തിരഞെടുപ്പില്‍ മത്സരിക്കുന്നതോടെയാണ് പല ജനസേവകരുടെയും സ്വത്തുക്കളെ കുറിച്ച് നാട്ടുകാര്‍ വിവരമറിയുന്നത്. അത് കൊണ്ട് തന്നെ ആരും സത്യമായ കണക്കുകള്‍ നല്‍കാറുമില്ല. തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തിനെ കുറിച്ച് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. അപ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്തായിരിക്കും ജയലളിതയുടെ സ്വത്തുകള്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയില്ല……
114 കോടി രൂപയുടെ സ്വത്താണ് തമിഴകത്തിന്റെ അമ്മയ്ക്കുള്ളത്. കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിന് നല്‍കിയ വിവരങ്ങള്‍ കണക്കാക്കുമ്പോള്‍ 3.4 കോടി രൂപയുടെ കുറവുണ്ടെങ്കിലും ഇപ്പോഴത്തെ സ്വത്തുക്കളുടെ വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ സ്വത്തുക്കളില്‍ അഞ്ചിരട്ടി വര്‍ധനയുണ്ടായിട്ടുണ്ട്.
41.63 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 72.09 കോടി രൂപയുടെ ജംഗമവസ്തുക്കളുമാണ് ജയലളിതയ്ക്കുള്ളത്. മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഓഹരികള്‍ക്കും മറ്റും പുറമെയാണിത്. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ്സിനിടെ കര്‍ണാടക പൊലീ്‌സ് പിടിച്ചെടുത്ത 21,000 ഗ്രാം സ്വര്‍ണം കര്‍ണാടക ട്രഷറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.
പത്തുകോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും ജയലളിത വ്യക്തമാക്കിയിട്ടുണ്ട്. 2.04 കോടി രൂപയുടെ ബാധ്യതയുമുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ജയലളിതയുടെ സ്വത്തുക്കള്‍ 51.4 കോടി രൂപയുടേതാണ്.
ഡി.എം.കെ നേതാവ് കരുണാനിധിയും ഒട്ടും പിന്നിലല്ല. 63 കോടി രൂപയുടെ സ്വത്തുക്കള്‍ കലൈഞ്ജര്‍ക്കുമുണ്ട്. 2011ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വര്‍ധന അദ്ദേഹത്തിന്റെ കാര്യത്തിലുമുണ്ട്.