
സ്വന്തം ലേഖകൻ
ചെന്നൈ: പോയസ് ഗാർഡനിൽ അധികാരം സ്ഥാപിച്ച ശശികല പാർട്ടിയും സർക്കാരിലും അധികാരകേന്ദ്രമായി മാറുന്നു. പോയസ് ഗാർഡനിൽ ജയലളിതയുടെ മുറി തന്നെ സ്വയം ഉപയോഗിക്കാൻ തിരഞ്ഞെടുത്ത തോഴി ശശികല സ്വയം സൂപ്പർ മുഖ്യമന്ത്രി ചമയുകയുമാണ്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചു വരുത്തി ഒരു മണിക്കൂറോളം ചർച്ച നടത്തിയ ശശികല, മുഖ്യമന്ത്രി പനീർശെൽവത്തെയും മന്ത്രിമാരെയും വിളിച്ചു ചേർത്ത് ഒരു മണിക്കൂറോളം അനൗദ്യോഗിക മന്ത്രിസഭാ യോഗവും ചേർന്നു. ശശികലയുടെ ഭർത്താവിനെയും ഒപ്പം നിർത്തിയായിരുന്നു ഔദ്യോഗിക ചടങ്ങുകളെല്ലാം.
അടുത്ത ആഴ്ച ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ജയലളിതയുടെ തോഴി ശശികലയെ പാർട്ടിയുടെ അധ്യക്ഷയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ജയലളിതയുടെ താല്പര്യപ്രകാരം മറ്റു അധികാര കേന്ദ്രങ്ങൾ പാർട്ടിയിൽ ഉണ്ടാകാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നത് ശശികല തന്നെയായിരുന്നു. ഇതേ തന്ത്രത്തിലൂടെ തന്നെ ശശികല പാർട്ടിക്കുള്ളിൽ തന്റേതായ കോർ ഗ്രൂപ്പും സ്ഥാപിച്ചിരുന്നു എന്നതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജയലളിതയുടെ മരണം സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉയർന്നതോടെ ശശികലയുടെ അധികാര കസേരയിലേയ്ക്കുള്ള അപ്രതീക്ഷിത കയറ്റവും വിവാദമായിട്ടുണ്ട്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും പിന്നിൽ ദുരൂഹതയുണ്ടെന്നും കാട്ടി സിനിമാ താരം ഗൗതമിയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ഇതോടൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മരണത്തിൽ ഉന്നത തല അന്വേഷണം വേണമെന്നും, പാർട്ടിക്കുള്ളിൽ നിന്നു ഗൂഡാലോചന ഉണ്ടായെന്നു സൂചിപ്പിക്കുന്ന രീതിയിൽ പോസ്റ്റർ പ്രചാരണവും തമിഴ്‌നാട്ടിലെമ്പാടും നടക്കുകയും ചെയ്തിട്ടുണ്ട്.