ഐടിക്കു മാത്രമായുള്ള കിന്‍ഫ്രയുടെ ടെക്‌നോളജി പാര്‍ക്ക് മൂന്ന് മാസത്തിനകം

കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കു മാത്രമായി കിന്‍ഫ്ര ഒരുക്കുന്ന പാര്‍ക്കിന്റെ അവസാന മിനുക്കുപണികളാണിപ്പോള്‍ നടന്നു വരുന്നത്. 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള അഞ്ചു നില കെട്ടിടം പണി നേരത്തെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തിന്റെ മുകള്‍ നില പൂര്‍ണമായും പ്ലഗ് ആന്റ് പ്ലേ മാതൃകയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഒരുക്കുന്നത്. സംരംഭകര്‍ക്ക് ഇവിടെ അധിക ചെലവുകളില്ലാതെ പ്രവര്‍ത്തനം ആരംഭിക്കാം.

ഗവ. സൈബര്‍പാര്‍ക്കിനും, യുഎല്‍ സൈബര്‍പാര്‍ക്കിനും ശേഷം കോഴിക്കോട് ഏറ്റവും വിശാലമായ ഐടി ഓഫീസ് ഇടം ഒരുക്കുന്ന പാര്‍ക്കാണിത്. റോഡ്, റെയില്‍, വിമാന മാര്‍ഗം വേഗത്തില്‍ എത്തിച്ചേരാവുന്ന രാമനാട്ടുകര ടെക്‌നോളജി പാര്‍ക്ക് മലബാറിന്റെ ഐടി മുന്നേറ്റത്തിന് ആക്കം കൂട്ടും. തുടക്കത്തില്‍ 700 പേര്‍ക്ക് നേരിട്ടും കൂടുതല്‍ പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളാണ് ഈ പാര്‍ക്ക് തുറന്നിടുന്നത്. രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്കു സമീപം കിന്‍ഫ്രയുടെ 77.76 ഏക്കറിലാണ് അഡ്വാന്‍സ് ടെക്‌നോളജി പാര്‍ക്കിന്റെ ആദ്യഘട്ട കെട്ടിടം പൂര്‍ത്തിയായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top