സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ സർക്കാരുമായി ഏറ്റുമുട്ടി സംസ്ഥാന പൊലീസിൽ ഡിജിപിയായി എത്തിയ ടി.പി സെൻകുമാറിനു പിന്നാലെ ജേക്കബ് തോമസ് ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകുമെന്നു സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുപ്പക്കാരനായ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേയ്ക്കു ജേക്കബ് തോമസിന്റെ പേര് പരിഗണിക്കുന്നത്. ജൂൺ 30 നു സെൻകുമാർ വിരമിച്ച ശേഷം ജേക്കബ് തോമസിനെ ഡിജിപിയാക്കുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയ ൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തോടു അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാന പൊലീസ് മേധാവിയുടെ സ്ഥാനത്ത് സെൻകുമാറിനു മുൻപുണ്ടായിരുന്ന ലോക്‌നാഥ് ബഹ്‌റയോടു അനുകൂലമായ സമീപനമല്ല ഇടതു മുന്നണിയിൽ നിന്നും ഉണ്ടാകുന്നത്. ഡിജിപി സ്ഥാനത്ത് ലോക്‌നാഥ് ബഹ്‌റ വൻ പരാജയമാണെന്നാണ് ഇടതു മുന്നണി വിലയിരുത്തിയിരിക്കുന്നത്. ലോക്‌നാഥ് ബഹ്‌റയുടെ കാലത്താണ് സർക്കാരിനു കോടതിയിൽ നിന്നു വിമർശനം കേൾക്കേണ്ടി വന്നതും, പൊലീസിന്റെ വൻ വീഴ്ചകൾ മുഖ്യമന്ത്രിയ്ക്കു സഭയിൽ ഏറ്റുപറയേണ്ടി വന്നതും. ഈ സാഹചര്യത്തിൽ ബെഹ്‌റയെ തന്നെ സംസ്ഥാന പൊലീസിന്റെ തലപ്പത്ത് വീണ്ടും എത്തിക്കുന്നത് ഇടതു മുന്നണയിൽ സിപിഎമ്മിനും, മറ്റു ഘടകക്ഷികൾക്കും താല്പര്യമില്ല.
ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ തന്നെ സംസ്ഥാന പൊലീസ് മേധാവിയ്ക്കാനുള്ള കരുക്കൾ നീക്കുന്നത്.പിണറായി വിജയന്റെ പൂർണ നിയന്ത്രണത്തിൽ കേരള പൊലീസിനെ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പൊലീസ് മേധാവി സ്ഥാനത്തേയ്ക്കു ജേക്കബ് തോമസിനെത്തന്നെ കൊണ്ടു വരുന്നതെന്നാണ് സൂചന.