അമ്മയുടെ അഭാവത്തില്‍ ജാന്‍വി പിറന്നാള്‍ ആഘോഷിച്ചത് വൃദ്ധസദനത്തിലായിരുന്നു. വൃദ്ധസദനത്തില്‍ ആരോരുമില്ലാത്തവര്‍ക്കൊപ്പം പിറന്നാള്‍ദിനം ചെലവഴിക്കുന്നത് ശ്രീദേവി തുടങ്ങിവച്ച ശീലമായിരുന്നു. അമ്മയുടെ അഭാവമുള്ള ആദ്യ പിറന്നാളിന് പകര്‍ന്നുകിട്ടിയ ശീലത്തെ മുറുകെ പിടിച്ച് ജാന്‍വിയെത്തി. തുറന്നുവച്ച കേക്കുകള്‍ക്കുമുമ്പില്‍ സങ്കടത്തോടെയിരിക്കുന്ന ജാന്‍വിയുടെ ചിത്രം ശ്രീദേവിയേയും കുടുംബത്തേയും സ്‌നേഹിക്കുന്നവരുടെ മുമ്പില്‍ നൊമ്പരപ്പാടായി. വൃദ്ധസദത്തിലെ അംഗങ്ങള്‍ ഹാപ്പി ബെര്‍ത്ത് ഡെ പാടിയപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കൈയടിക്കുന്ന വീഡിയോയും വൈറലാണ്. അവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോഴും ജാന്‍വിയുടെ ഹൃദയം സങ്കടലായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. സ്‌നേഹസമ്പന്നയായ അമ്മയെയാണ് ജാന്‍വി കപൂറിന് നഷ്ടമായത്. കഴിഞ്ഞ 21 വര്‍ഷത്തിനിടെ അമ്മയില്ലാതെ ജാന്‍വിയുടെ ആദ്യത്തെ ജന്‍മദിനമാണ് കടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷം ജാന്‍വിയുടെ ജന്‍മദിനത്തില്‍ ശ്രീദേവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാന്‍വിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് എന്റെ മാലാഖയ്ക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കഴിഞ്ഞ ജന്‍മദിനത്തില്‍ ശ്രീദേവി കുറിച്ചത്. ജാന്‍വിയെ പോലെ തന്നെ ശ്രീദേവിയെ സ്‌നേഹിക്കുന്ന ഓരോരുത്തരെയും വല്ലാതെ പൊളളിക്കുന്നുണ്ട് ആ തലവാചകവും പഴയ ചിത്രങ്ങളും. ജാന്‍വിയുടെ അടുത്ത ബന്ധുവും പ്രിയ സുഹൃത്തുമായ സോനം കപൂറാണ് ജാന്‍വിക്ക് ആദ്യം ആശംസകളുമായി എത്തിയത്. ഞാന്‍ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും കരുത്തയായ പെണ്‍കുട്ടിയെന്നാണ് സോനം കപൂര്‍ ജാന്‍വിയെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ ശ്രീദേവിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയുടെ ആശംസകളും എത്തി.
https://youtu.be/hsBxa2EFZak