സ്വന്തം ലേഖകൻ
കൊച്ചി: പത്തനാപുരത്ത് ഇടത് വലത് മുന്നണികളുടെ സ്ഥാനാർഥികളായി ഗണേഷ്‌കുമാറും ജഗദീഷും വരുന്നതിനെച്ചൊല്ലി മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കുള്ളിൽ തർക്കം രൂക്ഷം. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിൽ നിന്നു ജഗദീഷിനെ പിൻതിരിപ്പിക്കാൻ നടത്തിയ നീക്കമാണ് ഇപ്പോൾ വിവാദമാകുന്നത്. എന്നാൽ, മോഹനൻലാൽ ഇടവേള ബാബു എന്നിവരുടെ പിൻതുണയോടെയാണ് ഇപ്പോൾ ജഗദീഷ് സ്ഥാനാർഥിത്വത്തിനു ഒരുങ്ങുന്നത്.
നിലവിലെ പത്തനാപുരം എംഎൽഎയും സിനിമാ താരവുമായ ഗണേഷും, കോൺഗ്രസ് സ്ഥാനാർഥിയായി ജഗദീഷും നേർക്കു നേർ വരുമെന്നു ഉറപ്പായതോടെയാണ് ഇപ്പോൾ തർക്കം രൂക്ഷമായിരിക്കുന്നത്. അമ്മയുടെ പിൻതുണ തേടി ജഗദീഷ് അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ വിളിച്ചിരുന്നു. എന്നാൽ, തന്നെ ജഗദീഷ് പിൻതുണ തേടിയല്ല, മറിച്ച മത്സരിക്കുന്ന കാര്യം പറയുന്നതിനു വേണ്ടി മാത്രമാണ് വിളിച്ചതെന്ന മറുപടിയാണ് ഇന്നസെന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു നൽകിയത്.
ഇടതു സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ഗണേഷിനെതിരെ ജഗദീഷ് മത്സര രംഗത്തിറങ്ങുന്നതിനെ പിൻതിരിപ്പിക്കാൻ മമ്മൂട്ടിയുടെ ഒപ്പം നിൽക്കുന്ന രണ്ടു പേർ ശ്രമിച്ചതാണ് ഇപ്പോൾ വിവാദമായത്. എന്നാൽ, മോഹൻലാലിന്റെയും ഇടവേള ബാബുവിന്റെയും ഒരു വിഭാഗം കോൺഗ്രസ് അനുകൂല സിനിമാ സീരിയൽ താരങ്ങളുടെയും പിൻതുണ ജഗദീഷിനുണ്ട്. തർക്കം രൂക്ഷമായി തുടരുന്നതോടെ അടുത്ത ജനറൽ ബോഡി യോഗം വിഷയം ചർച്ച ചെയ്‌തേക്കും എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
മുൻ സിനിമാ മന്ത്രി കൂടിയായ ഗണേഷിനു അമ്മയിൽ ഇപ്പോഴും ശക്തമായ പിടിയുണ്ടെന്നതിന്റെ തെളിവാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ഗണേഷിനെതിരെ രംഗത്തിറങ്ങാനൊരുങ്ങുന്ന ജഗദീഷിനെ പിൻതിരിപ്പിക്കാൻ നടക്കുന്ന നീക്കങ്ങളെന്നാണ് സൂചന. ഇടതു പിൻതുണയോടെ മത്സരിക്കാനിറങ്ങുന്ന ഗണേഷിനു വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും അടക്കമുള്ളവർ പ്രചാരണത്തിനിറങ്ങാനിരിക്കെയാണ് ഇപ്പോൾ ജഗദീഷ് ഇവിടെ സ്ഥാനാർഥിയാകുന്ന നില വന്നത്. ഇത് അമ്മയെ ശരിക്കും വെട്ടിലാക്കി.