രാഷ്ട്രീയ ലേഖകൻ
കോട്ടയം: ഉമ്മൻചാണ്ടിയെ നേരിടാൻ സ്വന്തം നാട്ടിൽ നിന്നു തന്നെ വീണ്ടും ഒരു വിദ്യാർഥി നേതാവിനെ തന്നെ രംഗത്തിറക്കി സിപിഎം പടയ്‌ക്കൊരുങ്ങുന്നു. പുതുപ്പള്ളിക്കാരനും യാക്കോബായ സഭാംഗവുമായ ജെയ്കിനെ രംഗത്തിറക്കുന്നതിലൂടെ ഓർത്തഡോക്‌സ് യാക്കോബായ ഭിന്നത മുതലാക്കുന്നതിനൊപ്പം യുവ വോട്ടുകളെയും സിപിഎം ലക്ഷ്യം വയ്ക്കുന്നു. വൈദിക വിദ്യാഭ്യാസ രംഗത്തേയ്ക്കു വീട്ടുകാർ കൈപിടിച്ചു നടത്താൻ നിശ്ചയിച്ചിരുന്ന ജെയ്ക് ബിരുദ പഠന കാലത്താണ് എസ്എഫ്‌ഐ രാഷ്ട്രീയത്തിൽ ആകർഷ്ടനായി രംഗത്തിറങ്ങിയത്.
2006 ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്കെതിരെ സിപിഎം രംഗത്തിറക്കിയത് അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു ജോയിയെയായിരുന്നു. ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും അന്ന് സിദ്ധുവിനു ഉമ്മൻചാണ്ടിയ്ക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഇറക്കുമതി സ്ഥാനാർഥികളെയാണ് സിപിഎം ഉമ്മൻചാണ്ടിക്കെതിരെ പരീക്ഷിച്ചത്. 2001 ൽ ചെറിയാൻ ഫിലിപ്പും, 2006ൽ സിന്ധു ജോയിയും 2011 ൽ സുജ സൂസൻ ജോർജുമായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ സിപിഎം രംഗത്തിറക്കിയത്. മൂന്നു തവണയും ഇറക്കുമതി സ്ഥാനാർഥികളെ പരീക്ഷിച്ചതിനെതിരെ സിപിഎം അണികളിൽ നിന്നു കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ഇതേ തുടർന്നാണ് സിപിഎം ഇത്തവണ പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെട്ട മണർകാട് സ്വദേശിയായ എസ്എഫ്‌ഐ നേതാവിനെ സിപിഎം ഇവിടെ സ്ഥാനാർഥിയാക്കിയത്.
സിഎംഎസ് കോളജ് സമരത്തിലൂടെയാണ് ജെയ്ക് സി.തോമസ് സംസ്ഥാന തലത്തിലേയ്ക്കു ശ്രദ്ധിക്കപ്പെടുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക് സി.തോമസിനു വേണ്ടി എസ്എഫ്‌ഐ സിഎംഎസ് കോളജിൽ നൂറു ദിവസം നീണ്ടു നിന്ന സമരം നടത്തിയിരുന്നു. വിദ്യാർഥി സമരത്തെ തുടർന്നു കോളജിൽ നിന്നു പുറത്താക്കിയ ജെയ്കിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐയുടെ സമരം.
ഇതേ തുടർന്നു മാസങ്ങളോളം കോളജ് അടച്ചിടേണ്ടിയും വന്നിരുന്നു.
വൈദിക പഠനത്തിന്റെ പാതയിലേയ്ക്കു ജെയ്കിനെ കൈപിടിച്ചു നടത്തുന്നതിനായിരുന്നു കുടുംബത്തിനു താല്പര്യം. എന്നാൽ, ബിരുദ വിദ്യാഭ്യാസ കടന്നതോടെ ജെയ്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുകയായിരുന്നു. മണർകാട് ചിറയിൽ പരേതനായ എം.ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനായ ജെയ്ക് സി.തോമസ് എംഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർഥിയാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജെയ്ക് ഒരു മാസം മുൻപാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മണർകാട് പള്ളി ഇടവകാംഗമായ ജെയ്ക് യാക്കോബായ സഭാംഗമാണ്. പുതുപ്പള്ളിയിൽ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ഇറക്കുമതി സ്ഥാനാർഥികളെ കൊണ്ടു വരുന്നതിനെതിരെ പ്രദേശത്തെ സിപിഎം നേതൃത്വത്തിൽ നിന്നും കടുത്ത എതിർപ്പു നേരിടേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് മണർകാട് സ്വദേശിയും വിദ്യാർഥി നേതാവുമായ ജെയ്കിനെ തന്നെ സിപിഎം സ്ഥാനാർഥിയാക്കിയത്.