ജാർഖണ്ഡിലെ ബീഫ് കൊലപാതകം: ബിജെപി നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

റാഞ്ചി: പശുവിന്റെ പേരിൽ രാജ്യത്തുണ്ടാകുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ബിജെപിയ്ക്കും ആർഎസ്എസിനും ബന്ധമില്ലെന്നു ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെ ജാർഖണ്ഡിൽ ബീഫ് കൈവശം വച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി നേതാവ് പൊലീസ് പിടിയിലായി.
ജാർഖണ്ഡിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം വ്യാപാരിയെ ആക്രമിച്ചുകൊലപ്പെടുത്തിയ കേസിലാണ് ബി.ജെ.പി നേതാവ് നിത്യാനന്ദ് മഹ്തോയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ചോട്ടു റാണ എന്നയാൾ കഴിഞ്ഞ ദിവസം കോടതി മുൻപാകെ ഹാജരായിരുന്നു. ഇയാളുടെ നേതൃത്വത്തിലായിരുന്നു ഒരു കൂട്ടം ആളുകൾ കഴിഞ്ഞ ദിവസം അലിമുദ്ദീൻ അലിയാസ് അസ്‌കർ അലി എന്ന വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാൾ വലിയ വടി ഉപയോഗിച്ച് 55-കാരനായ വ്യാപാരിയെ തല്ലുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. അലിമുദ്ദീന്റെ കാറിൽ ബീഫുണ്ടെന്ന് പറഞ്ഞ് ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ബസാർന്ത് മാർക്കറ്റിലായിരുന്നു സംഭവം. ഇതിന് പിന്നാലെ തന്നെ ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവുൾപ്പെടെ പൊലീസ് പിടിയിലാകുന്നത്. സംഭവത്തിൽ പതിമൂന്ന് പേർക്കെതിരെ എഫ്.ഐ .ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരച്ചറിഞ്ഞിട്ടുള്ള അഞ്ചോളം പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സ്ഥലം പോലീസ് സൂപ്രണ്ട് കൗശാൽ കിഷോർ പറഞ്ഞു. അതേസമയം തന്നെ ബി.ജെ.പിയുടെ വിദ്യാർഥിസംഘടനയായ എ.ബി.വി.പി പ്രവർത്തകർക്ക് സംഭവത്തിൽ പങ്കുള്ളതിന് വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ബീഫിന്റെ പേരിൽ ജൂൺ മാസത്തിൽ മാത്രം ജാർഖണ്ഡിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. പശുവിന്റെ ജഡം വീട്ടുപരിസരത്ത് കണ്ടുവെന്നാരോപിച്ച് 55 വയസുകാരനായ ക്ഷീര കർഷകനെ 200 ഓളം വരുന്ന ഗോരക്ഷാ പ്രവർത്തകർ അക്രമിച്ച് കൊലപ്പെടുത്തുകയും വീട് തീവെക്കുകയും ചെയ്തിരുന്നു.

Top