വള്ളിക്കുന്ന്
ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ നടന്നത്. അമ്പത് പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിനോടും മുസ്ലിം കുടിയേറ്റക്കാരോടുമുള്ള പകയും വിദ്വേഷവുമാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്ന് തുറന്നു പറഞ്ഞു ആക്രമണം നടത്തിയ ഭീകരന്‍.. ആക്രമണത്തിന്റെ ഓരോ നിമിഷങ്ങളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി ലോകത്തെ ലൈവായി കാണിച്ചു.. പ്രാര്‍ത്ഥനക്കെത്തിയ മനുഷ്യരെ പള്ളിയിലേക്ക് ഓടിക്കയറി തന്റെ അത്യാധുനിക മെഷിന്‍ ഗണ്ണുപയോഗിച്ച് അയാള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരുടെ ചോരക്കളമായി മാറി ആ പള്ളി. വാര്‍ത്തയുടെ ഷോക്കില്‍ ലോകം പകച്ചു നിന്ന ആ നിമിഷങ്ങളില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ആക്രമണ വാര്‍ത്ത പുറത്തെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനം.
‘ഞാന്‍ ഞെട്ടിത്തെറിച്ചു, അന്വേഷിക്കും, നടപടി സ്വീകരിക്കും’ തുടങ്ങിയ പതിവ് പദപ്രയോഗങ്ങളില്‍ നിന്ന് മാറി അവര്‍ തുറന്നു പറഞ്ഞു.. ‘ഇതൊരു ഭീകരാക്രമണമാണ്, കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്.. ന്യൂസിലാന്‍ഡ് അവരുടെ വീടാണ്, അവര്‍ നമ്മള്‍ തന്നെയാണ്, എന്നാല്‍ കൊലയാളി നമ്മളില്‍ പെടുന്നവനല്ല’. ആദ്യ പ്രതികരണത്തില്‍ നിന്ന് തന്നെ അവരുടെ വ്യത്യസ്തത ലോകം തിരിച്ചറിഞ്ഞിരുന്നു. പിന്നീടുള്ള നാളുകളില്‍ ജെസിന്‍ഡ ഒരു ലോകനേതാവായി ഉയരുകയായിരുന്നു. അവരുടെ നിലപാടുകള്‍, സമീപനങ്ങള്‍, കൈക്കൊണ്ട നടപടികള്‍, നിയമ നിര്‍മാണങ്ങള്‍, എല്ലാത്തിലും തെളിഞ്ഞു നിന്നത് അനിതര സാധാരണമായ സ്റ്റേറ്റ്‌സ്മാന്‍ഷിപ്പായിരുന്നു.
ഇതുപോലുള്ള ആക്രമണങ്ങളോ ദുരന്തങ്ങളോ എപ്പോഴും സംഭവിക്കാം, അവ ഇല്ലാതാക്കാന്‍ ഒരു ഭരണാധികാരിക്ക് സാധിച്ചു കൊള്ളണമെന്നില്ല.. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അതിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്നതും ആ സിറ്റുവേഷനെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതും പ്രധാനമാണ്. അവിടെയാണ് ജെസിന്‍ഡ വേറിട്ട് നിന്നത്. ലോകത്തെ പല നേതാക്കള്‍ക്കും പഠിക്കാനുള്ള ഒരു പാഠപുസ്തകമായി മാറിയത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ജെസിന്‍ഡ പോയത് പര്‍ദ്ദ ധരിച്ചു കൊണ്ടാണ്.. ദുഃഖം മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു മരവിച്ച് നില്‍ക്കുന്ന നിരാലംബരായ ആ മനുഷ്യരെ പര്‍ദ്ദയും സ്‌കാര്‍ഫും ധരിച്ചെത്തി അവര്‍ കെട്ടിപ്പിടിച്ചപ്പോള്‍, മാറോട് ചേര്‍ത്ത് വിതുമ്പിയപ്പോള്‍ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു കടല്‍ വെളിച്ചം അവിടെ നിറയുകയായിരുന്നു. ആ കുടുംബങ്ങളില്‍ മാത്രമല്ല, ലോകം മുഴുക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രവും വെളിച്ചവും നിറയുന്നതാണ് നാം കണ്ടത്.
