![](https://dailyindianherald.com/wp-content/uploads/2016/02/atingal.jpg)
തിരുവനന്തപുരം: ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തളത്തില്‍ ദിനേശന്റെ മാനസികാവസ്ഥയിലായിരുന്നു ഷിജു. സ്വന്തം കാമുകിയും ഭാവി വധുവുമായ പിരപ്പന്‍കോട് പാലാംകോണം സൂര്യഭവനില്‍ ശശിധരന് നായരുടെ മകള്‍ സൂര്യ. എസ് നായരുടെ (22) ചാരിത്രത്തിലും സോഷ്യല്‍ മീഡിയയിലെ ബന്ധങ്ങളിലും അവന് സംശയിച്ചിരുന്നു. ആ സംശയങ്ങള്‍ക്കു ഉത്തരം തേടാന്‍ തയ്യാറായ അവനു പക്ഷേ, തന്റെ മനസിനെ നിലയ്ക്കു നിര്‍ത്താനായില്ല. പ്രാണനു തുല്യം പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നത് വെറും സംശയത്തിന്റെ പേരിലായിരുന്നു എന്ന യാഥാര്‍ഥ്യം ഷിജു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും രണ്ടു പേര്‍ക്കും ജീവനും ജീവിതവും നഷ്ടമായിരുന്നു.
പരപുരുഷ സൗഹൃദത്തില്‍ സംശയിച്ച് കാമുകിയെ നടുറോഡില്‍ കൊലക്കത്തിക്ക് ഇരയാക്കിയ ഷിജു ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനും തലപുകച്ച ആലോചനകള്‍ക്കുമൊടുവിലാണ് ക്രൂരകൃത്യത്തിന് തയ്യാറായത് . ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിന് സമീപം ആദിത്യ ജൂവലറിയ്ക്ക് സമീപത്തെ ഇടറോഡില്‍ സൂര്യയെ കൊലപ്പെടുത്തുന്നതിന് തലേരാത്രി നാട്ടുകാരനും കാമുകനുമായ ഷിജു ഉറങ്ങിയിട്ടില്ലെന്നാണ് അയാളുടെ വീട്ടുകാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
കൊലപാതകത്തിന്റെ രൂപരേഖ മനസില്‍ തയ്യാറാക്കിയ ഷിജു അണുവിടമാറാതെ അത് നടപ്പാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടുമാണ് നേരംപുലരും മുമ്പ് വീട്ടില്‍ നിന്നിറങ്ങിയത്. തോള് സഞ്ചിയിലൊളിപ്പിച്ച ആയുധവുമായി ആറ്റിങ്ങലെത്തിയ ഷിജു തന്റെ മനസിന്റെ നെരിപ്പോടില്‍ പ്രതികാരത്തിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ പ്രാണന് പറക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ആത്മഹത്യാശ്രമത്തില്‍ അവശനായി കൊല്ലത്തെ ലോഡ്ജില്‍ നിന്ന് കണ്ടെത്തിയ ഷിജു മെഡിക്കല്‍ കോളേജില്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം സാധാരണനില കൈവരിച്ചെങ്കിലും ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഷിജുവില്‍ നിന്ന് പ്രണയകാലം മുതല്‍ കത്തിയുടെ വായ്ത്തലയില്‍ സൂര്യയുടെ പ്രാണന് പിളരുംവരെയുള്ള നിര്‍ണായകമായ നിരവധി വിവരങ്ങളാണ് പൊലീസിന് മനസിലാക്കാനുള്ളത്. കേസിന്റെ ആസൂത്രണത്തിനും കൊലപാതകത്തിനും പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ വിധേയമാകും. സൂര്യയെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി ചിലര്‍ നടത്തിയ പ്രചരണവും പട്ടാപ്പകല്‍ നഗരമദ്ധ്യത്തില്‍ കൊല നടത്തിയശേഷം അനായാസേന രക്ഷപ്പെട്ട് പോകാന്‍ ഇടയായതുമാണ് സഹായികളുണ്ടായിട്ടുണ്ടെയെന്ന സംശയം പൊലീസിന്റെ മനസിലും സൃഷ്ടിച്ചത്.
ഷിജു തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസും കരുതുന്നതെങ്കിലും സംഭവസ്ഥലത്ത് രക്തക്കറ പുരണ്ട കത്തിയുമായി ഷിജു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരാളും ഓടുന്നത് കണ്ടതായാണ് ചിലര്‍ പൊലീസിനോട് പറഞ്ഞത്. ഓടിപ്പോയത് ഷിജുവിന്റെ സഹായിയാണോ കൊലപാതകത്തിന് ദൃക്സാക്ഷിയായ വഴിയാത്രക്കാരാരെങ്കിലും ഭയന്നോടിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം. ആശുപത്രിയില്‍കഴിയുന്ന ഷിജുവിനെ ചോദ്യം ചെയ്ത് അയാളുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ ആസൂത്രണം മുതല്‍ കൊല്ലത്തെ ലോ ഡ്ജ് മുറിയില്‍ എത്തിയതുവരെയുള്ള സംഭവങ്ങള്‍ വെളിപ്പെടൂ.
