തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ മാനസികരോഗികളെന്ന് മുദ്രകുത്തി നടപടിയെടുക്കുന്ന രീതിയാണ് ഇവിടെയുള്ളതെന്ന് ഡി.ജി.പി. ജേക്കബ് തോമസ്.അഴിമതിവിരുദ്ധ ദിനത്തില്‍ തന്നെ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത് വരുകയായിരുന്നു. വികസനം മുകളിലേക്ക് മാത്രം ആയാല്‍ പോരെന്നും താഴേക്കും വശങ്ങളിലേക്കും വേണമെന്നും ജേക്കബ് തോമസ് ഓര്‍മിപ്പിച്ചു. കേരളം നെക്സ്റ്റ് സംഘടിപ്പിച്ച ‘അഴിമതിരഹിത കേരളത്തിന് സുസ്ഥിരവികസനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വികസനം പരിസ്ഥിതി സൗഹൃദമാകണം. മുകളിലുള്ളവരെ ക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ചെന്നൈയിലേത് പോലെ അപകടങ്ങളുണ്ടാകും. നയരൂപീകരണത്തെ നിയന്ത്രിക്കുന്നത് നിക്ഷിപ്ത താല്‍പര്യങ്ങളാണ്’ അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരെ സംസാരിച്ചാല്‍ നാല് മെമ്മോയെങ്കിലും കിട്ടും. മിണ്ടരുതെന്ന അറിയിപ്പ് പിന്നാലെ വരും. തുടര്‍ന്ന് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും കിട്ടും -അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറെ അഴിമതിക്കെതിരെ നടപടിയെടുത്തതിന് സ്ഥലംമാറ്റി. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. മൂന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. എങ്കിലുമുണ്ടെങ്കിേല സെക്രട്ടറിയാകൂവെന്നതാണ് സ്ഥിതി. കടുത്ത അഴിമതിക്കാര്‍ നാണംകെട്ടും അവരുടെ അഴിമതി മറയ്ക്കാന്‍ ശ്രമിക്കുന്നു. പാറമടകളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി. ഒന്നിന്റെ മറവില്‍ 17 പാറമടകള്‍ വരെ പ്രവര്‍ത്തിക്കുന്നു.
മൂന്നുനിലകള്‍ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്കെതിരെ താന്‍ നടപടിയെടുത്തതിലും പിന്നീട് സര്‍ക്കാര്‍ തിരുത്തിയതിലും ഖേദമില്ല, മറിച്ച് സന്തോഷമേയുള്ളൂ. വന്‍കിട കെട്ടിടങ്ങള്‍ സുരക്ഷാമാനദണ്ഡം പാലിക്കണോയെന്ന വിഷയം അതിലൂടെ പൊതുചര്‍ച്ചയായി. മൂന്നുനിലകളുള്ള കെട്ടിടങ്ങള്‍ക്ക് കേരള മുനിസിപ്പല്‍ ബില്‍ഡിങ് നിയമത്തോടൊപ്പം ദേശീയനിയമവും ബാധകമാണെന്നാണ് തന്റെ വിശ്വാസം. മുകളിലേക്ക് പോകുംതോറും സുരക്ഷ കുറയും. അതിലെ താമസക്കാര്‍ക്ക് സുരക്ഷയൊരുക്കേണ്ട ഭരണഘടനാബാധ്യത സര്‍ക്കാരിനുണ്ട്. മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ അനുസരിച്ച്, ദേശീയ കെട്ടിടനയം പാലിക്കപ്പെടണമെന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മുകളിലേക്കുള്ള വളര്‍ച്ച മാത്രമേ നോക്കേണ്ടൂവെങ്കില്‍ ചെന്നൈയുടെ ഗതിയാകും കേരളത്തിനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കഴിഞ്ഞവര്‍ഷം അഴിമതിവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രിയും വിജിലന്‍സ് മന്ത്രിയും അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലാനെത്തി. ഇത്തവണ ആരെയും കാണുന്നില്ല. അതുകൊണ്ട്, അന്നു ചൊല്ലിയ അഴിമതിവിരുദ്ധ പ്രതിജ്ഞയുടെ കുറേ പകര്‍പ്പുകള്‍ താന്‍ കൊണ്ടുവന്നിട്ടുണ്ടെന്നുപറഞ്ഞ അദ്ദേഹം അവ സദസ്യര്‍ക്ക് നല്‍കി. അവരത് ഏറ്റുചൊല്ലി.
അഴിമതിക്കെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മകള്‍ ഉണ്ടാകണം. ക്രമക്കേടുകള്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാം എന്നതിലാണ് കേരളത്തില്‍ ഗവേഷണം നടക്കുന്നത്. അത് അധികമാവുമ്പോള്‍ നാണംകെട്ടും മറച്ചുപിടിക്കാന്‍ ശ്രമിക്കും. തുറന്നുപറയാന്‍ ശ്രമിക്കുന്നവരെ അധിക്ഷേപിക്കും. ഇത്തരക്കാരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.
നേതൃത്വമെന്നത് നല്ല കലയാണെന്നും നേതാക്കള്‍ നല്ല അഭിനേതാക്കളാണെന്നും തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പേരെടുത്ത് പറയാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചു. അഴിമതി അവസാനിപ്പിച്ചാല്‍ മാത്രമേ വികസനം പൂര്‍ണമാകൂ. വികസനം മുകളിലോട്ടും താഴോട്ടും വശങ്ങളിലേക്കും നോക്കിയാകണം നടക്കേണ്ടത്. ജൈവസന്തുലനം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കേരളത്തിലും ചെന്നൈ ദുരന്തം ആവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം ഇതേദിനത്തില്‍ അഴിമതിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടു നിന്ന മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഇക്കൊല്ലം കണ്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ജനാഭിലാഷം അനുസരിച്ചല്ല സര്‍ക്കാരുകള്‍ നയം രൂപീകരിക്കുന്നത്. നയരൂപീകരണത്തില്‍ ആരംഭിച്ച് അവയുടെ നടപ്പാക്കലില്‍ അടക്കം അഴിമതി ഇന്ന് വ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗികസ്ഥാനങ്ങളിലിരിക്കുന്നവര്‍ അധികാരദുര്‍വിനിയോഗം ചെയ്ത് അഴിമതി നടത്തും. തീരുമാനങ്ങളെടുക്കുന്നവര്‍ താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നില്ല. കേരളത്തിലെ അനിയന്ത്രിതമായ ക്വാറി പ്രവര്‍ത്തനം ഇതിനുദാഹരണമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കേ അഴിമതിയെ ഇല്ലാതാക്കാന്‍ കഴിയൂ. അഴിമതി നടന്ന ശേഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവിടെ നിയമങ്ങളും വകുപ്പുകളുമുണ്ട്. അതുകൊണ്ട് അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ല. മറിച്ച് ജനങ്ങളുടെ ശക്തമായ പ്രതിരോധം ഉണ്ടായാല്‍ മാത്രമേ അഴിമതി തുടച്ചു നീക്കാന്‍ കഴിയൂ. 100 രൂപ സഹായധനം പ്രഖ്യാപിച്ചാല്‍ 90 രൂപയെങ്കിലും താഴേത്തട്ടില്‍ എത്തണ മെന്നും ജേക്കബ് തോമസ് പറഞ്ഞു.