ക്രൈം ഡെസ്‌ക്
പാറ്റ്‌ന: ജില്ലാ കലക്ടറെ അടക്കം ആറു മാസത്തിനിടെ പതിനായിരം പേരെ പറ്റിച്ച കേസിൽ പെൺവേഷം കെട്ടി താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് മുതൽ ഐഎഎസിന്റെ വരെ വ്യാജ സർട്ടിഫിക്കറ്റുകൾ ഇവരുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. പാറ്റ്‌നാ ജില്ലാ കലക്ടർ സഞ്ജയ് അഗർവാൾ അടക്കം പതിനായിരം പേരെയാണ് പെൺവേഷം കെട്ടിയെത്തിയ യുവാവ് പറ്റിച്ചത്. പാറ്റ്‌നാ സ്വദേശിയായ അവിനാഷാണ് മോണിക്ക എന്ന പേരും സ്വീകരിച്ച് പെൺവേഷത്തിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ സംഘം നടത്തിയിരുന്നത്. ഇയാളെ കലക്ടറുടെ തന്നെ നിർദേശത്തെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌ന കേന്ദ്രീകരിച്ചു വൻ തട്ടിപ്പ് റാക്കറ്റാണ് ഇയാൾ നടത്തിയിരുന്നത്. മോണിക്കാ ട്രാവൽ ആൻഡ് സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കമ്പനി നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇവിടെ വിദ്യാർഥികളെ പഠനത്തിനായി ചേർത്ത് ഇയാൾ ക്ലാസുകൾ എടുത്തിയിരുന്നു. സർവകലാശാലയുടെ പരീക്ഷകൾ എന്ന പേരിൽ ഇയാൾ സ്വന്തം നിലയിലാണ് പരീക്ഷ നടത്തിയിരുന്നത്. വിദ്യാർഥികളെ ക്ലാസ് മുറിയിൽ പരീക്ഷയ്ക്കിരുത്തുന്ന ഇയാൾ സ്വയം നിർമിച്ച സർട്ടിഫിക്കറ്റുകളാണ് കുട്ടികൾക്കു നൽകിയിരുന്നത്. ഇത്തരത്തിൽ ആറു മാസത്തിനിടെ മാത്രം പതിനായിരത്തിലേറെ സർട്ടിഫിക്കറ്റുകളും ഇവർ നൽകിയിട്ടുണ്ട്.
ഒരു മാസം മുൻപ് കോളജിലെ മറ്റൊരു കോഴ്‌സിന്റെ ഉദ്ഘാടനത്തിനായി അവിനാഷ് ജില്ലാ കലക്ടറെ ക്ഷണിച്ചിരുന്നു. ഇവിടെ എത്തിയ കലക്ടർ തന്റെ ബന്ധുവിനായി പിജി പഠനത്തിനു അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയിൽ ഫീസ് അടച്ച അപേക്ഷയുമായി മോനിക്ക എന്ന പേരിൽ അവിനാഷ് തന്നെ കലക്ടറെ സമീപിക്കുകയും ചെയ്തു. അവിനാഷിന്റെ പെരുമാറ്റത്തിലും, സർവകലാശാലയുടെ രസീതിലും സംശയം തോന്നിയ കലക്ടർ രഹസ്യ അന്വേഷണത്തിനായി പൊലീസിനെ നിയോഗിക്കുകയായിരുന്നു.
പൊലീസ് ഇയാളെ പിൻതുടർന്നു നടത്തിയ അന്വേഷണത്തിലാണ് അവിനാഷ് പെൺവേഷം കെട്ടി ജനങ്ങളെ പറ്റിക്കുകയാണെന്നു ബോധ്യമായത്. തുടർന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകായയിരുന്നു. പത്താം ക്ലാസ് മുതൽ ഐഎഎസ് വരെയുള്ള സർട്ടിഫിക്കറ്റുകളുടെ വ്യാജ രേഖകളും, ഇത് നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.