
കൊല്ലം: ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കില്ലെന്ന് സൂചന നല്കി ജേക്കബ് തോമസ്. ബന്ധു നിയമനത്തെ കുറിച്ചും ബജറ്റ് വില്‍പ്പന സംബന്ധിച്ചും രൂക്ഷമായ ഭാഷയിലാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. തണലാവേണ്ടവര്‍ താണ്ഡവമാടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.തിരിച്ച് വരാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞാനിപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കുറെ അകലെയല്ലേ,നമ്മള് മുന്നോട്ടല്ലെ നടക്കേണ്ടത്. തിരിച്ച് പോകുന്നത് നല്ലതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കാനാണ് ചിലരുടെ ശ്രമം. ബജറ്റ് വില്‍പ്പന അഴിമതിയല്ലെന്ന് പറയുന്നു. വന്‍കിടക്കാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ അത് വിജിലന്‍സ് രാജ് ആവുമെന്ന് ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി ജേക്കബ് തോമസ് പറഞ്ഞു. ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരത്ത് നിന്ന് താന്‍ ഏറെ അകലെയാണെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്.
സര്‍ക്കാര്‍ ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം രൂക്ഷമായ പ്രതികരണവുമായി മുന്‍ വിജലന്‍സ് ഡയറക്ടര്‍ രംഗത്തെത്തുന്നത് ആദ്യമായിട്ടാണ്. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കാണ് വിജിലന്‍സ് ഡയറക്ടറുടെ താല്കാലിക ചുമതല നല്‍കിയിരിക്കുന്നത്.