മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അദ്ദേഹം തിരിച്ചെത്തുന്നത്. ചിത്രത്തില്‍ പക്ഷാഘാതം വന്ന ഒരു കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. ശരത് ചന്ദ്രന്‍ നായരും ശൈലജയും ചേര്‍ന്ന് ചന്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങള്‍. ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് മകള്‍ പാര്‍വതി ഷോണ്‍. വളരെ സന്തോഷമുള്ള ഒരു നിമിഷത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അപകടത്തിന് ശേഷം പപ്പ തിരിച്ചുവരുന്ന ചിത്രമാണിത്.
ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓരോ ദിവസം കഴിയും തോറും പപ്പയ്ക്ക് നല്ല മാറ്റമാണ്. ഇവിടെയുള്ളവര്‍ ആ മാറ്റം കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും അതിന് ദൃക്‌സാക്ഷികളുമാണെന്നും പാര്‍വ്വതി പറഞ്ഞു. അതൊരു വല്യ മാറ്റം തന്നെയാണ്. ചികിത്സയുടെ ഭാഗമായിട്ടാണ് വീണ്ടും അഭിനയിക്കുന്നത്. ഇനിയും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ പപ്പ അഭിനയിക്കും. അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ല. അത് ഞങ്ങള്‍ക്കറിയാം.എട്ട് വര്‍ഷത്തിനുള്ളില്‍ എന്ത് കൊണ്ട് നേരത്തെ പപ്പയെ അഭിനയിപ്പിച്ച് കൂടായിരുന്നോ എന്ന ചോദ്യവും ഞങ്ങള്‍ക്കുമുന്നിലുണ്ടായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. 2012 മാര്‍ച്ച് 10 നാണ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും. ആ കാത്തിരിപ്പിനാണ് കബീറിന്റെ ദിവസങ്ങളിലൂടെ വിരാമമായത്.