കുഞ്ഞിനെയും വേണ്ട സ്വത്തും വേണ്ട; ജൈന ദമ്പതികള്‍ക്ക് സന്യാസം മതി; പിന്നിലെ രഹസ്യം?

മൂന്നുവയസ്സുകാരിയായ മകളെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ദമ്പതികള്‍. മധ്യപ്രദേശിലെ നിമൂച്ചിലെ ജൈന കുടുംബത്തില്‍ നിന്നുള്ള സുമിത് റാത്തോഡ് – അനാമിക ദമ്പതികളാണ് സന്യാസം സ്വീകരിക്കാനരുങ്ങുന്നത്. സൂറത്തില്‍ സെപ്തംബര്‍ 23 ന് ശുഭമാര്‍ഗ്ഗി ആചാര്യ രാം ലാല്‍ മഹരാജിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങിലാണ് ഇരുവരും സന്യാസം സ്വീകരിക്കുന്നത്. നാല് വര്‍ഷം മുമ്പാണ് ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്ന മൈനിംഗ് കമ്പനിയില്‍ എന്‍ജിനീറായിരുന്ന അനാമികയെ സുമിത് വിവാഹം കഴിക്കുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പാണ് ഇരുവരും ഭൗതിക ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നതായി ബന്ധുക്കളെ അറിയിച്ചത്. ദീക്ഷ സ്വീകരിക്കുന്നതിന് മുന്നോട്ടിയായിട്ടുള്ള മൗന പ്രാര്‍ത്ഥനകളിലാണ് ഇരുവരും. നൂറ് കോടിയോളം വരുന്ന സ്വത്തുക്കളുടെ ഉടമയാണ് സുമിത്. നേരത്തെയും ഭൗതിക ജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക് തിരിയാന്‍ ഇവര്‍ തീരുമാനിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തുന്നുണ്ട്. സുമിത്- അനാമിക ദമ്പതികളുടെ മൂന്ന് വയസ്സ് പ്രായമുള്ള ഇഭ്യയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് അനാമികയുടെ പിതാവ് അശോക് ഛന്ദാലിയ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവ് കൂടിയാണ് ഛന്ദാലിയ. ലണ്ടനില്‍ നിന്ന് ഇംപോര്‍ട്ട്- എക്സ്പോര്‍ട്ട് മാനേജ്മെന്‍റില്‍ ഡിപ്ലോമ നേടിയ സുമിത് നേരത്തെ ലണ്ടനില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. നിലവില്‍ നിമൂച്ചിലെ കുടുംബ ബിസിനസ് നോക്കി നടത്തിവരികയായിരുന്നു. മൈനിംഗ് കമ്പനിയിലെ എന്‍ജിനീയറിംഗായിരുന്നു അനാമിക. നേരത്തെ മകള്‍ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ തന്നെ ഇരുവരും സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗസ്റ്റ് മാസത്തില്‍ സൂറത്തില്‍ വെച്ച് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് ആചാര്യ ലാലിനോട് വെളിപ്പെടുത്തിയതായും ഭാര്യയുടെ അനുമതി വാങ്ങാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും തുടര്‍ന്നാണ് ഇരുവരും സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ദീക്ഷ സ്വീകരിക്കുന്ന ചടങ്ങളില്‍ വച്ച് മുടി മുണ്ഡം ചെയ്ത് വെള്ള വസ്ത്രങ്ങള്‍ ധരിക്കും. അതിന് പുറമേ വെള്ളത്തുണി കൊണ്ട് വായ് മൂടിക്കെട്ടുകയും ചെയ്യും. മൂന്നുവയസ്സുകാരിയായ മകളെ ഉപേക്ഷിച്ച രക്ഷിതാക്കളുടെ നടപടി കുട്ടികളുടെ അവകാശത്തിന് എതിരാണെന്നും കുട്ടിയുടെ ഉത്തരവാദിത്തത്വത്തില്‍ നിന്ന് അവര്‍ ഒളിച്ചോടുകയാ​​ണെന്നും ചൈല്‍ഡ‍് പ്രൊട്ടക്ഷന്‍ ഓഫീസര്‍ രാഘവേന്ദ്ര ശര്‍മ വ്യക്തമാക്കി. അതിനാല്‍ അവരെ പിന്തിരിപ്പിക്കണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ ഇടപെടാന്‍ മധ്യപ്രദേശ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷനോട് ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്.

Top