ചെന്നൈ :തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയം ഉണ്ടെന്നു മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ മരണത്തെ കുറിച്ച് മാദ്ധ്യമങ്ങള്‍ ധാരാളം സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതുപോലെ സംശയങ്ങള്‍ കോടതിക്കും ഉണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ പെട്ടെന്നുള്ള മരണം സംശയത്തിനിടയാക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാത്തതും സംശയത്തിനിടയാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
കേസ് വിശദമായി പരിഗണിക്കുന്നതിനായി ജനുവരി നാലിലേക്ക് മാറ്റി. ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് എംപിയും എഐഎഡിഎംകെ വിമതയുമായ ശശികല പുഷ്പ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
ജയലളിതയുടെ മരണം സംഭവിച്ച അന്നുമുതല്‍ നിരവധി കഥകള്‍ പുറത്തുവരുന്നുണ്ട്. ഈ കഥകളെ തുടര്‍ന്നായിരുന്നു ശശികല പുഷ്പ കോടതിയെ സമീപിച്ചിരുന്നത്. ഇതിനു പുറമേ നടി ഗൗതമിയും ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചിരുന്നു.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ള 65 ദിവസത്തോളം നടന്ന സംഭവങ്ങളും കാര്യത്തിന്റെ പുരോഗതിയും സംശയം ജനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടി ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചികിത്സ, രോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍, ഇടയ്ക്ക് പെട്ടെന്നു രോഗം മൂര്‍ച്ഛിച്ചത്, ഹൃദയസ്തംഭനം തുടങ്ങി ഓരോ കാര്യങ്ങളും സംശയം ജനിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാം അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ഗൗതമി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ചികിത്സയും രോഗപുരോഗതിയും സംബന്ധിച്ച കാര്യങ്ങള്‍ മൂടിവച്ചതും സംശയമുണ്ടാക്കുന്നുണ്ട്. ചികിത്സയിലിരിക്കെ ജയലളിതയെ കാണാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ആരെയും നേരിട്ട് കാണിച്ചില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ടെന്നും ഗൗതമി പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 22നാണ് കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. പനിയും നിര്‍ജ്ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ അവസ്ഥ പലതവണ മോശമായിരുന്നു. പിന്നീട് അവര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കാണിച്ചതിനു പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് ജീവന്‍ അപഹരിച്ചത്. ചികില്‍സയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.