100 കോടി രൂപയുടെ സ്വത്തുക്കളും മൂന്നുവയസുകാരിയായ മകളെയും ഉപേക്ഷിച്ച് ജൈന സന്യാസിയായ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും സന്യാസ ജീവിതത്തിലേക്ക് കടന്നു. മധ്യപ്രദേശിലെ അനാമിക റാത്തോഡ് ആണ് സൂറത്തില്‍ നടന്ന ചടങ്ങില്‍ സന്യാസിനിയായത്. ഇവര്‍ ഇനിമുതല്‍ സാധ്വി അനാകാര്‍ എന്ന പേരിലാണ് അറിയപ്പെടുക. ഇവരുടെ ഭര്‍ത്താവ് സുമിത് റാത്തോഡ് കഴിഞ്ഞദിവസം ഇതേ സ്ഥലത്തുവെച്ച് സന്യാസിയായിരുന്നു. എന്നാല്‍, അനാമികയുടെ സന്യാസം വിവാദത്തിലായി. പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് കടക്കുന്നതിനെതിരെ നിയമപ്രശ്‌നം ഉയര്‍ന്നുവന്നതോടെ ഇവരുടെ ചടങ്ങ് നീട്ടിവെക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉപദേശിച്ചിട്ടും ഇവര്‍ തീരുമാനത്തില്‍ നിന്നും പിറകോട്ട് പോയില്ല. തന്റെ മകള്‍ ഒരിക്കലും അനാഥയാകില്ലെന്നാണ് ഇതുസംബന്ധിച്ച് അനാമിക അധികൃതര്‍ക്ക് ഉറപ്പു നല്‍കിയത്. സഹോദരനും സഹോദര ഭാര്യയും മകളെ ദത്തെടുക്കും. പിതാവിന്റെ കുടുംബം സമ്പന്നരാണ്. മകള്‍ക്കുവേണ്ടതെല്ലാം നല്‍കാന്‍ അവര്‍ക്ക് സാധിക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതി തെറ്റാണെന്നും പബ്ലിസിറ്റിക്കുവേണ്ടിയാണതെന്നും അനാമിക വ്യക്തമാക്കി. ഇതിനുശേഷമാണ് അവര്‍ സന്യാസ ജീവിതത്തിലേക്ക് കടന്നത്. മതപരമായ കാര്യത്തില്‍ ഇന്ത്യയിലെ ഒരു നിയമത്തിനും തടയാനാകില്ലെന്ന് നേരത്തെ ജൈന സന്യാസിമാരും പറഞ്ഞിരുന്നു.
100 കോടിയും മകളെയും ഉപേക്ഷിച്ച ഭര്‍ത്താവിന് പിന്നാലെ യുവതിയും സന്യാസിനിയായി
Tags: jain couple india