ദിനംപ്രതി പുതിയ പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള സാമ്പത്തികശേഷിയോ സമ്പാദ്യമോ തനിക്കില്ലെന്ന് വ്യക്തമാക്കി അന്തരിച്ച നടി ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് സെലിബ്രിറ്റികള്‍ക്കില്ലാത്തതാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. ഈ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും ജാന്‍വിയെ പരിസഹിക്കാറുമുണ്ട്.
ഈ വിഷയത്തില്‍ താന്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജാന്‍വി. ‘എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’. ജാന്‍വി ചോദിക്കുന്നു.