വി എം സുധീരനെ കെ പി സി സിയുടെ അധീനതയിലുള്ള മാധ്യമ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കാന്‍ എ ഐ ഗ്രൂപ്പ് ധാരണ. പുറത്താക്കലില്‍ ആദ്യ വിജയം നേടിയ ജയ്ഹിന്ദ് ടി വി ക്ക് പിന്നാലെ വീക്ഷണം ദിനപത്രം, പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍സ്, സാംസ്‌കാരിക സാഹിതി തുടങ്ങിയ ഇടങ്ങളില്‍ നിന്നും സുധീരനെ തെറിപ്പിക്കും. ജയ്ഹിന്ദ് ചാനല്‍ തലപ്പത്തു നിന്നും തെറിപ്പിച്ചത് ബന്നിബഹനാന്റേയും ശൂരനാട് രാജശേഖരന്റേയും നാടകീയ അണിയറ നീക്കങ്ങളാണ്.
നിര്‍ണായകമായത് 22 – 12 – 16 വ്യാഴാഴചത്തെ ഉമ്മന്‍ചാണ്ടി – രമേശ് ചെന്നിത്തല ടെലിഫോണ്‍ സംഭാഷണം. ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയുമായി സംസാരിച്ചത് ജയ്ഹിന്ദ് ചാനല്‍ എം ഡി എംഎം ഹസനുവേണ്ടി. എ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ജയ്ഹിന്ദിന്റെ കാര്യത്തില്‍ സഹായിച്ചാല്‍ ഐ ഗ്രൂപ്പ് നിയന്ത്രിക്കുന്ന വീക്ഷണം ദിനപത്രത്തില്‍ ഇടപെടാനുള്ള സുധീരന്റെ ശ്രമങ്ങളെ തോല്‍പ്പിക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പ് നല്‍കി. സമാന സ്ഥിതിയില്‍ മറ്റിടങ്ങളിലും. ഈ ഉറപ്പ് വരും നാളുകളില്‍ ഫലവത്താക്കാന്‍ ശ്രമമുണ്ടാകുമ്പോള്‍ ജയ്ഹിന്ദില്‍ അവിചാരിതമായി നേരിട്ട തിരിച്ചടിക്ക് സുധീരന്‍ എങ്ങനെ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
ജയ്ഹിന്ദില്‍ സുധീരനെതിരായുള്ള തന്ത്രങ്ങള്‍ക്ക് അവസാനരൂപം നല്‍കിയത് 22 – 12 – 16 വ്യാഴാഴ്ച അര്‍ദ്ധരാത്രി. 23 – 12 – 16 ശനിയാഴ്ച, ജയ്ഹിന്ദ് ടി വി യുടെ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍. യോഗത്തിനെത്തിയ ഡയറക്ടര്‍യാര്‍ താമസിച്ചിരുന്നതും മാസ്‌കറ്റ് ഹോട്ടലില്‍. തൊട്ട് തലേ ദിവസം രാത്രി വൈകി മാസ്‌കറ്റ് ഹോട്ടലില്‍ രഹസ്യയോഗവും ശേഷം വിരുന്നും. പങ്കെടുത്തത് എന്‍ആര്‍ഐ ആയ ഡയറക്ടര്‍മാരും തമ്പാനൂര്‍ രവി, എം എം ഹസന്‍, ബന്നി ബഹനാന്‍, എന്നീ രാഷ്ട്രീയക്കാരും ചാനല്‍ തലപ്പത്തെ രണ്ട് മാധ്യമ പ്രവര്‍ത്തകരും. പാതിരാവോളം നീണ്ട സത്കാരത്തില്‍ ചാനല്‍ എന്ത് വിലകൊടുത്തും ശുദ്ധീകരിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്ത വി എം സുധീരന്റെ നീക്കങ്ങള്‍ക്ക് മറുതന്ത്രം ഒരുങ്ങി. സുധീരന്റെ വൈകല്യമായ അമിത ആദര്‍ശവത്കരണത്തെ മുതലെടുക്കുന്ന തരത്തിലായിരുന്നു തന്ത്രങ്ങള്‍. എല്ലാറ്റിനും ആദ്യാവസാനം ആശയവും ആവേശവുമായത് ബന്നി ബഹനാന്‍. സുധീരനുമായി അതുവരെ വളരെ നല്ല അടുപ്പം പുലര്‍ത്തിയിരുന്ന ശുദ്ധീകരണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്ന പ്രമുഖരായ നാല് ഡയറക്ടര്‍മാരെ തങ്ങളുടെ പക്ഷത്തെത്തിക്കാന്‍ സത്കാരത്തിലൂടെ എ ഗ്രൂപ്പിനായി.