ജസിന്റ ഒരു പര്‍ദ്ദ ധരിച്ചു എന്നതല്ല, കൊല്ലപ്പെട്ടവരുടെ കൂടപ്പിറപ്പുകള്‍ക്ക്, ഭീതിയോടെ കഴിയുന്ന അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക്, ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരി ഞങ്ങളിലൊരാളാണ് എന്ന തോന്നലുയര്‍ത്താന്‍ ഒരൊറ്റ ആലിംഗനം കൊണ്ട് അവര്‍ക്ക് കഴിഞ്ഞു എന്നതാണ്.. അത്തരമൊരു മുഹൂര്‍ത്തത്തില്‍ ആയിരം പ്രഭാഷണങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു ദൗത്യമായിരുന്നു അത്.
ജെസിന്‍ഡ ഒരു മതവിശ്വാസിയല്ല, ഒരു സോഷ്യല്‍ ഡെമോക്രാറ്റ് എന്നാണ് അവര്‍ സ്വയം വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നത്. ഒരു നിരീശ്വരവാദി ആയിരിക്കുമ്പോഴും ഈശ്വര വിശ്വാസികളായ മനുഷ്യരുടെ വികാരങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍, അവരില്‍ ഒരാളാണെന്ന് ഉറച്ച വിശ്വാസം അവരിലേക്ക് ഒഴുകിയിറങ്ങുന്ന രൂപത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ അവരോട് ഐക്യപ്പെടാന്‍ ജെസിന്‍ഡ കാണിച്ച നേതൃപാടവമുണ്ടല്ലോ, അത് അനിതര സാധാരണമാണ്.
ഭീകര വാര്‍ത്ത അറിഞ്ഞ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് ജെസിന്‍ഡയെ ഫോണില്‍ വിളിച്ചു. എന്ത് സഹായമാണ് അമേരിക്ക ചെയ്യേണ്ടത് എന്ന് ചോദിച്ചു.. ജെസിന്‍ഡയുടെ ഒറ്റവാക്കിലുള്ള മറുപടി ഇതായിരുന്നു. ‘Sympathy and love for all Muslim communities.’ മുസ്ലിം സമൂഹത്തോട് സ്‌നേഹവും അനുകമ്പയും കാണിക്കൂ എന്ന്.. ആ ഒരു വാചകത്തില്‍ ജെസിന്‍ഡയുടെ രാഷ്ട്രീയമുണ്ട്, ട്രമ്പിന്റെ രാഷ്ട്രീയമുണ്ട്.. അപരവത്കരണവും അനാവശ്യഭീതിയും സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ ആഗോള വക്താവിനോട് ഇതിനേക്കാള്‍ മനോഹരമായി, ഇതിനേക്കാള്‍ ആറ്റിക്കുറുക്കി ആര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കും.
ലോകത്തിപ്പോള്‍ ഒരു തീവ്രവലതുപക്ഷ സമീപനത്തിന്റെ കാറ്റാണ് വീശുന്നത്.. മാനവിക വിചാരങ്ങളോടും വികാരങ്ങളോടും ഒട്ടും ദയയോ സഹാനുഭൂതിയോ ഇല്ലാതെ വംശീയതയുടെയും വിദ്വേഷരാഷ്ട്രീയത്തിന്റേയും വിളവെടുപ്പ് നടത്തി അധികാരത്തില്‍ വന്ന ട്രമ്പ്, നെതന്യാഹു, മോദി ത്രയങ്ങള്‍, ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അപരവത്കരണവും ഫോബിയയും സൃഷ്ടിച്ചെടുക്കുന്ന നവരാഷ്ട്രീയം മറ്റിടങ്ങളിലേക്കും കാറ്റ് പിടിച്ചു തുടങ്ങുന്ന കാലം. അത്തരമൊരു കാലത്ത് നിന്ന് കൊണ്ട് ജെസിന്‍ഡക്ക് കളിക്കാവുന്ന ഒരു ഈസി ഗെയിം ഉണ്ടായിരുന്നു. അമേരിക്കയുടേയും റഷ്യയുടെയും ഇസ്രാഈലിനെയും പിന്തുണ ഉറപ്പ് വരുത്താവുന്ന ഗെയിം, ഒരുവേള യൂറോപ്പും കൂട്ട് ചേര്‍ന്നാക്കാവുന്ന ഒരു ഗെയിം. അത് കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ തീവ്ര വലതുപക്ഷ ഗെയിമായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പ് വിജയിപ്പിച്ചു കാണിച്ചു കൊടുത്ത ഗെയിം.
