ന്യൂയോര്‍ക്: ട്വിറ്ററിന്റെ മേധാവിയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സേ കമ്പനിയിലെ തന്റെ ഓഹരിയുടെ മൂന്നിലൊരുഭാഗം ജീവനക്കാരുടെ ഓഹരിവിഹിതത്തിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ജീവനക്കാരിലേക്ക് നേരിട്ട് പുനര്‍നിക്ഷേപിക്കാനാണ് 197 ദശലക്ഷം ഡോളര്‍ വിലയുള്ള ഓഹരി നല്‍കുന്നതെന്ന് ഡേര്‍സേ ട്വീറ്റ് ചെയ്തു. കമ്പനിയുടെ മൊത്തം ഓഹരിയുടെ ഒരു ശതമാനത്തോളം വരുന്ന ഓഹരികളാണിത്. കഴിഞ്ഞ കുറേമാസങ്ങളായുള്ള ട്വിറ്റര്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനും അവര്‍ക്കിടയിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് ഡോഴ്‌സേയുടെ പുതിയ തീരുമാനമെന്ന് കരുതുന്നു. കഴിഞ്ഞ ജൂലൈയില്‍ ഡിക്ക് കോസ്റ്റോളോ വിരമിച്ചപ്പോഴാണ് ഡോഴ്‌സേ ട്വിറ്റര്‍ മേധാവിയായത്.