ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം; തമിഴ്‌നാട് മുഴുവന്‍ അതീവ ജാഗ്രത; എങ്ങും പ്രാര്‍ത്ഥനകളും നിലവിളികളും മാത്രം

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഹൃദായാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജയലളിതയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. വാര്‍ത്ത പുറത്തുവന്നതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആശുപത്രിയിലേക്ക് എത്തുകയാണ്.

ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. രാത്രി ഒമ്പതരയോടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയില്‍ തുടരുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്. അതുകെണ്ട് തന്നെ സ്ഥിതി ഗുരുതരമെന്നാണ് സൂചന. എല്ലാ മന്ത്രിമാരും അപ്പോളോ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഗവര്‍ണ്ണറും ആശുപത്രിയിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദ്രോഗവിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിതയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി ഒന്നും വ്യക്തമായി പറയാറില്ലായിരുന്നു. പനി മാത്രമെന്നായിരുന്നു വിശദീകരണങ്ങള്‍. ഈ സാഹചര്യത്തിലാണ് ഹൃദയാഘാതമെന്ന വിവരം പുറത്തു വിടുന്നത്. അതുകൊണ്ട് തന്നെ ജയലളിതയുടെ നില അതീവ ഗുരുതമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം ജയലളിതയുടെ ആരോഗ്യനിലയിലുണ്ടായ അപ്രതീക്ഷിതമാറ്റത്തെ തുടര്‍ന്ന് തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചു. രാത്രി പത്തേ കാലോടെ ഗവര്‍ണര്‍ ചെന്നൈയിലെത്തും. ഇതും അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. ഏത് സാഹചര്യത്തേയും കരുതലോടെ നേരിടാന്‍ പൊലീസിനേയും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്.

ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തമിഴ്നാട് പൊലീസിന്റെ വന്‍സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. ജയലളിത ആരോഗ്യനില വഷളായ വാര്‍ത്തയോട് എഐഡിഎംകെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചെന്നൈ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശം പുറത്തുവന്നതും ജയലളിതയുടെ ആരോഗ്യത്തില്‍ ആശങ്ക സജീവമാക്കുന്നു. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്ന വിശദീകരണമാണ് ഇപ്പോഴും സര്‍ക്കാര്‍ പുറത്തു പറയുന്നത്.

 

Top