ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം; പത്ത് കോടി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് ചേരിപ്പോര് മുറുകിയതോടെ ജേക്കബ് തോമസിന്റെ കസേര തെറിക്കുമെന്ന് സൂചന. അഴിമതി ആരോപണങ്ങളില്‍ പെട്ട് ഐഎഎസ് ഐഎപിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതോടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഉന്നത തലത്തില്‍ നീക്കങ്ങള്‍ നടന്നിരുന്നു.

ഇതിനു പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തുറമുഖ വകുപ്പില്‍ നടന്ന മണ്ണുമാന്തി കപ്പല്‍ ഇടപാടിലൂടെ സര്‍ക്കാരിനു 10 കോടി രൂപയുടെ നഷ്ടംവരുത്തിയ തുറമുഖ ഡയറക്ടറും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധനവകുപ്പ് പ്രതികാരബുദ്ധിയോടെ തനിക്കെതിരെ പകരംവീട്ടലിന് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദിനും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കത്തയച്ചതും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടെന്ന് മംഗളം പറയുന്നു. കോടികളുടെ ഇടപാടിനെക്കുറിച്ചു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇടപാടിനു ചുക്കാന്‍ പിടിച്ച ഇടനിലക്കാരനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ കെ.എം. ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിലുണ്ട്. 140ല്‍ ഏറെ പേജ് വരുന്ന റിപ്പോര്‍ട്ടില്‍ അഴിമതിവിരുദ്ധ മുഖച്ഛായ സൃഷ്ടിക്കുകയല്ല, മറിച്ച് അഴിമതി ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറയുന്നു. നൂറില്‍പരം തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്. വാങ്ങിയ മുങ്ങിക്കപ്പലിനു മൂന്നുവര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി നടത്തുമെന്നു കാണിച്ചാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ടെന്‍ഡര്‍ തള്ളി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ ഉറപ്പിച്ചത്. കേരളത്തിലെ ഇ-ടെന്‍ഡര്‍ സൈറ്റിനെ ഒഴിവാക്കി ഗുജറാത്തില്‍നിന്നുള്ള ടെന്‍ഡര്‍ സൈറ്റിലാണു മണ്ണുമാന്തിക്കപ്പലിന്റെ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇടനിലക്കാരനു ജേക്കബ് തോമസ് അയച്ചതായി പറയുന്ന ഇ-മെയില്‍ സന്ദേശങ്ങളും ധനകാര്യ വിഭാഗം പിടിച്ചെടുത്തിരുന്നു. പതിമൂന്നിലധികം കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഹോളണ്ടിലെ ഐ.എസ്.സി. ബേവര്‍ കമ്പനിയില്‍നിന്നു മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. അറ്റകുറ്റപ്പണികള്‍ കുറവായ കപ്പലാണെന്നു പറഞ്ഞു കൂടിയ നിരക്കില്‍ വിദേശ കമ്പനിയുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, കപ്പല്‍ നല്‍കിയശേഷം കമ്പനി പിന്നെ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയതുമില്ല. രണ്ടു വര്‍ഷംമുമ്പാണ് ഇടപാട് ഉറപ്പിച്ചത്. മണ്ണുമാന്തിക്കപ്പല്‍ കേടായപ്പോള്‍ തുറമുഖവകുപ്പില്‍നിന്ന് അറിയിപ്പുണ്ടായിട്ടും ആരും എത്തിയില്ല. എന്നാല്‍, കരാര്‍ നല്‍കിയ ഇന്ത്യന്‍ കമ്പനിയായ ബെല്‍വെല്‍, കുറഞ്ഞ നിരക്കില്‍ കപ്പല്‍ നല്‍കാമെന്നും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കുറയ്ക്കാമെന്നും അറിയിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

കപ്പല്‍ വാങ്ങുന്നതില്‍ ഇടനിലനിന്ന വ്യക്തിക്ക് ജേക്കബ് തോമസ് അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് കെ.എം. ഏബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ അവിഹിത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ധനവകുപ്പ് താന്‍ ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ മാത്രം പ്രതികാരബുദ്ധിയോടെ പരിശോധിക്കുകയാണ് എന്ന പരാതി ജേക്കബ് തോമസിനുമുണ്ട്. എന്നാല്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന മറ്റു വകുപ്പുകളിലെ ഫയലുകള്‍ പരിശോധിക്കുന്നില്ലെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കത്തില്‍ ധനവകുപ്പിലെ പരിശോധനാവിഭാഗത്തിനെ ജേക്കബ് തോമസ് രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പൊതുമരാമത്ത്, വിദ്യാഭ്യാസ, ഗതാഗത, മൈനിങ് ആന്‍ഡ് ജിയോളജി, ലോട്ടറി, വ്യവസായ, ആരോഗ്യ, വാണിജ്യനികുതി തുടങ്ങിയ വകുപ്പുകളിലെ ഫയലുകള്‍ ധനവകുപ്പ് പരിശോധിക്കുന്നില്ല. എന്നാല്‍ താന്‍ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ സൂക്ഷ്മമായാണ് ധനവകുപ്പ് പരിശോധിക്കുന്നതെന്ന് ജേക്കബ് തോമസ് ആരോപണമുന്നയിക്കുന്നു.

Top