ജേക്കബ് തോമസ് കുടുങ്ങുന്നു; നടപടിയെടുക്കാൻ മുഖ്യമന്ത്രിയൊരുങ്ങുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർക്കെതിരെ ധനകാര്യ വകുപ്പ് നൽകിയ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ അഭിപ്രായം തേടി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചെന്നും അതുകൊണ്ടുതന്നെ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രമക്കേടുകൾ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും കാണിച്ചാണ് ധനകാര്യ വകുപ്പ് അഡീഷണൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ടിൽ നടപടിയെടുക്കാതെ മുഖ്യമന്ത്രി, ജേക്കബ് തോമസിനെ സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് ഏറെ നാളായി സംസ്ഥാനത്തെ ഐ.എ.എസ് ഉദ്ദ്യോഗസ്ഥരുടെ സംഘടന ഉയർത്തിയിരുന്നത്. ഇതേ തുടർന്നാണ് കെ.എം എബ്രഹാമിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്ന കുറിപ്പോടെ ചീഫ് സെക്രട്ടറി, ഫയൽ മുഖ്യമന്ത്രിക്ക് തന്നെ കൈമാറുകയായിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ അഭിപ്രായം മുഖ്യമന്ത്രി തേടിയത്.
തുറമുഖ ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചുവെന്ന് ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു. ആഗോള ടെണ്ടർ ഒഴിവാക്കി ട്രഡ്ജിങ് യന്ത്രം വാങ്ങിയെന്നും ദില്ലിയിലുള്ള ഒരു വ്യക്തിയുമായി ചേർന്ന് ഇക്കാര്യത്തിൽ കൃത്രിമം കാണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രോസിക്യൂഷൻ ഡയറക്ടർക്ക് അയക്കുക വഴി, ജേക്കബ് തോമസിനെ ഇതുവരെ സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റമാണെന്നും നിരീക്ഷിക്കപ്പെടുന്നു.
Top