ബാംഗ്ലൂര്‍: സംസ്ഥാനത്തെ ജയിലില്‍ നിന്നു പരോളിലിറങ്ങി മുങ്ങിയത് 62 കോടും കുറ്റവാളികള്‍. കൃത്യമായ പരിശോധനകള്‍ നടത്തി പരോള്‍ അനുവദിച്ച പ്രതികള്‍ പൊലീസിന്റെയും ജയില്‍ അധികൃതരുടെയും കണ്ണുവെട്ടിച്ചു മുങ്ങിയതില്‍ ആശങ്കയോടെ ബാംഗ്ലൂര്‍ നഗരം. കര്‍ണ്ണാടക നഗരത്തിലെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോള്‍ ലഭിച്ച 62 തടവുകാരാണ് പരോള്‍ കാലാവധി കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ജയിലിലേയ്ക്കു മടങ്ങിയെത്താത്തത്. പ്രതികളില്‍ ഒരാള്‍ കൊച്ചു കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആളാണെന്നാണ് സൂചനകള്‍.
ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ടവര്‍ വരെ പരോള്‍ ലഭിച്ചു മുങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നത് ബാംഗ്ലൂര്‍ നഗരത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 62 കൊടുംകുറ്റവാളികള്‍ പൊലീസ് പിടിയില്‍ നിന്നു പുറത്തു വന്നതിനെ ആശങ്കയോടെയാണ് നഗരം കാണുന്നത്. സംസ്ഥാനത്തെ ജയിലില്‍ നിന്നു പരോളിലിറങ്ങി മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 62 പേരില്‍ 30 പേര്‍ സംസ്ഥാനം വിട്ടു കഴിഞ്ഞതായാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന പ്രാഥമിക വിവരം.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ബാംഗ്ലൂര്‍ ജയിലില്‍ കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയിലാണ് ജയിലില്‍ നിന്നു പുറത്തു പോയ കുറ്റവാളികളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ കണ്ടെത്തിയത്. 2008 ല്‍ പുറത്തു പോയ ചില പ്രതികള്‍ ഇപ്പോഴും തിരികെ എത്തിയിട്ടില്ലെന്നും, ഇതു സംബന്ധിച്ചു ജയില്‍ അധികൃതര്‍ മതിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്.
പരോളില്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുന്ന പ്രതികളുടെ റജിസ്റ്റര്‍ അടക്കം ജയില്‍ അധികൃതര്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടങ്ങളൊന്നും പലപ്പോഴും പാലിക്കപെടാറില്ലെന്നും കണ്ടെത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പരോളില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.