
സ്വന്തം ലേഖകൻ
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് മണ്ടത്തരമായി പോയെന്നു നടൻ ജഗദീഷ്. രാഷ്ട്രീയ പ്രവർത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്മുഖാനനന്ദ ഹാളിൽ നടന്ന പൊതുപരിപാടിയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജഗദീഷ്. രാഷ്ട്രീയ പ്രവർത്തനം ഒരു പാർട്ട് ടൈം ജോലിയായി കാണാനാകില്ല. രാഷ്ട്രീയപ്രവർത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാവണം. 24 മണിക്കൂറും ജനസേവകനായിരിക്കണം. അതുകൊണ്ട് തന്നെ ഇത് തനിക്കു പറ്റിയ പണിയായി കാണുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജഗദീഷ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
എൽ.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച കെ.ബി.ഗണേശ് കുമാറിനായിരുന്നു വിജയം. ജഗദീഷും ഗണേഷ് കുമാറും പ്രധാന മുന്നണികൾക്ക് വേണ്ടി കച്ചകെട്ടിയപ്പോൾ നടൻ ഭീമൻ രഘു ബി.ജെ.പി സ്ഥാനാർഥിയായി. താരമണ്ഡലമായതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലവും പത്തനാപുരമായിരുന്നു.