‘ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മുസ്ലിം അഭയാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയതോടെ ഞങ്ങളുടെ സൈര്യജീവിതം ഇല്ലാതായിരിക്കുന്നു, അവര്‍ പാകിയ തീവ്രവാദത്തിന്റെ വിത്തുകള്‍ മറ്റ് സമൂഹങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിരിക്കുന്നു, അത്തരമൊരു ഭീതിയില്‍ നിന്ന് ഉടലെടുത്ത വൈകാരിക പ്രതികരണമാണ് ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയിലുണ്ടായത്. ഇത്തരം ആക്രമണങ്ങളോടും ആളുകള്‍ നിയമം കയ്യിലെടുക്കുന്നതിനോടും ഒട്ടും യോജിപ്പ് ഇല്ലെങ്കിലും ഇതിലേക്ക് ഇടയാക്കിയ സാഹചര്യം പരിശോധിക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും വേണം’
ഇത്തരമൊരു പ്രസ്താവന നടത്തുകയായിരുന്നു ജെസിന്‍ഡക്ക് കളിക്കാവുന്ന ഈസി ഗെയിമില്‍ ഉണ്ടായിരുന്നത്.. ട്രമ്പോ മോദിയോ പോലുള്ള ഏതൊരു തീവ്രവലതു നേതാവും ഇത്തരമൊരു സന്ദര്‍ഭത്തില്‍ സ്വീകരിക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന ഗെയിം.. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മരണം മുന്നില്‍ കണ്ടപ്പോള്‍ ഇഹ്സാന്‍ ജാഫ്രി വിളിച്ചിരുന്നുവല്ലോ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ.. ‘നീ ഇനിയും ചത്തില്ലേ’ എന്നായിരുന്നു അന്നയാള്‍ക്ക് കിട്ടിയ മറുപടി. കലാപം കത്തിയെരിയുന്ന നാളുകളില്‍, ന്യൂനപക്ഷങ്ങള്‍ തെരുവില്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന നാളുകളില്‍, ‘ജനങ്ങള്‍ അവരുടെ രോഷം പ്രകടിപ്പിച്ചു തീര്‍ക്കട്ടെ, അതിനിടയില്‍ ഇടപെടേണ്ട’ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരവ് കൊടുത്ത ഗെയിം.. ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ നടന്ന ‘രോഷപ്രകടനത്തിന്’ ലെജിറ്റമസി ചാര്‍ത്തിക്കൊടുക്കാവുന്ന വളരെ ഈസിയായ ഗെയിം.
പക്ഷേ, ആ ഗെയിം ജെസിന്‍ഡ കളിച്ചില്ല. പകരം കളിച്ചത് മനുഷ്യ രക്തത്തിന്റെ വില തിരിച്ചറിയുന്ന സ്‌നേഹത്തിന്റെ ഒരു കൗണ്ടര്‍ ഗെയിമാണ്.. ആ ഗെയിമിലാണ് അവര്‍ വിജയിച്ചത്.. അവരെന്നെ ഒരു വ്യക്തി മാത്രമല്ല, ന്യൂസിലാന്‍ഡ് എന്ന ഒരു രാജ്യം ഒന്നാകെ വിജയിച്ചത് അവിടെയാണ്.
ജെസിന്‍ഡ സ്‌കാര്‍ഫ് ധരിച്ചതോടെ ന്യൂസിലാന്‍ഡിലെ ആയിരക്കണക്കിന് സ്ത്രീകള്‍ സ്‌കാര്‍ഫ് ധരിച്ചു. അതൊരു ഐക്യദാര്‍ഢ്യ പ്രഖ്യാപനമായിരുന്നു. സ്‌കാര്‍ഫും തട്ടവുമിട്ട മുസ്ലിം സ്ത്രീകളെ കാണുമ്പോള്‍ അപരിചിതത്വത്തോടെയും പേടിയോടെയും നോക്കിയിരുന്ന ആളുകള്‍ പോലും അവരുടെ വേഷം ധരിച്ച് ഒരു സമുദായത്തോട് ഐക്യപ്പെടുന്ന കാഴ്ചയാണ് ന്യൂസിലാന്‍ഡിലും ന്യൂസിലന്‍ഡിന് പുറത്തും കണ്ടത്. ‘ഹെഡ് സ്‌കാര്‍ഫ് ഫോര്‍ ഹാര്‍മണി’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. തട്ടവും സ്‌കാര്‍ഫും നിരോധിക്കണം എന്ന ചര്‍ച്ചകള്‍ വരെ പടിഞ്ഞാറന്‍ ലോകത്ത് നിന്ന് അതൊരു മനോഹര കാഴ്ച തന്നെയായിരുന്നു.
ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്റ് ആദ്യമായി സമ്മേളിച്ചപ്പോഴും ജെസിന്‍ഡയുടെ കരുതലിന്റെയും ആലിംഗനത്തിന്റെയും മറ്റൊരു വേര്‍ഷനും കണ്ടു.. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത് ഖുര്‍ആന്‍ പാരായണത്തോടെ.. സ്പീക്കറും പ്രധാനമന്ത്രിയും അവരുടെ സംസാരം ആരംഭിച്ചത് ‘അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെ.. ‘പലരൂപത്തിലുള്ള പരീക്ഷണങ്ങളും നിങ്ങള്‍ക്ക് ഉണ്ടായേക്കും, അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയും സഹനവും കൈക്കൊള്ളുന്നവരുടെ കൂടെ അല്ലാഹു ഉണ്ടാകും’ എന്ന ആശയം വരുന്ന ഖുര്‍ആന്‍ സൂക്തമാണ് പാരായണം ചെയ്തത്.. പിന്നീട് അതിന്റെ ഇംഗ്‌ളീഷിലുള്ള പരിഭാഷയും പറഞ്ഞു. ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പാര്‍ലിമെന്റില്‍ അങ്ങനെയൊരു ഖുര്‍ആന്‍ പാരായണവും അനുബന്ധ ചടങ്ങുകളും. ആക്രമണത്തിന് ഇരയായ ഒരു സമൂഹത്തോട്, അവരുടെ വൈകാരികതകളോട് ഇതിനേക്കാള്‍ കാവ്യാത്മകമായി ലോക ചരിത്രത്തില്‍ ഏതൊരു നേതാവ് ഇടപഴകിയിട്ടുണ്ട്?
പാര്‍ലിമെന്റില്‍ സംസാരിക്കുമ്പോള്‍ ജെസിന്‍ഡ മറ്റൊരു കാര്യം കൂടെ സൂചിപ്പിച്ചു.. അമ്പത് പേരെ കൊന്ന ആ ഭീകരന്റെ പേര് ഒരിക്കലും ഉച്ചരിക്കില്ല എന്ന്.. മരിച്ചവരുടെ പേരാണ് പറയേണ്ടത്, അവരാണ് നമ്മുടെ ഹീറോകള്‍, അവരെ കൊന്ന ഭീകരനല്ല. അവനെ ഒരു ഹീറോയാകാന്‍ അനുവദിക്കരുത് എന്ന്.. ഗാന്ധിയെ കൊന്ന ഗോഡ്‌സെയേയും ആ ഗോഡ്സേയുടെ ഉപദേശകന്‍ സവര്‍ക്കറേയും വീരപുരുഷന്മാരായി കൊണ്ടാടുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പരിസരത്ത് നിന്ന് ജെസിന്‍ഡയെ വായിക്കുവാനും അവരുടെ ഉള്‍ക്കാഴ്ചയെ തിരിച്ചറിയാനും വളരെ എളുപ്പമുണ്ട്..
പര്‍ദ്ദയിലും പ്രസ്താവനകളിലും ഇത്തരം ചടങ്ങുകളിലും മാത്രം ഒതുങ്ങിയില്ല ജെസിന്‍ഡയുടെ നടപടികള്‍.. ഭീതിയോടെ നില്ക്കുന്ന ആ കുടിയേറ്റ സമൂഹത്തിന് ആശ്വാസവും വിശ്വാസവും പകര്‍ന്ന് നല്കിയ ശേഷം അവര്‍ സമൂലമായ നിയമ പരിഷ്‌കാരങ്ങളിലേക്ക് കടന്നു. സൈന്യം ഉപയോഗിക്കുന്ന സെമി ഓട്ടോമാറ്റിക്ക്, അസോള്‍ട്ട് റൈഫിളുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം കൊണ്ട് വന്നു. ഉയര്‍ന്നശേഷിയുള്ള മാഗസിനുകളും വേഗത്തില്‍ വെടിയുതിര്‍ക്കുന്നതിന് തോക്കുകളില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന ബംപ് സ്റ്റോക്കുകളടക്കമുള്ള മറ്റുത്പന്നങ്ങളും നിരോധിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി.