സത്കാരത്തിന്റേയും രഹസ്യ യോഗത്തിന്റേയൂം സൂചനകള്‍ അറിഞ്ഞ് തന്നെയാണ് സൂധീരന്‍ ശനിയാഴ്ചത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനെത്തിയത്. സുധീരന്‍ എത്തി ഔപചാരിക നടപടികള്‍ കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ നാലുപേരില്‍ രണ്ട് ഡയറക്ടര്‍മാരെ പേഴസണല്‍ സെക്രട്ടറിമാരുടെ കുറിപ്പിനെ തുടര്‍ന്ന് അവരവരുടെ മുറിയിലെത്തിച്ചു. ചാനല്‍ സി ഇ ഒ യുടെ ഔപചാരിക പ്രസംഗം പതിവില്‍ നിന്ന് വ്യത്യസ്തമായി നീണ്ടു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാത്തതടക്കം ചാനല്‍ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു വിഷയം. സി ഇ ഒ യുടെ വിഷമം പരിഹരിക്കാന്‍ വലിയതോതില്‍ നിക്ഷേപത്തിന് തയ്യാറെന്ന് മൂന്ന് എന്‍ ആര്‍ ഐ മാരായ ഡയറക്ടര്‍മാര്‍.
ഇവരുടെ സാമ്പത്തിക സ്രോതസും ഇടപാടും സുധീരന് ഒരുകാലത്തും അംഗീകരിക്കാനാകാത്തത്.അവര്‍ക്ക് പിന്തുണയുമായി മറ്റ് ഡയറക്ടര്‍മാര്‍. നിക്ഷേപം നേരായ മാര്‍ഗ്ഗത്തില്‍ മാത്രം മതിയെന്ന് കര്‍ക്കശ സ്വരത്തില്‍ സുധീരന്‍. ചാനല്‍ നിലച്ചാല്‍ ഇതുവരെയുള്ള നിക്ഷേപം വെള്ളത്തിലാകുമെന്ന് എല്ലാ നിക്ഷേപകരും. അവശേഷിച്ച സുധീര അനുകൂലികളായ ഡയറക്ടര്‍മാര്‍ നേരത്തേ നല്‍കിയ ഉറപ്പില്‍ നിന്നും വ്യത്യസ്തമായി മൗനത്തിലുമായി. ഫലത്തില്‍ ചാനലിലെ ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ അന്വേഷണമടക്കമുള്ള ശക്തമായ നടിപടി സ്വീകരിക്കാനെത്തിയ സുധീരന്‍ പണം കണ്ടത്തെലിന്റെ ചര്‍ച്ചാ തത്വശാസ്ത്രത്തില്‍ വട്ടം കറങ്ങി. ചര്‍ച്ചയുടെ ഒഴുക്ക് മനസിലാക്കിയ സുധീരന്‍ ഫയല്‍ മടക്കി പേന പോക്കറ്റില്‍ തിരുകി എഴുന്നേറ്റു. ഡോ മാത്യു കുഴല്‍നാടനെ അധ്യക്ഷനാക്കിയുള്ള ജയ്ഹിന്ദ് നിരീക്ഷണ സമിതി സുധീരന്റെ കറുത്ത നിറമുള്ള ഫയലില്‍ വീര്‍പ്പുമുട്ടി. അങ്ങനെ ഡോ മാത്യുകുഴല്‍നാടന്‍ ജയ്ഹിന്ദിന്റെ സി ഒ ഒ പദവിയിലെത്തിയുമില്ല. ചുരുക്കത്തില്‍ ചെന്നിത്തല ഹസന്‍ കൂട്ട്‌കെട്ട് പുനസ്ഥാപിക്കപ്പെട്ടു. മാസ്‌കറ്റ് ഹോട്ടല്‍ വിടുമ്പോള്‍ സുധീരന്റെ മുഖം വളരയേറെ വരിഞ്ഞുമുറുകിയിരുന്നു. യാത്രയാക്കാന്‍ കൂടെ പോര്‍ട്ടിക്കോയിലെത്തിയ ജയ്ഹിന്ദ് സി ഇ ഒ യ്ക്ക് മുഖം കാണാന്‍ പോലും സുധീരന്‍ അവസരമുണ്ടാക്കിയില്ല. സുധീരന്‍ ഇറങ്ങിപോയതോടെ ബോര്‍ഡ് യോഗം സൊറപറച്ചിലും മറ്റുമായി തുര്‍ന്ന് അവസാനിച്ചു.
എസ് വി പ്രദീപ്, ന്യൂസ് എഡിറ്റര്‍, മംഗളം ടെലിവിഷന്‍.