പല തീയതികള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചെങ്കിലും അനുകൂലസമീപനമല്ല ഉണ്ടാകുന്നതെന്ന് സുധീരന്‍ മുകുള്‍ വാസ്‌നിക്കിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഏറ്റവും അവസാനം ജനുവരി നാലാം തീയതിക്ക് സൗകര്യമുണ്ടോയെന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം അന്നും പങ്കെടുക്കാനികില്ലെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയ വിവരവും സുധീരന്റെ പരാതിയില്‍ ഉണ്ട്.
അനാരോഗ്യം ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറുമ്പോഴും പല പരിപാടികളിലും ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിന് ലഭിച്ചുകഴിഞ്ഞു. ഇതേതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഡി സി സി പ്രസിഡന്റ്മാരുടെ നിയമനത്തിലെ അഭിപ്രായവ്യത്യാസവും സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പും മറ്റുമാണ് ഉമ്മന്‍ചാണ്ടിയുടെ നിസ്സഹകരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ ഈ അവസ്ഥ അംഗീകരിക്കേണ്ടെന്നാണ് സുധീരന്റേയും ഹൈക്കമാന്‍ഡിന്റേയും നിലപാട്.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം രാഷ്ട്രീയകാര്യ സമിതി സുധീരന്‍ വിളിച്ചു ചേര്‍ക്കുകയും അതില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുകയും ചെയ്താല്‍ കടുത്ത അച്ചടക്കലംഘനമായി മാറും. ഉമ്മന്‍ചാണ്ടി പങ്കെടുത്താല്‍ സുധീരന് മുന്നില്‍ കീഴടങ്ങിയതായി വിലയിരുത്തപ്പെടും. അങ്ങനെയായാല്‍ എ ഗ്രൂപ്പ് അണികള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടിയുടെ ശക്തിക്ഷയിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചോര്‍ച്ച തുടങ്ങുകയും ചെയ്യും. ഇത് ഭാവിയില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സുധീര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ഈ അവസ്ഥ ഉമ്മന്‍ചാണ്ടി എങ്ങനെ മറികടക്കുമെന്നതാണ് ശ്രദ്ധേയം.