ഭീകരാക്രമണത്തിന്റെ ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയുടെ ബാങ്ക് വിളി നാഷണല്‍ ടെലിവിഷനിലും റേഡിയോയിലും ലൈവായി സംപ്രേഷണം ചെയ്തു. വെള്ളിയാഴ്ച ഖുതുബ കേള്‍ക്കാന്‍ പ്രധാനമന്ത്രി ജെസിന്‍ഡയും ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ തട്ടമിട്ടെത്തി. ആയിരക്കണക്കിന് വരുന്ന മറ്റ് മതവിശ്വാസികള്‍ പള്ളിക്ക് ചുറ്റും തടിച്ചു കൂടി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്ന മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലോകം നാളിത് വരെ കണ്ടിട്ടില്ലാത്ത സ്‌നേഹപ്രകടനങ്ങളായിരുന്നു അത്, മതവിശ്വാസങ്ങള്‍ക്കപ്പുറത്തുള്ള മാനുഷികതയുടെ ആലിംഗനനങ്ങള്‍.. ജെസിന്‍ഡ കത്തിച്ച വെളിച്ചത്തിന്റെ ചെറിയ കൈത്തിരികള്‍ ഒരു ജനത ഒന്നടങ്കം ഏറ്റെടുക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍.
ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്, അത് കൂടി പറയുമ്പോഴേ ഈ കുറിപ്പിന്റെ ദൗത്യം പൂര്‍ത്തിയാകൂ.. ന്യൂസിലാന്‍ഡ് ജനതയും ജെസിന്‍ഡയും കാണിച്ച ഈ ഐക്യദാര്‍ഢ്യത്തോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കേണ്ടത് ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ കൊടുക്കുന്ന ആരെങ്കിലും ആ സമൂഹത്തിലുണ്ടെങ്കില്‍ ന്യൂസിലാന്‍ഡ് അവര്‍ക്കൊരു പാഠമാകണം.. തിരിച്ചറിവിന്റെയും വിവേകത്തിന്റെയും പാഠം. ജെസിന്‍ഡ കൊളുത്തിയ ദീപം കെടാതെ സൂക്ഷിക്കാന്‍ മുസ്ലിം സമൂഹത്തിന് കൂടി സാധിക്കണം. ഇസ്ലാം മതത്തിന്റെ പേരിലുള്ള തീവ്രാവാദത്തിന്റെ കൊടിയ ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് മുസ്ലിംകള്‍ തന്നെയാണ്, മുസ്ലിം രാഷ്ട്രങ്ങള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ അതിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഉണ്ടാകേണ്ടതും അവര്‍ തന്നെയാണ്. നേരെ തിരിച്ചാകരുത് സംഭവിക്കുന്നത്.
സ്‌കാര്‍ഫും പര്‍ദ്ദയും ധരിച്ച് ന്യൂസിലാന്‍ഡുകാര്‍ മുസ്ലിംകളോട് ഐക്യപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രതികരണങ്ങള്‍ കണ്ടിരുന്നു. ‘പതിനായിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ ഇസ്ലാം വിശ്വസിക്കുന്നതായി’. ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ വിശ്വാസികളാകുമെന്ന്.. എന്തൊരു അസംബന്ധമാണെന്ന് നോക്കൂ.. മനുഷ്യര്‍ മനുഷ്യരെ തിരിച്ചറിയുമ്പോള്‍, അവരുടെ വേദനകളില്‍ അവരോട് ഐക്യപ്പെടുമ്പോള്‍ അതിനെ സ്‌നേഹത്തിന്റെ ഭാഷയില്‍ പ്രത്യഭിവാദം ചെയ്യുന്നതിന് പകരം ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കരുത്. മതം പ്രബോധനം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും എല്ലാവര്‍ക്കും അവകാശമുണ്ട്, പക്ഷേ മാനുഷികതയുടെ കിരണങ്ങളെ തച്ചു കെടുത്തിക്കൊണ്ടാകരുത് അവ നിര്‍വഹിക്കുന്നത്. അനവസരത്തിലുള്ള ഇത്തരം പ്രതികരണങ്ങള്‍ ദുര്‍ബലപ്പെടുത്തുക മനുഷ്യപക്ഷത്ത് നിലനില്ക്കുന്ന ജെസിന്‍ഡയെപ്പോലുള്ള ലോക നേതാക്കളെയും മതം നോക്കാതെ അവര്‍ക്ക് പിന്തുണ കൊടുക്കുന്ന മനുഷ്യരേയുമാണ്, ഓര്‍മ്മ വേണം..
ജെസിന്‍ഡയെപ്പോലുള്ള രാഷ്ട്ര നായകര്‍ ലോകത്തെല്ലായിടത്തും ഉണ്ടാകട്ടെ, അത്തരം മനുഷ്യര്‍ക്കും അവരുടെ രാഷ്ട്രീയത്തിനും കരുത്ത് പകരുക എന്നതാണ് മനുഷ്യനെ സ്‌നേഹിക്കുന്ന, അതിര്‍വരമ്പുകളില്ലാതെ മാനവികതയെ പുല്‍കുന്ന എല്ലാവര്‍ക്കും ചെയ്യാനുള്ളത്.