കൊല്ലം: ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്ത മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായപ്പോള്‍ ഈ കോടികള്‍ ആരുകൈപ്പറ്റി. ഈ ചോദ്യമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മന്ത്രി കസേര തെറിപ്പിക്കുന്ന തരത്തിലേയക്ക് വളരുന്നത്.
കശുഅണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിനും എം.ഡി സേവ്യറിനും എതിരെയും പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രാഥമികമായ പരിശോധനയില്‍ മന്ത്രിക്കെതിരെ ചില ആരോപണങ്ങള്‍ വിജിലന്‍സ് ശരിവയ്ക്കുന്നുണ്ട്. എസ്പി റാങ്കിലുള്ള ടി.എഫ്. സേവ്യറെ വിരമിക്കാന്‍ ഒരു വര്‍ഷം മാത്രമുള്ളപ്പോള്‍ എം.ഡിയായി നിയമിച്ചത് മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ പ്രത്യേക താത്പര്യ പ്രകാരമാണെന്ന് വ്യക്തമായി. പാര്‍ട്ടിയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിയമനം സംബന്ധിച്ച ഫയല്‍ മരവിപ്പിച്ചിരുന്നതാണ്
സേവ്യറെ എം.ഡിയാക്കാന്‍ നീക്കം തുടങ്ങിയത് മുതല്‍ സിപിഎമ്മില്‍ നിന്ന് പരസ്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മന്ത്രിയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ പാര്‍ട്ടി നേതൃത്വം വഴങ്ങുകയായിരുന്നു. പൊലീസ് സേനയിലെ ക്ളീന്‍ ഇമേജുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നില്ല സേവ്യറിന്റെ സ്ഥാനം. എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദകവീരനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിവിധ സമരങ്ങളില്‍ പങ്കെടുത്ത നേതാക്കളെപ്പോലും മര്‍ദ്ദിച്ചൊതുക്കിയ ആളാണ് സേവ്യറെന്നായിരുന്നു വിമര്‍ശനം. മന്ത്രിസഭയിലെ മറ്റൊരു അംഗവും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മന്ത്രി വഴങ്ങിയില്ല. ഒരു കോടിയുടെ കൈക്കൂലിയാണ് ഈ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്.
അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായ സ്ഥാപനത്തിന്റെ തലപ്പത്ത് സേവ്യറെ നിയമിക്കരുതെന്ന് ആദ്യം പരസ്യ നിലപാടെടുത്തത് മുന്‍ എസ്.എഫ്.ഐ നേതാവും സിപിഎം കാട്ടാരക്കര ഏരിയാ കമ്മിറ്റി അംഗവുമായ ഡി.എസ്. സുനിലാണ്. പിന്നീട് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയാ കമ്മിറ്റികളിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോഴും അനുകൂലിക്കാന്‍ ആരുമുണ്ടായില്ല. സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച വന്നപ്പോള്‍ കൊല്ലത്ത് നിന്നുള്ള പ്രമുഖനായ സംസ്ഥാന കമ്മിറ്റി അംഗം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും മേഴ്സിക്കുട്ടിഅമ്മ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഇടപെട്ട സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിയുടെ താത്പര്യം അതാണെങ്കില്‍ പാര്‍ട്ടി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു നിയമനം.
കാഷ്യു കോര്‍പറേഷനില്‍ ചെയര്‍മാനെ നിയമിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പേ എം.ഡിയെ നിയമിക്കാന്‍ തിരക്കിട്ട നീക്കമാണ് നടന്നത്. സേവ്യറെ നിയമിക്കുന്നതിനെ പാര്‍ട്ടി വേദികളില്‍ ശക്തമായി എതിര്‍ത്തിരുന്ന എസ്. ജയമോഹന്‍ തന്നെ പിന്നീട് ചെയര്‍മാനാക്കി ഒത്തു തീര്‍പ്പു ഫോര്‍മുലയും തയ്യാറാക്കി. ഇതിനിടെയാണ് അഴിമതിക്കഥ വിജിലന്‍സിന് മുന്നിലെത്തുന്നത്. കോടതിയുടെ പരസ്യ ശാസന കിട്ടിയതിനാല്‍ ഈ കേസില്‍ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും നല്‍കുന്നത്. ഈ കേസില്‍ മേഴ്സി കുട്ടിയമ്മ തെറ്റു ചെയ്തതായുള്ള റിപ്പോര്‍ട്ട് കോടതിയില്‍ വിജിലന്‍സ് നല്‍കിയാല്‍ അവര്‍ക്ക് രാജിവയ്ക്കേണ്ടി വരും.
തോട്ടണ്ടി ഇറക്കുമതിയില്‍ സര്‍ക്കാരിനു 10.34 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനേത്തുടര്‍ന്നാണു മേഴ്‌സിക്കുട്ടിയമ്മ, ഭര്‍ത്താവും കേരള സ്റ്റേറ്റ് കാഷ്യു വര്‍ക്കേഴ്‌സ് അപെക്‌സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്‌സ്) മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി. തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി.എഫ്. സേവ്യര്‍ തുടങ്ങിയവര്‍ക്കെതിരേ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് പി. റഹിമിന്റെ പരാതിയിലാണു നടപടി.
കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കശുവണ്ടി കോര്‍പറേഷന് 6.87 കോടി രൂപയുടെയും കാപെക്‌സിന് 3.47 കോടിയുടെയും ഉള്‍പ്പെടെ 10.34 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാണു റഹിമിന്റെ പരാതി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള ആരോപണവിധേയരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ഇറക്കുമതി അഴിമതിമതിക്കുപുറമേ മറ്റൊരു മന്ത്രിയുടെ പരാതിയും പാര്‍ട്ടി നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം കശുവണ്ടി കോര്‍പറേഷന്‍ എം.ഡി. സ്ഥാനത്തേക്കു തന്നെ ശിപാര്‍ശ ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന സേവ്യര്‍ ഈ മന്ത്രിയെ കണ്ടെന്നാണ് ആക്ഷേപം.
കൊല്ലം ജില്ലയില്‍നിന്നുള്ള പ്രമുഖ സിപിഎം നേതാവും ഒപ്പമുണ്ടായിരുന്നു. കാര്യസാധ്യത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍, താന്‍ അവരെ പറഞ്ഞുവിടുകയായിരുന്നെന്നും മന്ത്രിയുടെ പരാതില്‍ പറയുന്നു. എന്നാല്‍ പിന്നീട് അതേ എസ്പി തന്നെ ഡെപ്യൂട്ടേഷനില്‍ കോര്‍പറേഷന്‍ എം.ഡിയായി. തനിക്കു വാഗ്ദാനം ചെയ്ത ഒരുകോടി രൂപ മറ്റാര്‍ക്കോ നല്‍കിയെന്നും അതു മേഴ്‌സിക്കുട്ടിയമ്മയുടെ അറിവോടെയാണെന്നും മന്ത്രിയുടെ പരാതിയില്‍ പറയുന്നു.