തിരുവനന്തപുരം: ജയ അരിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനു വേണ്ടി ജയ അരി ആന്ധ്രയില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ മന്ത്രി പി.തിലോത്തമനും സംഘവും അവിടെ എത്തിയപ്പോഴാണ് അവിശ്വസനീയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.വളരെ വർഷങ്ങൾക്ക് മുൻപ് ഉത്പാദനം നിര്‍ത്തിയ ജയ അരി എന്ന പേരില്‍ മലയാളികള്‍ കഴിച്ചത് മറ്റൊന്ന്. ജയ അരി എന്ന പേരില്‍ ബൊന്ദലു അരിയുടെ ചോറാണ് നമ്മള്‍ ഇത്രയും നാളും കഴിച്ചിരുന്നത്.ആന്ധ്രായിലെ സാഹചര്യങ്ങൾ മനസിലാക്കിയ മന്ത്രി പി.തിലോത്തമനും ഉപമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തിക്കും സംഘത്തിനും ജയ അരിയെ പറ്റി സംശയം തോന്നുകയും തുടര്‍ന്ന് അവ പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് ജയ അരി അല്ല. ബൊന്ദലുവെന്ന് വിളിക്കുന്ന അരിയാണെന്ന് അറിയാൻ കഴിഞ്ഞത്.
1965നുശേഷം ആന്ധ്രയില്‍ ജയ ഇനം നെല്‍കൃഷി നിര്‍ത്തിയിട്ടും ഇന്നും മലയാളികള്‍ ജയയുടെ ചോറു കഴിക്കുന്നു! സിവില്‍ സപ്ലൈസ് കോര്‍പറേഷനുവേണ്ടി ആന്ധ്രയില്‍ നിന്നു നേരിട്ടു ജയ അരി വാങ്ങാന്‍ മന്ത്രി പി. തിലോത്തമനും സംഘവും അവിടെ എത്തിയ ശേഷമുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.ആന്ധ്രയിലെത്തിയ പി.തിലോത്തമനും സംഘവും ആന്ധ്രാ ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ളവരോടു ജയ അരി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.കേരളീയര്‍ക്കു ജയ ഇഷ്ടമാണ്, മാസം 6000 ടണ്ണെങ്കിലും നേരിട്ടു തരണം. കിഴക്കന്‍ ഗോദാവരിയില്‍ വിളയുന്ന ജയയെക്കുറിച്ചു മന്ത്രിസംഘം ആവേശത്തോടെ സംസാരിച്ചു. കൃഷ്ണമൂര്‍ത്തിക്കും ഉദ്യോഗസ്ഥര്‍ക്കും സംശയം, അവിടെ ജയ കൃഷി ചെയ്യുന്നുണ്ടോ?. സാമ്പിള്‍ അരി അയച്ചുതരാമെന്നു പറഞ്ഞു മന്ത്രിയും ഉദ്യോഗസ്ഥരും മടങ്ങി.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് നമ്മുടെ ജയ അങ്ങോട്ടേക്ക് അയച്ചു. കണ്ടപ്പോള്‍ തന്നെ സംശയം തോന്നിയ ആന്ധ്രയിലെ ഉദ്യോഗസ്ഥര്‍ അതു പരിശോധിക്കാന്‍ കൃഷി ശാസ്ത്രജ്ഞരോടു നിര്‍ദേശിച്ചു. നമ്മുടെ ബൊന്ദലു അല്ലേ ഇതെന്നു ശാസ്ത്രജ്ഞരും. കേരളത്തില്‍നിന്ന് അയച്ചതു ജയയല്ല, ആന്ധ്രയില്‍ ബൊന്ദലുവെന്നു വിളിക്കുന്ന അരിയാണെന്ന് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ ഹനീഷിനെ വിവരം അറിയിച്ചു. ഔദ്യോഗികനാമം പ്രഭാത് (എംടിയു 3626).സത്യം പറഞ്ഞാല്‍ മലയാളികളുടെ ഇഷ്ട അരിയായ ജയയുടെ കൃഷി നിര്‍ത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പക്ഷേ, 1984ല്‍ ആന്ധ്രയിലെ വ്യാപാരികള്‍ കേരള വിപണിയിലേക്കു പ്രവേശിച്ചതു ജയ അരിയുമായി. എണ്‍പതുകളില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ സ്വര്‍ണ മസൂറി, തൗസന്റ് വണ്‍ അരികളായിരുന്നു വിപണിയിലെ കേമന്മാര്‍. തെക്കാകട്ടെ സിഒ, ഐആര്‍8 ഇനങ്ങളും.
തമിഴ്‌നാട്ടില്‍ നിന്നുള്ള അരിവരവു കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളെ അഭയം പ്രാപിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് അരി എത്തിയെങ്കിലും മലയാളി നാവിനു പിടിച്ചില്ല. ഈ സമയത്താണ് ആന്ധ്രയില്‍ നിന്നു ജയയുമായി വ്യാപാരികള്‍ കേരളത്തിലേക്കു വരുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സിഒയും ഐആര്‍ 8ഉം ജയയ്ക്കുമുന്നില്‍ അടിയറവു പറഞ്ഞു. ആദ്യം മടിച്ചുനിന്ന വടക്കന്‍ ജില്ലക്കാരും കഴിഞ്ഞ വര്‍ഷം അരി ലഭ്യത കുറഞ്ഞപ്പോള്‍ ജയയെ വരവേറ്റു. വേവ് അല്‍പം കൂടിയാലും ചോറു മുറിയില്ല. വേവിച്ച് ഒരു ദിവസം കഴിഞ്ഞാലും ചീത്തയാകുകയുമില്ലെന്നതാണ് ജയ അരിയുടെ പ്രത്യേകത. എന്തായാലും സത്യം അറിഞ്ഞെങ്കിലും ജയ ബൊന്ദലു തുടര്‍ന്നും വാങ്ങാനാണ് കേരളാ സര്‍ക്കാരിന്റെ തീരുമാനം.