![](https://dailyindianherald.com/wp-content/uploads/2019/02/vks-.png)
പാലക്കാട്: പാലക്കാട് മണ്ഡലം പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കം ചെന്നെത്തുന്നത് കോണ്‍ഗ്രസിന്റെ ജനകീയ മുഖമായ വി കെ ശ്രകണ്ഠനിലേക്കെന്ന് സൂചന. ഇടതുപക്ഷത്തിന്റെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ പറ്റിയ സ്ഥാനാര്ത്ഥിയായിരിക്കണം ഇത്തവണത്തേതെന്ന തീരുമാനത്തിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും.
പാലക്കാട് മണ്ഡലത്തില്‍ പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഡിസിസി സെക്രട്ടറി വി കെ ശ്രീകണ്ഠനാണ് മുന്‍ഗണന. സുമേഷ് അച്യുതന്, വി.എസ്. വിജയരാഘവന് എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായവി.കെ. ശ്രീകണ്ഠനെയാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്തുണയ്ക്കുന്നത്. സിപിഎം കുത്തക പുലര്‍ത്തുന്ന ആലത്തുര് പാലക്കാട് മണ്ഡലങ്ങളില്‍ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ ജയ് ഹോ പദയാത്ര വന്‍ ചലനമാണ് സൃഷ്ടിച്ചത്. ഈ സാഹചര്യം മുതലാക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും തീരുമാനം. മികച്ച സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ പാലക്കാട് കോണ്‍ഗ്രസിന് പിടിച്ചെടുക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നു.
സതീശന് പാച്ചേനി മത്സരിച്ചപ്പോള്‍ ഏതാണ്ട് ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ വളരെ പ്രബലനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് നല്ല പോരാട്ടം കാഴ്ചവെയ്ക്കാനാവുമെന്ന് അഡ്വ. ജയശങ്കര്‍ പറയുന്നു.
1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77ലാണ് ആ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. അതിന് ശേഷം വി.എസ്.വിജയരാഘവന് മത്സരിച്ച് ജയിച്ചു. ഒരു തവണ എ. വിജയരാഘവന് ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു.
പിന്നെ കൃഷ്ണദാസാണ് ആ മണ്ഡലം തിരിച്ചുകൊണ്ടുവരുന്നത്. കൃഷ്ണദാസ് വിജയിച്ചതിനുശേഷം പിന്നെ ഇതുവരെ ഇവിടെ സി.പി.എമ്മേ വിജയിച്ചിട്ടുള്ളൂ. കൃഷ്ണദാസ് മൂന്ന് തവണ ജയിച്ചു. അതിന് ശേഷം രാജേഷ് രണ്ട് തവണയും. ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
അതേസമയം വി കെ ശ്രീകണ്ഠന് നയിക്കുന്ന ജയ് ഹോ യാത്രയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. പ്രദേശിക തലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കാനും ഇടതുമുന്നണിക്കെതിരായ ജനവികാരം സൃഷ്ടിക്കാനും ജാഥയ്ക്ക് കഴിയുന്നുണ്ട്.
ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും 25 ദിവസങ്ങളിലായി 361 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. 42 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്‍പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയിട്ടുള്ളത്.