വിവാഹം കഴിക്കണമെന്നാശിച്ച് പ്രണയിച്ച സൂര്യയെ കൊലപ്പെടുത്താന്‍ വിധത്തില്‍ ഷിജുവിന്റെ മനസിലുണ്ടായ പരപുരുഷ ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ വെറും സംശയങ്ങള്‍ മാത്രമായിരുന്നുവെന്ന് സൂചന. സൂര്യ കൊല്ലപ്പെട്ടശേഷം അവളുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ഫേസ് ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിച്ചപ്പോഴാണ് പുരുഷന്മാരായ സുഹൃത്തുക്കളുമായി അതിരുവിട്ട യാതൊരു സൗഹൃദവും അവള്ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായത്. ഫേസ് ബുക്കുള്‍പ്പെടെയുള്ള നവ മാദ്ധ്യമങ്ങളിലൂടെ സഹപാഠികളുള്‍പ്പെടെ പലരുമായും അവള്‍ക്ക് സൗഹൃദമുണ്ടായിരുന്നെങ്കിലും അവരിലൊരാളെ പോലും സൂര്യ പതിവായി വിളിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്തതായി കണ്ടെത്താന്‍ പൊലീസിനായില്ല. സൈബര്‍ പൊലീസ് സഹായത്തോടെ കഴിഞ്ഞ രണ്ടുദിവസമായി ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ സൂര്യയുടെ ഫോണില്‍ ഇന്‍കമിംഗ് കോളുകളാണ് അധികവും എത്തിയിട്ടുള്ളത്. അതില്‍ പലതും ഷിജുവിന്റെ നിര്‍ദേശപ്രകാരം വിളിച്ചതാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഫേസ് ബുക്ക് ഉള്‍പ്പെടെ നവ മാദ്ധ്യമങ്ങളുടെ സാദ്ധ്യത സൗഹൃദങ്ങള്‍ തുടരാന്‍ നന്നായി പ്രയോജനപ്പെടുത്തിയിരുന്ന സൂര്യയുമായി പരിചയത്തിലായ പല യുവാക്കളുമായും അവള് പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചിരുന്നു ഷിജു. തന്റെയും അവളുടെയും സഹപാഠികളുള്‍പ്പെടെ നിരവധിപേരോട് അവളെയും അവളുമായുള്ളസൗഹൃദങ്ങളെയും പറ്റി നേരിട്ടും ഫോണിലും അന്വേഷിച്ചിരുന്ന ഷിജു അവരോട് സൂര്യയുമായി ഇക്കാര്യം സംസാരിക്കണമെന്നും നിര്‍ദേശിച്ചിരുന്നതായി സുഹൃത്തുക്കളില്‍ പലരും പൊലീസിന് മൊഴി നല്കി. നിരവധി യുവാക്കളുമായി സൂര്യ സൗഹൃദം പുലര്‍ത്തിയിരുന്നുവെന്ന് സംശയിച്ച ഷിജു സുഹൃത്തുക്കളില്‍ പലരോടും അവളെയും കാമുകന്മാരെയും വകവരുത്തി താനും മരിക്കുമെന്ന് പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സൂര്യയെ വെട്ടിക്കൊലപ്പെടുത്തി രക്തക്കറ പുരണ്ട വെട്ടുകത്തി നടുറോഡില്‍ വലിച്ചെറിഞ്ഞശേഷം കൊല്ലത്തേക്ക് കടന്ന ഷിജു ലോഡ്ജ് മുറിയില്‍ നടത്തിയ ആത്മഹത്യാശ്രമം കേസില്‍നിന്ന് തലയൂരാനോ ലോഡ്ജില്‍ മുറിയെടുത്ത് കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ച ഷിജു മരിക്കാനായി പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ചതിലും സംശയമുണ്ട്. ആത്മഹത്യചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും അവലംബിക്കാതെ ഒരു നാടകം നടത്തിയ ഇയാള്‍ കൊലപാതക കേസിന്റെ വിചാരണഘട്ടത്തില്‍ മനോവിഭ്രാന്തിയിലായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു ഇവയെന്നാണ് സൂര്യയുടെ ബന്ധുക്കളുടെ ആക്ഷേപം. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായശേഷം ഇയാളെ ആറ്റിങ്ങലിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡുള്‍പ്പെടെയുള്ള നടപടികളും പൊലീസിന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.