ചെന്നൈ: അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തിയതിന് പൊലീസ് രജിസ്റ്റര്‍ ചെയ്തത് 45 കേസുകള്‍. രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ജയയുടെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും പൊലീസ് മൂന്നാര്റിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിനും സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തേയും തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചു.
ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന തരത്തിലുള്ള കുറ്റമാണിതെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച് തെറ്റിദ്ധാരണാജനകവും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് നാമക്കല്‍, മധുരൈ ജില്ലകളില്‍ നിന്നായി രണ്ടു പേരെ ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ദേവന്‍കുറിച്ചി സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുമായ സതീഷ് കുമാര്‍, മദസാമി എന്നിവരാണ് അറസ്റ്റിലായത്.സതീഷ്, ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് വ്യക്തിഹത്യ നടത്തുന്ന പോസ്റ്റ് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. അണ്ണാ ഡിഎംകെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സതീഷിനെ അറസ്റ്റു ചെയ്തത്. സ്വന്തമായി വെബ്സൈറ്റുണ്ടായിരുന്ന മദസാമി. ജയയുടെ ആരോഗ്യം സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കുകയായിരുന്നു. ഇരുവരും റിമാന്‍ഡിലാണ്.
മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ മന്ത്രി പനീര്‍സെല്‍വത്തിന് നല്‍കി. മന്ത്രിസഭാ യോഗങ്ങളില്‍ പനീര്‍ സെല്‍വം അധ്യക്ഷത വഹിക്കും. തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ പനീര്‍സെല്‍വത്തിന് നല്‍കിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് ജയലളിത തന്നെ തുടരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
തമിഴ്‌നാട് ധനവകുപ്പ്‌പൊതുമരാമത്ത് മന്ത്രിയാണ് പനീര്‍സെല്‍വം. മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് പനീര്‍സെല്‍വം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലില്‍ പോയപ്പോള്‍ 201415ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി പദം പനീര്‍സെല്‍വം വഹിച്ചിട്ടുണ്ട്.200102ലും അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നു. ബോഡിനായ്ക്കറില്‍ നിന്നുള്ള എം.എല്‍.എയാണ് പനീര്‍സെല്‍വം.സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.