![](https://dailyindianherald.com/wp-content/uploads/2016/03/SABU-1.png)
തൃശൂര്‍: കലാഭവന്‍ മണിയുമായി ഏറ്റവും അവസാനം മദ്യപിച്ച ജാഫര്‍ ഇടുക്കിയും തിരികിട സാബുവും ആദ്യ മൊഴികളില്‍ കള്ളം പറഞ്ഞത് പോലീസിനെ വലയ്ക്കുന്നു. സാബുവിനെതിരെ നടന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണവും പോലീസ് പരിശോധിക്കുകയാണ്. രണ്ടു പേരും ആദ്യം പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നു. പാഡിയിലെത്തി രണ്ടു പേരും മദ്യപിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ ബാക്കിയെല്ലാവരും ഇവര്‍ മദ്യപിക്കുന്നത് കാണുകയും ചെയ്തു. മണി മരിച്ച ദിവസം ജാഫര്‍ പറഞ്ഞത് ബിയര്‍ കുടിച്ചെന്ന്. ഇന്നലെ മാറ്റി പറഞ്ഞു. തരികിട സാബു ആദ്യം കുടിച്ചില്ലെന്ന് പറഞ്ഞു. എന്നാല്‍ അടിച്ചു ലക്കുകെട്ട സാബുവിനെ മണിയുടെ ഡ്രൈവര്‍ കൊച്ചിയില്‍ കാറില്‍ കൊണ്ടു ചെന്നാക്കിയെന്ന് പിന്നീട് എല്ലാവരും പറഞ്ഞു. ഇതോടെ സാബു നിലപാട് മാറ്റി. മദ്യപിച്ചില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെ സര്‍വ്വത്ര ആശക്കുഴപ്പം. ഇതില്‍ ഉപരി മറ്റ് ചില സംശയങ്ങളും പൊലീസിനുണ്ട്. അപരിചിതര്‍ ജാഫര്‍ ഇടുക്കിക്കൊപ്പം അവിടെ എത്തിയിരുന്നു. ഇവരേയും ചോദ്യം ചെയ്യും.
സംഭവം നടക്കുന്നതിന് മുമ്പ് നാലുദിവസം ജാഫര്‍ ഇടുക്കി ചാലക്കുടിയിലെ ഒരു ലോഡ്ജില്‍ തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ആദ്യം കസ്റ്റഡിയില്‍ എടുത്തപ്പോള്‍ താന്‍ അന്നു മാത്രമാണ് എത്തിയതെന്നും ഉടന്‍ തിരിച്ചുപോയെന്നുമാണ് ജാഫര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിനൊപ്പമാണ് സാബുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും. ഇരുവരും കള്ളം പറഞ്ഞുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അത് എന്തിനാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ ഇന്നലെ ഐ.ജിയും അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്പി: കെ.എസ്. സുദര്‍ശനും പാഡിയില്‍ എത്തി പരിശോധന നടത്തി. ഫൊറന്‍സിക് സര്ജന്മാരും പരിശോധനയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് ഐ.ജിയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധരുമായി ഉന്നതതല യോഗം ചേര്‍ന്നു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും ഇവര്‍ അന്തിമ തീരുമാനത്തില്‍ എത്തുക.
മെഥനോളിന്റെ അംശം മൂന്നു ശതമാനം വരെ ശരീരത്തില്‍ കലരുന്നത് അപകടകരമല്ല. എന്നാല്‍ രക്തസാമ്പിളില്‍ കീടനാശിനിയുടെ അംശം ക്രമാതീതമായ അളവില്‍ കണ്ടെത്തിയിരുന്നു. വ്യാജമദ്യം കഴിച്ചാലും കീടനാശിനി അടങ്ങിയെന്നത് അവിശ്വസനീയവും ദുരൂഹവുമാണ്. വ്യാജമദ്യത്തില്‍ കീടനാശിനി ഉണ്ടാകാനിടയില്ല. ഓര്‍ഗാനോ ഫോസ്ഫേറ്റ് വിഭാഗത്തില്‍പ്പെട്ട ക്ലോറോ പെരിഫോസ് എന്ന കീടനാശിനിക്ക് അസഹനീയ ദുര്‍ഗന്ധമുണ്ടാകും. അതിനാല്‍ ഇത് ബോധപൂര്‍വം കഴിക്കുകയോ അല്ലെങ്കില്‍ ബോധരഹിതനായ ശേഷം ആരെങ്കിലും നല്‍കുകയോ ചെയ്തിരിക്കണം. ആശുപത്രിയിലേക്ക് പോകുന്നതിന് മണി വിസമ്മതിച്ചെന്നും ബോധരഹിതനാക്കിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പാഡിയിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മണിയെ പോലൊരാളെ ബോധരഹിതനാക്കി ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യവും സംശയത്തിന് ഇട നല്കുന്നു.
ചാലക്കുടിയില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് പിറ്റേന്ന് ഷൂട്ടിങ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. ഈ സമയത്താണ് സാബുവും താന്‍ താമസിച്ച ലോഡ്ജില്‍ എതിര്‍വശത്തെ മുറിയെടുത്ത് താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിറ്റേന്ന് രാവിലെ സാബു ഷൂട്ടിങ് സ്ഥലത്തേക്കു പോയി. ചാലക്കുടിയിലെത്തിയാല്‍ മണിയെ വിളിക്കാതെ പോകാന്‍ സമ്മതിക്കാഞ്ഞതിനാല്‍ രാവിലെ തന്നെ മണിയുടെ പിഎ ജോബിയെ വിളിച്ചെങ്കിലും കിട്ടിയില്ല.
പിന്നീട് മണിയെ തന്നെ വിളിച്ചു. വൈകിട്ട് ചാലക്കുടി പുഴയുടെ തീരത്തുള്ള ‘പാഡി’യില്‍ എത്താന്‍ മണി ആവശ്യപ്പെട്ടു. പോയ സമയത്ത് ഈരാറ്റുപേട്ടയില്‍ നിന്നും തന്റെ കാര്‍ വാങ്ങിയ ആളും കൂടെ രണ്ട് പേരും കൂടി പണം തരുന്നതിനായി എത്തിയിരുന്നു. ഇവരും കലാഭവന്‍ മണിയെ കാണണമെന്ന് പറഞ്ഞു ഞങ്ങളോടൊപ്പം വന്നു. മണിയുടെ ഡ്രൈവര്‍ പീറ്റര്‍, മണിയുടെ സുഹൃത്തുക്കളായ അരുണ്‍, ബിബിന്‍, മുരുകന് എന്നിവരും അവിടെയുണ്ടായിരുന്നതായും ജാഫര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.