റാഞ്ചി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രോഗ്രാമിങ്ങില്‍ വന്ന പിഴവിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ 14 ലക്ഷത്തോളം പേരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ വിവരങ്ങളെല്ലാം സര്‍ക്കാര്‍ വക സൈറ്റില്‍ വന്നു. ഗുരുതരമായ പ്രശ്‌നങ്ങള്‍ വ്യക്തിക്ക് ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇത്തരം ചോര്‍ച്ചകള്‍ എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
സംസ്ഥാനത്ത് വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങുന്ന 14 ലക്ഷം പേരുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് സര്‍ക്കാര്‍ സൈറ്റിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടത്.
16 ലക്ഷം പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 14 ലക്ഷം പേരും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക വരവുവെക്കുന്നതിനായി തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്നു.
അത്രയും പേരുടെ പേര് വിവരങ്ങളാണ് ഒറ്റയടിക്ക് പുറത്തായത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതിയും പ്രതിപക്ഷ കക്ഷികളും നിലപാടെടുത്തിരിക്കെയാണ് ഈ സംഭവം.
സര്‍ക്കാര്‍ സൈറ്റില്‍ നിന്ന് അനധികൃതമായ വിവരങ്ങള്‍ ചോര്‍ത്തിയതായ എട്ട് പരാതികളാണ് കഴിഞ്ഞ മാസം അധികൃതര്‍ക്ക് ലഭിച്ചത്.