ജേക്കബ് തോമസിനെ കുടുക്കാന്‍ ധനകാര്യവകുപ്പിന്റെ പരിശോധനയോ…? പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപോരില്‍ പ്രതിരോധത്തിലാകുന്നത് മുഖ്യമന്ത്രിയെ. ഇപ്പോള്‍ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തിയതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടിയിലെ പോര് പുറത്താകുന്നത്.

ധനകാര്യ വിഭാഗം തനിക്കെതിരെ നടത്തിയ പരിശോധനകള്‍ക്കെതിരെയയാണ് ജേക്കബ് തോമസ് പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഇത് സംബന്ധിച്ച് കത്ത് നല്‍കി താന്‍ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകള്‍ ധനകാര്യ വിഭാഗം പരിശോധിക്കുന്നു. ധനകാര്യ വിഭാഗം തനിക്കെതിരെ ശത്രുതയോടെ പെരുമാറുകയും അന്വേഷണം നടത്തുകയും ചെയ്യുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്ന് നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരുന്നു. തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധനകാര്യ വകുപ്പ് സെക്രട്ടറിയായ കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് അന്വേഷണം സംബന്ധിച്ച ഫയലുകള്‍ കൈമാറിയെന്നും അറിയുന്നു. ഈ റിപ്പോര്‍ട്ട് ജേക്കബ് തോമസിനെതിരെയാണ് എന്നാണറിയുന്നത്. പിന്നാലെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതും. തുറമുഖ ഓഫിസുകളില്‍ പ്രവര്‍ത്തിക്കാത്ത സോളാര്‍ പാനല്‍ സ്ഥാപിച്ച് സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി എന്നിങ്ങനെയുള്ള ക്രമക്കേടുകളെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറും ധനവകുപ്പ് സെക്രട്ടറിയും തമ്മില്‍ ശീതസമരം നിലനിന്നിരുന്നു. എന്നാല്‍, കെ എം എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സ് നല്‍കിയതും. കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ തെളിവു കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. വിജിലന്‍സ് സ്പെഷ്യല്‍സെല്‍ എസ്പി രാജേന്ദ്രനാണ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം സമര്‍പ്പിക്കാന്‍ ജനുവരി 13 വരെ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്.

മുംബയിലെ കോഹിന്നൂര്‍ ഫേസ്3 അപ്പാര്‍ട്ട്മെന്റില്‍ 1.10 കോടി വിലവരുന്ന ആഡംബര ഫ്ലാറ്റിന് വായ്പ തിരിച്ചടവിനത്തില്‍ പ്രതിമാസം 84,000 രൂപയും തിരുവനന്തപുരം തൈക്കാട്ടെ മില്ലേനിയം അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റിന് നല്ലൊരു തുകയും വായ്പ തിരിച്ചടവുണ്ട്. ഇത്രയും ഭീമമായ വായ്പ തിരിച്ചടവിന് ശേഷം പ്രതിദിന ചെലവിന് തുക അവശേഷിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. സിവില്‍ സര്‍വീസിലെ പെരുമാറ്റച്ചട്ടപ്രകാരം ആശ്രിതരുടെ 15,000 രൂപയില്‍ കൂടുതലുള്ള ആസ്തിവിവരം ചീഫ് സെക്രട്ടറിക്ക് വര്‍ഷം തോറും നല്‍കണമെന്നാണ് നിയമം.

അത് നിലനില്‍ക്കെ കെ.എം. എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തിവിവരം 33 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിക്ക് നല്‍കിയില്ലെന്ന വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടിയും ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് എബ്രഹാമിന് അനുകൂലമായി വിജിലന്‍സ് എസ്പി റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ വിജിലന്‍സില്‍ നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് ജേക്കബ് തോമസ് തനിക്കെതിരെ ധനകാര്യ വകുപ്പ് നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ കത്തു നല്‍കിയിരിക്കുന്നത്.

Top