ന്യൂഡല്‍ഹി: പ്രമുഖ ഏഴ് ഐ.ടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനികള്‍ കുറഞ്ഞത് 56,000 എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതോടെയാണ് ഐ.ടി കമ്പനികള്‍ കടുത്ത തീരുമാനമെടുത്തത്.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്‌നോളജീസ്, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍, ഡി.എക്‌സ്.സി ടെക്‌നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്‌ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കമ്പനികളിലായി 12 ലക്ഷം ജീവനക്കാരാണുള്ളത്.
ഏഴ് കമ്പനികളും പിരിച്ചുവിടലിന്റെ ഭാഗമായി, നിരവധി ജീവനക്കാരെ റേറ്റിങ് മോശമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഗ്‌നിസന്റില്‍ 15,000 പേരെ 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. 3000 സീനിയര്‍ മാനേജര്‍മാരെ ഇന്‍ഫോസിസില്‍ മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍പ്പെടുത്തി. ഡി.എക്‌സ്.സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട് 50ല്‍ നിന്ന് 26 ആക്കി ചുരുക്കാനും തീരുമാനിച്ചതായാണ് വിവരം.